വാൽപാറ ∙ ആളിയാർ വനംവകുപ്പ് ചെക് പോസ്റ്റ് വഴി വാൽപാറയിലേക്കു വരുന്ന വിനോദ സഞ്ചാരികൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നു ഫീൽഡ് ഡയറക്ടർ ആർ.രാമസുബ്രഹ്മണ്യം അറിയിച്ചു. നേരത്തെ അത്തരത്തിൽ പ്രചാരണം ഉണ്ടായിരുന്നു. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ ആളിയാർ വനംവകുപ്പിന്റെ ചെക് പോസ്റ്റ് വഴി വൈകിട്ട് ആറിനു ശേഷം കടന്നുപോകുന്ന വിനോദസഞ്ചാരികളുടെ കയ്യിൽ ലഹരിവസ്തുക്കളോ പ്ലാസ്റ്റിക് സാധനങ്ങളോ പാടില്ലെന്നു മാത്രമേയുള്ളൂ എന്നും വാൽപാറയിൽ താമസിക്കുന്നവർ മുറി ബുക്ക് ചെയ്തിട്ടുള്ള വിവരങ്ങളും തിരിച്ചറിയൽ കാർഡും കാണിച്ചാൽ കടന്നുപോകാമെന്നും അദ്ദേഹം അറിയിച്ചു.
വിനോദ സഞ്ചാരികളുടെ പേരിൽ പലരും പലപ്പോഴായി കൊണ്ടുവന്നിട്ടുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുള്ളതായും ഇത്തരക്കാരെ പിടികൂടാനായി വനംവകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, വാൽപാറയിലെ ചില സാമൂഹികപ്രവർത്തകരും കോട്ടേജ് ഉടമകളും വനം വകുപ്പിന്റെ നടപടികളിൽ പ്രതിഷേധിച്ചു ഇന്ന് ആളിയാർ ചെക്പോസ്റ്റിനു മുന്നിൽ സമരത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.