ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പനിയും മറ്റും ബാധിച്ചു ചികിത്സ തേടി എത്തുന്നവരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ചു മൂന്നിരട്ടിയോളം ഉയർന്നിട്ടുണ്ട്. പ്രതിദിനം ശരാശരി 750 പേർ പകർച്ചപ്പനിക്കു ചികിത്സ തേടുന്നുണ്ട്. ഔട്ട് പേഷ്യന്റിനു (ഒപി) പുറമേ കിടത്തിച്ചികിത്സാ വിഭാഗത്തിലും തിരക്കേറി. ജില്ലാ ആശുപത്രി ഒപിയിൽ പ്രതിദിനം 1200 രോഗികൾ എത്തുന്നുണ്ട്. കിടത്തിച്ചികിത്സാ വിഭാഗം നിറഞ്ഞിരിക്കുകയാണ്. താലൂക്ക് ആശുപത്രികളിലും സമാന സ്ഥിതിയാണ്. കിടക്കകൾ നിറഞ്ഞതോടെ ഒരു രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷമേ അടുത്തയാളെ പ്രവേശിപ്പിക്കാനാകൂ.

സ്വയം ചികിത്സ വേണ്ട

∙ പനി രോഗത്തെക്കാളുപരി ഇതര രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യത ഏറെയായതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നീണ്ടു നിൽക്കുന്ന പനിയാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം. സ്വയം ചികിത്സ പാടില്ല.

∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പനി ബാധിതർ ചൂടുവെള്ളം കുടിക്കണം. വേണ്ടത്ര വിശ്രമം ഉറപ്പാക്കണം.

100 കടന്ന് കോവിഡ്

ജില്ലയിൽ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ദിവസവും ശരാശരി 50–65 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിനിടെയാണ് പൊടുന്നനെ എണ്ണം 100 കടന്നത്.

∙ ചുമ, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം കോവിഡ് ടെസ്റ്റ് നടത്തണം.

∙ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തുടങ്ങിയതോടെ ജില്ലാ ആശുപത്രിയിലടക്കം ചികിത്സാ ഒരുക്കങ്ങൾ പുനരാരംഭിക്കാൻ ആരോഗ്യ വകുപ്പു നിർദേശം നൽകി.

ഡെങ്കിപ്പനി, എലിപ്പനി

വ്യാപകമല്ലെങ്കിലും ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി കേസുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദീർഘനേരം വെള്ളത്തിൽ നിന്നും മറ്റും പണിയെടുക്കുന്നവർ എലിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

മറക്കരുത്ഡ്രൈ ഡേ

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ നിർബന്ധമാണെങ്കിലും ആരും പാലിക്കാറില്ല. ഇത് ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീട്, ഓഫിസ്, സ്ഥാപന പരിസരങ്ങളിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ചു വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും അതുവഴി കൊതുകു പെരുകുന്നില്ലെന്നും ഉറപ്പാക്കണമെന്നാണു നിർദേശം. അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ പരിസരങ്ങളിലും ഡ്രൈ ഡേ ആചരണം നിർബന്ധമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഒരു കൊതുകു മുട്ടയിട്ടു പെരുകാൻ 7 ദിവസം വേണം. കെട്ടിക്കിടക്കുന്ന ജലത്തിലാണു കൊതുകുകൾ മുട്ടയിടുക. ഇതിനിടെ വെള്ളം ഒഴുക്കിക്കളഞ്ഞാൽ കൊതുകു പെരുകുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com