ADVERTISEMENT

അലനല്ലൂർ∙ ഏറെ പ്രതീക്ഷയോടെ കാടിറങ്ങി ചുണ്ടോട്ടുകുന്ന് ഭാഗത്ത് താമസിക്കുന്ന എസ്ടി കുടുംബങ്ങൾ ഒരാഴ്ചയായി ശുദ്ധജലം ഇല്ലാതെ ദുരിതത്തിൽ. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളം കിട്ടാതെ വന്നതോടെ രണ്ട് കുടുംബങ്ങൾ ഇവിടെ നിന്നു താമസം മാറി. ഇവിടെ താമസിക്കുന്ന 19 കുടുംബങ്ങൾ വെള്ളത്തിനായി മൂന്ന് കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിക്കുന്നത്. 

പൊൻപാറ ഓടക്കളം ഭാഗത്ത് താമസിച്ചിരുന്ന ഇവരെ‍ ഉരുൾപൊട്ടൽ ഭീതിയെത്തുടർന്നു മൂന്ന് വർഷം മുൻപ് എടത്തനാട്ടുകര കൊടിയംകുന്നിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്കു മാറ്റി താമസിപ്പിച്ചിരുന്നു. മൂന്ന് വർഷത്തോളം ഇവിടെ കഴിഞ്ഞ ഇവർ എട്ട് മാസം മുൻപ് സർക്കാർ ചുണ്ടോട്ടുകുന്ന് ഭാഗത്ത് ഒരുക്കി നൽകിയ വീടുകളിലേക്കു താമസം മാറി. ഓരോ കുടുംബത്തിനും ഏഴ് സെന്റ് സ്ഥലവും 480 സ്ക്വയർ ഫീറ്റിലുള്ള വീടുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ 19 വീടുകളിലായി 80 ൽ പരം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

താമസം തുടങ്ങിയപ്പോൾ വീടുകൾ നിർമിച്ച കാരാറുകാരൻ നിർമാണ പ്രവൃത്തികളുടെ ആവശ്യത്തിനായി ഒരുക്കിയ ടാങ്കിൽ നിന്നുള്ള വെള്ളം ഈ കുടുംബങ്ങൾക്കും ഉപയോഗിക്കാൻ ലഭിച്ചിരുന്നു. എന്നാൽ നിർമാണ പ്രവൃത്തികൾ എല്ലാ പൂർത്തിയായതോടെ കരാറുകാരൻ വാടകയ്ക്കു സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് തിരിച്ചു നൽകുകയും ചെയ്തു. ഇത്രയും കാലം കരാറുകാരന്റെ നല്ല മനസ്സുകാരണമാണു ഇവർക്ക് വെള്ളം ലഭിച്ചിരുന്നതെന്നും ഊരു മൂപ്പൻ കുറുമ്പൻ പറഞ്ഞു. വീട്ടിൽ വെള്ളമില്ലാത്ത അവസ്ഥ വന്നതോടെ മകൾ ഷീജ പ്രസവ ശേഷം കല്ലടിക്കോടുള്ള ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്നു ഇദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം കോളനിയിൽ മൂന്ന് മാസം മുൻപ് കിണർ നിർമിച്ചെങ്കിലും അടിഭാഗത്ത് കിണറിന്റെ പകുതിയോളം ഭാഗം പാറയാണ്. എങ്കിലും ഇതു കഴിഞ്ഞുള്ള ഭാഗത്ത് ഉറവയിൽ നിന്നുള്ള വെള്ളം ഉണ്ടെങ്കിലും ആൾമറയില്ലാത്തതിനാൽ മഴ ചാറിയാൽ പോലും‍ അഴുക്കുവെള്ളം മുഴുവൻ ഒലിച്ചിറങ്ങുന്നത് ഇതിലേക്കാണ്. ഇതു കാരണം കിണർ ഉപയോഗശൂന്യമാണ്.

നിലവിൽ വീടിനു മുകളിൽ വീഴുന്ന മഴവെള്ളം പൈപ്പ് വഴി പാത്രങ്ങളിൽ ശേഖരിച്ചു ഉപയോഗിക്കുകയാണ്. അലക്കുന്നതിനും കുളിക്കുന്നതിനും അകലെയുള്ള വെള്ളിയാറിനേയുമാണു ആശ്രയിക്കുന്നത്. പ്രായമായവരും രോഗികളും ഉള്ള കുടുംബങ്ങൾ ഉള്ളതിനാൽ 500 ലീറ്റർ വെള്ളം 250 രൂപ നൽകിയാണ് കഴിഞ്ഞ ദിവസം വാങ്ങിയതെന്നും കോളനിക്കാർ പറഞ്ഞു. വെള്ളത്തിന് ഇനിയും പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടാൻ വീണ്ടും മലകയറേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com