ADVERTISEMENT

ഒറ്റപ്പാലം∙ പ്രളയത്തിൽ തകർന്ന മാന്നനൂർ ഉരുക്കുതടയണയുടെ പാർശ്വഭിത്തി നിർമാണത്തിനു വിശദമായ പദ്ധതിരേഖ തയാറാകുന്നു.  റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 12.6 കോട‌ി രൂപ വിനിയോഗിച്ചാണു പുനർനിർമാണം. പദ്ധതി രേഖ തയാറാകുന്ന മുറയ്ക്കു‍ സർക്കാരിന്റെ സാങ്കേതിക അനുമതിക്കു വിടുമെന്നു പി.മമ്മിക്കുട്ടി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ കിഡ്ക് (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ) റീബിൽഡ് കേരളയ്ക്കു സമർപ്പിച്ചതിനു പിന്നാലെയാണു കഴിഞ്ഞ മാർച്ചിൽ തുക അനുവദിച്ചത്. 

നേരത്തെ റീബിൽഡ് കേരളയിലെ വിദഗ്ധ സംഘം  എംഎൽഎയ്ക്കൊപ്പം തടയണ പ്രദേശം  സന്ദർശിച്ചിരുന്നു. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്കു ടെൻഡർ നടപടി തുടങ്ങും. 2018 ലെ പ്രളയകാലത്താണ് ഭിത്തി ഇടിഞ്ഞു പുഴ കരയിലേക്കു കയറിയത്. തൊട്ടടുത്ത വർഷം രണ്ടാം പ്രളയത്തോടെ സ്ഥിതി സങ്കീർണമായി. നിലവിൽ ഭിത്തി തകർന്ന ഭാഗത്തെ കൃഷി ഭൂമിയിലൂടെയാണ് പുഴ ഒഴുകുന്നത്. 6 ഏക്കറോളം ഭൂമി ഇതിനകം ഒഴുകിപ്പോയി.  മഴ പെയ്ത് ഒഴുക്കു ശക്തമാകുന്ന ഘട്ടങ്ങളിലെല്ലാം കൃഷിഭൂമി ഇടിയുന്ന സാഹചര്യമാണ്. പുഴയ്ക്കും പാ‌ടശേഖരത്തിനും ഇടയിൽ ഉണ്ടായിരുന്ന മാന്നനൂർ ലിഫ്റ്റ് ഇറിഗേഷന്റെ കനാൽ ആദ്യ പ്രളയത്തിൽതന്നെ ഒഴുകിപ്പോയിരുന്നു. പ്രദേശത്തെ ഒട്ടേറെ വൃക്ഷങ്ങളും കടപുഴകിയിരുന്നു. ഇതിനു ശേഷമാണ് പുഴ കൃഷിയിടങ്ങളിലേക്കു കയറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com