ADVERTISEMENT

അഗളി∙ ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും ഉൾപ്പെടുത്തിയുള്ള പരിസ്ഥിതിലോല മേഖല നിർദേശങ്ങൾക്കെതിരെ അട്ടപ്പാടിയിൽ ‍ജനരോഷം ഇരമ്പി. കൃഷിഭൂമിയെ വനഭൂമിയാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഗളിയിൽ കർഷകർ റാലി നടത്തി. സംയുക്ത കർഷക സമിതി നേതൃത്വം നൽകിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.സുപ്രീം കോടതിയുടെ പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടി പൂർണമായി പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ വരുമെന്ന ആശങ്ക റാലിയിൽ പങ്കെടുത്ത കർഷകർ പ്രകടിപ്പിച്ചു. ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുള്ള പോസ്റ്ററുകളും പലരും ഉയർത്തിപ്പിടിച്ചിരുന്നു.വിദ്യാർഥികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ വേർതിരിവുകളില്ലാതെ സമൂഹത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും റാലിക്കെത്തി. 

ഇന്നലെ രാവിലെ 10ന് അഗളി എസ്ബിഐ കവലയിൽ കർഷക സംരക്ഷണ സമിതി അട്ടപ്പാടി ചെയർ‍മാൻ ഫാ.ജോമിസ് കൊടകശേരി അതിജീവന സദസ്സ് കൺവീനർ ശ്രീലക്ഷ്മി ശ്രീകുമാറിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് 11ന് ഗൂളിക്കടവിൽ അതിജീവന സദസ്സിന്റെ ഉദ്ഘാടനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ നിർവഹിച്ചു.വി.കെ.ശ്രീകണ്ഠൻ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, കെ.ശാന്തകുമാരി എംഎൽഎ, കർഷക സംരക്ഷണ സമിതി ജില്ലാ കോ-ഓർഡിനേറ്റർ ഫാ.സജി ജോസഫ്, കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ.ജോർജ് പ്രസംഗിച്ചു.അട്ടപ്പാടിയിലെ കള്ളമല, പാടവയൽ വില്ലേജുകൾ നിലവിൽ സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതിലോല മേഖല നിർദേശത്തിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സംരക്ഷണ സമിതി അഗളിയിൽ സംഘടിപ്പിച്ച റാലി എസ്ബിഐ കവലയിൽ തുടങ്ങുന്നു.
പരിസ്ഥിതിലോല മേഖല നിർദേശത്തിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സംരക്ഷണ സമിതി അഗളിയിൽ സംഘടിപ്പിച്ച റാലി എസ്ബിഐ കവലയിൽ തുടങ്ങുന്നു.

ഇതുൾപ്പെടെ കരുതൽ മേഖലയെ പുതിയ ഭവാനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാൻ ‍ ശുപാർശ ഉള്ളതായി അതിജീവന സദസ്സ് ആശങ്ക അറിയിച്ചു. സുപ്രീം കോടതി വിധിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന ഇളവുകൾ പ്രയോജനപ്പെടുത്തി ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയങ്ങളെ ബോധ്യപ്പെടുത്തുകയും ജനസന്ദ്രതയേറിയ കേരളത്തിൽ ബഫർസോൺ പൂജ്യത്തിൽ അവസാനിപ്പിക്കണമെന്നും കർഷക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.‍ ജില്ലയിലെ രണ്ടാമത്തെ അതിജീവന സദസ്സാണ് ഇന്നലെ ഗൂളിക്കടവിൽ നടന്നത്.

ഇരട്ടത്താപ്പ് അവസാനിപ്പിക്കണം

"പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കർഷകരുടെ ആശങ്കകൾ കേന്ദ്രവും കേരളവും പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിക്കണം. പുതിയ വന നിയമങ്ങൾക്കെതിരെ 19 യുഡിഎഫ് എംപിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ നിലപാടെടുക്കും. കർഷകർക്കൊപ്പം നിലകൊള്ളും." -  വി.കെ.ശ്രീകണ്ഠൻ എംപി

"സർക്കാരിന് എതിരായ പ്രചാരണം ശരിയല്ലപരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന് എതിരായ പ്രചാരണം ശരിയല്ല. 2019ൽ ഉണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച ചില നടപടികളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സുപ്രീം കോടതി നിർദേശം മറികടക്കാൻ ആവശ്യമായ തീരുമാനങ്ങളെടുക്കും." - കെ.ശാന്തകുമാരി എംഎൽഎ

അംഗീകരിക്കാനാവില്ല

"കർഷകരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന വന നിയമങ്ങൾ അംഗീകരിക്കാനാവില്ല. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ചപറ്റി. നേരത്തെ യുഡിഎഫ് സർക്കാർ നേരിട്ട മാതൃകയിൽ കേരളം ഇടപെടണം. " - എൻ.ഷംസുദ്ദീൻ എംഎൽഎ

പരിസ്ഥിതി ലോല മേഖല: ഇന്ന് എൽഡിഎഫ് ഹർത്താൽ

പാലക്കാട്∙ സംരക്ഷിത വന പ്രദേശത്തിന് ചുറ്റും ഒരു കിലോമീറ്റർ മീറ്റർ ദൂരംകൂടി പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് 14 വില്ലേജുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ ആചരിക്കും. സുപ്രീംകോടതി വിധി ബാധിക്കുന്ന കിഴക്കഞ്ചേരി1, മംഗലംഡാം, മുതലമട 1, നെല്ലിയാമ്പതി,  അഗളി, പുതൂർ, പാടവയൽ, ഷോളയൂർ, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ് തുടങ്ങി 14 വില്ലേജുകളിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുന്നത്.

മലയോര മേഖലകളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പിലാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം കേന്ദ്രസർക്കാർ അവഗണിച്ചതായി എൽഡിഎഫ് ജില്ലാകമ്മിറ്റിയേ‍ാഗം ആരേ‍ാപിച്ചു. പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ ഒഴിവാക്കിയിട്ടുണ്ട്.    എൽഡിഎഫ് ജില്ലാകമ്മിറ്റി യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ഇ­എൻ സുരേഷ് ബാബു അധ്യക്ഷനായി. കൺവീനർ വി.ചാമുണ്ണി, സിപിഐ ജില്ലാസെക്രട്ടറി ടി.സിദ്ധാർഥൻ, ഇതര പാർട്ടി നേതാക്കളായ കെ.ആർ. ഗോപിനാഥ്, എ.രാമസ്വാമി, ഓട്ടൂർ ഉണ്ണികൃഷ്ണൻ, അഡ്വ.കുശലകുമാർ, നൈസ് മാത്യു, പി.വി.ബഷീർ, ഇ.എ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com