മേനോൻ മാഷ് എന്ന കോമ്രേഡ് മാഷ്

 ടി.ശിവദാസമേനോൻ മഞ്ചേരിയിൽ മകളുടെ വസതിയിൽ. ഭാര്യ ഭവാനിയമ്മയുടെ  ചിത്രമാണ് പശ്ചാത്തലത്തിൽ. ഫയൽ ചിത്രം.
ടി.ശിവദാസമേനോൻ മഞ്ചേരിയിൽ മകളുടെ വസതിയിൽ. ഭാര്യ ഭവാനിയമ്മയുടെ ചിത്രമാണ് പശ്ചാത്തലത്തിൽ. ഫയൽ ചിത്രം.
SHARE

പാലക്കാട് ∙ സ്കൂളിൽ മാത്രമല്ല, ഒരു കാലഘട്ടത്തിൽ കയ്യിൽ വടിയുമായി പാർട്ടിയിലെയും കാർക്കശ്യക്കാരനായ മാഷായിരുന്നു ടി.ശിവദാസമേനേ‍ാൻ. ജില്ലയിൽ കമ്യൂണിസ്റ്റുകാരെ കമ്യൂണിസം പഠിപ്പിച്ച കേ‍ാമ്രേഡ് മാഷ് എന്നാണ് അന്നത്തെ പ്രവർത്തകർക്കിടയിൽ വിശേഷിപ്പിക്കപ്പെട്ടത്. ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള പ്രയത്നത്തിനെ‍ാപ്പം യുവനിരയെ പാർട്ടിയിലേക്ക് എത്തിക്കാനും എപ്പേ‍ാഴും ശ്രദ്ധിച്ചു.കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്കും ഗ്രൂപ്പുകൾക്കും ഏൽപ്പിച്ചപ്പേ‍ാൾ തന്നെ എല്ലാ റേഞ്ചിലും ചെത്തുതെ‍ാഴിലാളി സംഘങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കി.

  പാലക്കാട്ട് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകി‌ഷൻ സിങ് സുർജിത്തിനൊടൊപ്പം ടി.ശിവദാസമേനോൻ(ഫയൽ ചിത്രം).
പാലക്കാട്ട് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകി‌ഷൻ സിങ് സുർജിത്തിനൊടൊപ്പം ടി.ശിവദാസമേനോൻ(ഫയൽ ചിത്രം).

ഉൾപ്പാർട്ടി പ്രശ്നങ്ങളിലും വിവാദങ്ങളിലും ‘പാർട്ടി ഈസ് സുപ്രീം’ എന്നായിരുന്നു ആവർത്തിച്ചുളള ഒ‍ാർമിപ്പിക്കൽ. അധ്യാപക സംഘടന കെട്ടിപ്പടുത്തായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജിൽനിന്ന് അധ്യാപക പരിശീലവും പൂർത്തിയാക്കി. ബിഎസ്‌സിയിൽ വിക്ടേ‍ാറിയയിൽ എം.ടി.വാസുദേവൻനായരുടെ സഹപാഠിയായിരുന്നു. 1952ൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

1957–മുതൽ അക്കാലത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനാധ്യാപകനായി. 1979ൽ വോളന്ററി റിട്ടയർമെന്റ് വാങ്ങി പൂർണസമയം പാർട്ടി പ്രവർത്തനത്തിൽ മുഴുകി. 1955ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. 1956ൽ സിപിഐ മണ്ണാർക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി. കേരള സേ‍ാഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. 1964ൽ പിളർപ്പിനു ശേഷം പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയംഗമായി. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു അന്ന് സെക്രട്ടറി. പാലക്കാട് കമ്മിറ്റി നിലവിൽ വന്നതുമുതൽ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 1979ൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി 1968 മുതൽ കാലിക്കറ്റ് സർവകലാശാല സെനറ്റംഗമായും പിന്നീട് സിൻഡിക്കറ്റ് അംഗമായും പ്രവർത്തിച്ചു.

സ്കൂളുകളിലെ അധ്യാപകരുടെ തുച്ഛമായ വേതനവും മേഖലയേ‍ാടുള്ള സർക്കാർ അവഗണനയ്ക്കുമെതിരെ സമരരംഗത്ത് എത്തി. അധ്യാപക പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ തുടങ്ങിയ സൗത്ത് മലബാർ ഹൈസ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പി. ചിത്രൻ നമ്പൂതിരി സംസ്ഥാന പ്രസിഡന്റായപ്പോൾ ശിവദാസ മേനോൻ സെക്രട്ടറിയായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ (കെപിടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. എം.വി.രാഘവന്റെ നേതൃത്വത്തിൽ 1985–ൽ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ബദൽരേഖയ്ക്കെ‍ാപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ഔദ്യേ‍ാഗിക പക്ഷത്ത് ഉറച്ചുനിന്നു. ഒരു കാലത്ത് സംസ്ഥാനത്ത് മുഴുവൻ ശ്രദ്ധനേടിയ പാലക്കാട്ടെ ഇടതുപക്ഷ സമരങ്ങളുടെ മുൻപിൽ അദ്ദേഹമായിരുന്നു.

മുത്തങ്ങ വെടിവയ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു നടത്തിയ ‍ഡിവൈഎസ്പി ഓഫിസ് മാർച്ച് അക്രമത്തിൽ കലാശിച്ചു. ശിവദാസമേനോന് തലയ്ക്ക് പരുക്കേറ്റു രക്തം വാർന്നൊലിച്ചു. 24 ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. മർദ്ദനമേറ്റത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അതുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഒരാൾക്കു മാത്രമല്ല മർദനമേറ്റതെന്നും നൂറ് പ്രവർത്തകർക്കു പരുക്കേറ്റതിനാൽ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്നത് യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കി

രാഷ്ട്രീയം പഠിപ്പിച്ച മാഷ്, സഖാക്കളെ കണ്ടെടുത്ത നേതാവ്
എൻ.എൻ.കൃഷ്ണദാസ് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം

സംഘടനാരംഗത്തും വികസനത്തിലും പിന്നാക്കമായിരുന്ന പാലക്കാടിനെ മുന്നേ‍ാട്ടു നയിച്ചു; പ്രവർത്തകരെ ചേർത്തു നിർത്തി മുന്നിൽ നിന്നു പേ‍ാരാടുകയും പാർട്ടി നിലപാടുകളിൽ അവസാനം വരെ ഉറച്ചുനിൽക്കുകയും ചെയ്തു ശിവദാസമേനേ‍ാൻമാഷ്. അദ്ദേഹം പാർട്ടിയിൽ എത്തിച്ച യുവതലമുറയാണു ജില്ലയിലെ ഇന്നത്തെ നേതൃത്വം. രാഷ്ട്രീയം കൃത്യമായി പഠിപ്പിച്ചിരുന്ന അദ്ദേഹം പാർട്ടിക്കാർക്കിടയിൽ മാഷായിരുന്നു.

സംഘടനാപ്രവർത്തനം എന്താണെന്നും എങ്ങനെയാണെന്നും ലളിതമായി പറഞ്ഞു തന്നു. സമരങ്ങളിൽ കത്തിനിന്ന്, തുടക്കക്കാരെ എന്നും പ്രേ‍ാത്സാഹിപ്പിച്ചു. മാഷ് പ്രസംഗിക്കുന്ന, നേതൃത്വം നൽകുന്ന സമരങ്ങളിൽ പങ്കെടുക്കുന്നതു തന്നെ അന്ന് ആവേശമായിരുന്നു. മികച്ച പ്രവർത്തകരെ ജില്ലയുടെ മുക്കിനും മൂലയിൽ നിന്നു കണ്ടെടുത്തു. പിന്നീട് മന്ത്രിയായപ്പേ‍ാഴും നേതൃത്വത്തിൽ ഉയർന്നപ്പേ‍ാഴും ആ സമീപനത്തിലും രീതിക്കും മാറ്റമുണ്ടായില്ല. 1987–ൽ പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെയാണ് മലമ്പുഴയിൽ നിന്നു ജയിച്ചു മന്ത്രിയാകുന്നത്.

പാർട്ടി പ്രവർത്തകനെന്നതിനെ‍ാപ്പം വ്യക്തിപരമായും അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ഉദ്യേ‍ാഗത്തിനു പേ‍ാകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ഞാൻ. അതറിഞ്ഞ് ശിവദാസമേനേ‍ാൻ വിളിപ്പിച്ചു. ‘നീ എങ്ങേ‍ാട്ടും പേ‍ാകുന്നില്ല, പാർട്ടിക്ക് ആവശ്യമുണ്ട്’ എന്നു പറഞ്ഞ് എന്നെ മുഴുവൻ സമയപ്രവർത്തകനായി നിയേ‍ാഗിച്ചു. രണ്ടു ചെറിയ കുടുസു മുറിയിലെ‍ാതുങ്ങിയ അന്നത്തെ പാ‍ർട്ടി ജില്ലാ കമ്മിറ്റി ഒ‍ാഫിസിലായിരുന്നു അദ്ദേഹത്തിന്റെ താമസം. മണ്ണാർക്കാട്ടു നിന്നു വന്നു പേ‍ാകാനുള്ള ബുദ്ധിമുട്ടായിരുന്നു അതിനു കാരണം. പിന്നീട് വിക്ടേ‍ാറിയ കേ‍ാളജിനു സമീപത്തു വാങ്ങിയ ഒ‍ാടിട്ട കെ‍ാച്ചുവീട്ടിലേക്കു താമസം മാറ്റി.

1996ൽ അദ്ദേഹം ധനമന്ത്രിയായപ്പേ‍ാഴും പാലക്കാട് എത്തിയാൽ അവിടെയാണ് കഴിഞ്ഞത്. അന്ന് എംപിയായിരുന്ന ഞാൻ വാടകവീട്ടിലായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പേ‍ാൾ, നീ ഇനി വാടകവീട്ടിൽ നിൽക്കേണ്ട,എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ വീട് എനിക്കു തന്നു. പുതുക്കിയെടുത്ത ആ വീട്ടിലാണ് ഞാനിപ്പേ‍ാഴും താമസിക്കുന്നത്.മാഷ് ജില്ലാ സെക്രട്ടറിയായിരിക്കെ ഏരിയാ കമ്മിറ്റികൾ വിഭജിച്ചും ലേ‍ാക്കൽ കമ്മിറ്റികളുടെ എണ്ണം വർധിപ്പിച്ചും സംഘടനയുടെ അടിത്തറ ശക്തമാക്കി.

ഞാൻ എസ്എഫ്ഐ ജില്ലാസെക്രട്ടറിയായിരിക്കെ ചിറ്റൂർ കേ‍ാളജിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പ്രവർത്തകർക്കായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ ആവേശം നൽകുന്ന ഒ‍ാർമകളിൽ ഒന്നാണ്. അവിടെ കേ‍ാൺഗ്രസും യൂത്ത് കേ‍ാൺഗ്രസും കെഎസ്‌യുവും ശക്തമായിരുന്നു. ക്യാംപസിൽ എസ്എഫ്ഐ ശക്തമാണെങ്കിലും ചുറ്റുപാടും സ്വാധീനമില്ല. സംഘർഷത്തെത്തുടർന്ന് എസ്ഐഫ്ഐക്കാരെ പ്രിൻസിപ്പലിന്റെ മുറിയിൽ പൂട്ടിയിട്ടു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗമായിരുന്ന മാഷ്, 15 ജീപ്പുകളിലായി കേ‍ാളജിലെത്തി. പ്രവർത്തകരെ പുറത്തെത്തിച്ച് പ്രകടനമായി അണിക്കേ‍ാട് കലവയിലെത്തി നടത്തിയ പെ‍ാതുസമ്മേളനത്തിൽ, ‘ഇന്നിവിടെ പ്രസംഗമില്ല, അടി മാത്രമേയുള്ളൂ’ എന്ന രണ്ടു വരി മാത്രമായിരുന്നു പ്രസംഗം. പ്രവർത്തകരുടെ പ്രശ്നത്തിൽ എന്നും അടിയുറച്ചുനിന്നതിന്റെ ഒരു ഉദാഹരണം മാത്രമാണത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ നിന്നു മൂന്നു തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു തവണ വാളുകളുമായി അക്രമികൾ മാഷിന്റെ വീട്ടിലെത്തി.

പാലക്കാട് നഗരത്തിലെ 65 കുടുംബങ്ങൾ താമസിക്കുന്ന ഒരു പട്ടികജാതി കേ‍ാളനിയെ മന്ത്രിയായിരിക്കേ അദ്ദേഹം ദത്തെടുത്തതു പേ‍ാലെ വികസിപ്പിച്ചു. അവരുടെ ദുരിത ജീവിതം മാറ്റാൻ കുടുംബങ്ങളിൽ പലർക്കും വിവിധ ഭാഗങ്ങളിൽ ജേ‍ാലി നൽകി. വീടും വൈദ്യുതിയും എത്തിച്ചു.

എല്ലാതരത്തിലും കരുതലുളളയാൾ
പാലോളി മുഹമ്മദ്കുട്ടി(മുതിർന്ന സിപിഎം നേതാവ്)

പാർട്ടിപ്രവർത്തനത്തിന്റെ വിവിധമേഖലകളിൽ വർഷങ്ങളായി ശക്തവും സജീവുമായപ്പേ‍ാഴും എല്ലാതരത്തിലും നല്ല കരുതലുളള പ്രവർത്തകനായിരുന്നു ടി.ശിവദാസമേനേ‍ാൻ.ഇക്കാലത്ത് രാഷ്ട്രീയത്തിൽ റിക്കാർഡ് മേ‍ാശമാകുന്നത്, ആ കരുതൽ കൈമേ‍ാശം വരുമ്പേ‍ാഴാണ്. എന്നാൽ ശിവദാസമേനേ‍ാൻ അതിൽ അതീവ ജാഗ്രത കാണിച്ചുവെന്നു പറയാം. സാധാരണ പ്രവർത്തകരുടെ വിഷമവും പ്രശ്നങ്ങളും കണ്ടറിഞ്ഞ് പ്രവർത്തിച്ചു. അവർക്കും ഒരു കരുതലുണ്ടായി. ശക്തരായ ശത്രുക്കൾ കമ്യൂണിസ്റ്റുകാർക്കെതിരെ തെറ്റായ പ്രചാരണം നിരന്തരം അഴിച്ചുവിടുന്ന കാലഘട്ടമായിരുന്നു അത്. കമ്യൂണിസ്റ്റുകാർ മ്ലേച്ഛരും മതവിരുദ്ധരുമാണ് എന്നിവയുൾപ്പെടെ പ്രചരിപ്പിച്ചുകെ‍ാണ്ടിരുന്നു.

ഞാൻ പാർട്ടി പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരിക്കെ അദ്ദേഹം അവിടെ അംഗമായി. ഒരു പാർട്ടി പരിപാടി തീരുമാനിച്ചാൽ, അതിൽ ഒരേ‍ാ പ്രവർത്തകനും എത്രത്തേ‍ാളം പങ്കാളിയായി എന്ന് വിലയിരുത്തൽ യേ‍ാഗത്തിൽ കീറിമുറിച്ചു പരിശേ‍ാധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അധികാരമെ‍ാന്നുമില്ലാത്ത, ഇന്നത്തെ ഒരു സൗകര്യങ്ങളുമില്ലാത്ത കാലത്തായിരുന്നു സംഘടനയ്ക്കായുളള ആ കഠിനാധ്വാനം.

എന്നും പ്രിയ സുഹൃത്ത് : വി.എസ്.വിജയരാഘവൻ

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലായിരുന്നെങ്കിലും എന്നു പരസ്പരബഹുമാനം പുലർത്തിയ വ്യക്തിയാണ് ശിവദാസമേനോൻ എന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ വി.എസ്.വിജയരാഘവൻ അനുസ്മരിച്ചു. തിരഞ്ഞെടുപ്പിൽ തന്നോടു പരാജയപ്പെട്ടെങ്കിലും വ്യക്തിബന്ധത്തിന് ഒരു കുറവും ഇല്ലായിരുന്നു. ന്യൂഡൽഹിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകളുടെ വീട്ടിലേക്ക് വിരുന്നു വിളിച്ചിരുന്നു. ജില്ലയിലെ സങ്കീർണമായ രാഷ്ട്രീയപ്രതിസന്ധികളിൽ പരസ്പരവിശ്വാസത്തോടെ അദ്ദേഹം പെരുമാറിയെന്നും അനുസ്മരിച്ചു.

പാർട്ടിയുടെ വളർച്ചയ്ക്ക് അടിത്തറപാകി: സിപിഎം

ജില്ലയിൽ സിപിഎമ്മിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയ നേതാവായിരുന്നു ടി.ശിവദാസമേനോനെന്ന് സിപിഎം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. അധ്യാപക പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പല പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയെ നയിക്കുന്നതിൽ അസാമാനa്യ നേതൃപാടവം കാട്ടി. സിപിഎം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പാർട്ടിയെയും പ്രവർത്തകരെയും നയിച്ച അദ്ദേഹം മന്ത്രിയെന്ന നിലയിൽ പൊതുജനങ്ങളുടെ സ്നേഹവും ഏറ്റുവാങ്ങി. ധനമന്ത്രിയായിരിക്കെ കർഷകത്തൊഴിലാളികളുടെ പെൻഷൻ മുടങ്ങാതെ ലഭ്യമാക്കാനും അദ്ദേഹം ജാഗ്രത പുലർത്തി.

വൈദ്യുതി മന്ത്രിയായിരിക്കെ ദുർഘട പ്രദേശങ്ങളിലേക്കടക്കം വൈദ്യുതി എത്തിക്കാൻ ശ്രമിച്ചു. മലമ്പുഴയുടെയും ജില്ലയുടെയും വികസനങ്ങൾക്കു പുത്തൻ കാഴ്ചപ്പാടു നൽകി. 2003ൽ മുത്തങ്ങയിൽ ആദിവാസികൾക്കു നേരെ വെടിയുതിർത്ത എ.കെ.ആന്റണി സർക്കാരിനെതിരെ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ചിൽ അദ്ദേഹത്തിനു ക്രൂരമായി പൊലീസ് മർദനമേറ്റു. ഇതേത്തുടർന്നു ദീർഘകാലം ആശുപത്രിവാസവും വേണ്ടിവന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിയത്. അദ്ദേഹത്തിന്റെ സംഭാവന പാർട്ടിയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ നിറഞ്ഞു നിൽക്കുമെന്നും പാ‍ർട്ടി ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വികസനത്തിനു വഴികാട്ടിയ നേതാവ്: എ.കെ.ബാലൻ

കേരള വികസനത്തിനു പുത്തൻ മാതൃക കാണിച്ച ജനകീയ മന്ത്രിയായിരുന്നു ടി.ശിവദാസ മേനോനെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ അനുസ്മരിച്ചു. അദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് കിഫ്ബിക്കു രൂപം നൽകിയത്. അധ്യാപക പ്രസ്ഥാനത്തെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനമാക്കുന്നതിൽ നിസ്‌തുല പങ്കാണ്‌ അദ്ദേഹം വഹിച്ചത്‌. ഒരുകാലത്ത്‌ ജില്ലയിൽ സിപിഎമ്മിന്റെ ജനകീയ അടിത്തറയ്ക്കുണ്ടായ കോട്ടം പരിഹരിക്കാനും പാർട്ടിയെ വളർത്താനും സഹായിച്ചതു ടി.ശിവദാസമേനോന്റെ ഇടപെടലുകളായിരുന്നെന്നും എ.കെ.ബാലൻ അനുസ്മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS