നൊമ്പരമായി അശോക്‌കുമാറിന്റെ ആ ‘കുഞ്ഞുവീട് ’: സ്നേഹം നിറയുന്ന ആ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഇനി അവരില്ല

1. എം.അശോക്‌കുമാർ, മോഹൻദാസ്, 2. മോഹൻദാസിന്റെ മൃതദേഹം മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാപിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സിൻഷ, 3. മരണവിവരമറിഞ്ഞു വിലപിക്കുന്ന ബന്ധുവിനെ ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുന്നു.
SHARE

എലവഞ്ചേരി ∙ 4 മാസം മുൻപ് മകൾ സാൻവികയുടെ പിറന്നാൾ മധുരം നുകർന്ന എലവഞ്ചേരി കുമ്പളക്കോ‌‌ട്ടെ ‘കുഞ്ഞു വീട്’ ഇന്നലെ നൊമ്പരം കടിച്ചമർത്താ‍ൻ ഏറെ പാടുപെട്ടു. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയനിലെ ഹവിൽദാർ എലവഞ്ചേരി എം.അശോക്‌കുമാറും രാജ്യാന്തര കായിക താരവും ഇതേ ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റുമായ എസ്.സിനിയും വലിയ സ്വപ്നങ്ങളുമായാണ് എലവഞ്ചേരി കുമ്പളക്കോട്ടിൽ പുതിയ വീട് ഒരുക്കിയത്. ആ വീടിനൊരു പേരിട്ടു– കുഞ്ഞു വീട്.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ കമൻഡാന്റ് അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിക്കുന്നു

ഈ വീട്ടിലായിരുന്നു മകളുടെ പിറന്നാളാഘോഷം. 2015ൽ സർവീസിൽ കയറിയ അശോക്‌കുമാറിന്റെ ജീവിതത്തിലേക്ക് 2020ലാണു കായികതാരമായ സിനി ജീവിതസഖിയായി എത്തിയത്. നേരിട്ട് ഓഫിസർ തസ്തികയിൽ നിയമനം ലഭിച്ച സിനി ഇപ്പോൾ അസിസ്റ്റന്റ് കമൻഡാന്റ് ആണ്. ജീവിതം സന്തോഷപൂർവം മുന്നോട്ടു പോകുന്നതിനിടെ എത്തിയ ദുരന്തത്തിന്റെ ആഘാതത്തിലാണു നാടും വീടും. അശോക്‌കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മുട്ടിക്കുളങ്ങര ക്യാംപി‍ൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് എലവഞ്ചേരി കുമ്പളക്കോട്ടെ വീട്ടിലെത്തിച്ചു.

സിനിയെ ആശ്വസിപ്പിക്കാനാകാതെ സഹപ്രവർത്തകരടക്കം കണ്ണീരണിഞ്ഞു. കുമ്പളക്കോട്ട് ഒന്നര വർഷം മുൻപു പുതിയ വീട്ടിൽ പാലുകാച്ചൽ ചടങ്ങു നടത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു സ്നേഹ വിരുന്നു നടത്താൻ അശോക്‌കുമാർ- സിനി ദമ്പതികൾക്കു കഴിഞ്ഞിരുന്നില്ല. ആ കുറവ് നികത്തിയാണു മകൾ സാൻവികയുടെ ഒന്നാം പിറന്നാളിന് നാലു മാസം മുൻപ് എല്ലാവരെയും ക്ഷണിച്ചു ച‌ടങ്ങു നടത്തിയത്.

പ്രിയ സഹോദരനെ നഷ്ടപ്പെട്ട തീരാവേദനയിൽ കുടുംബം

ആലത്തൂർ ∙ 8 സഹോദരങ്ങൾ, വേലയ്ക്കും വിഷുവിനും അവർ ഒത്തുകൂടുമ്പോൾ വീട്ടിൽ ഉത്സവമാകും. സ്നേഹം നിറയുന്ന ആ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ഇനി അവനില്ല. ഇതു പറയുമ്പോൾ ജ്യേഷ്ഠനും ജില്ലാ പ‍ഞ്ചാത്ത്സെക്രട്ടറിയുമായ കെ. രാമൻകുട്ടിയുടെ കണ്ണുകൾ നിറ‍ഞ്ഞു. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയൻ ക്യാംപിലെ ഹവിൽദാരായ മോഹൻദാസിന്റെ മരണവാ‍ർത്ത ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. ഏപ്രിലിൽ അത്തിപ്പൊറ്റ വേലയ്ക്കും മോഹൻദാസ് കുടുംബസമേതം വീട്ടിലെത്തിയിരുന്നു.

തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പി‍ൽ മാങ്ങോടന്റെയും തത്തയുടെയും 8 ആൺമക്കളിൽ എഴാമനാണു മോഹൻദാസ്. പട്ടികജാതി വകുപ്പു ജീവനക്കാരനായിരുന്ന മാങ്ങോടന്റെ ആഗ്രഹമായിരുന്നു മക്കളെ ഉദ്യോഗസ്ഥരാക്കണമെന്ന്. അച്ഛന്റെ ആഗ്രഹ പ്രകാരം പഠിപ്പിലും അവർ മികവു കാട്ടി, സർക്കാർ ഉദ്യോഗസ്ഥരായി. 4 പേർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. മൂത്ത സഹോദരൻ മുരുകൻകുട്ടി കല്ലേക്കാട് എആർ ക്യാംപിലെ എസ്ഐ ആണ്. രണ്ടാമത്തെയാൾ കൃഷ്ണൻകുട്ടിയും എആർ ക്യാംപിലെ ജീവനക്കാരനാണ്.

പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി, അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ദേവസ്വം ക്ലർക്ക് നാരായണൻകുട്ടി, തോലന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, വാട്ടർ അതോറിറ്റിയുടെ ചിറ്റൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ മധുസൂദനൻ എന്നിവർ മോഹൻദാസിന്റെ മൂത്ത സഹോദരങ്ങളാണ്. കോട്ടായി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരിദാസ് അനുജനാണ്. 2012 ലാണ് മോഹൻദാസ് ജോലിയിൽ പ്രവേശിച്ചത്. കുടുംബസമേതം ക്വാർട്ടേഴ്സിലായിരുന്നു താമസം. അത്തിപ്പൊറ്റ വേലയ്ക്കാണ് അവസാനമായി വീട്ടിലെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA