ADVERTISEMENT

പാലക്കാട് ∙ പേവിഷത്തിനെതിരായ വാക്സീനും സീറവും സ്വീകരിച്ചിട്ടും പെൺകുട്ടി മരിച്ചതിനു കാരണം വിശദപഠനത്തിനു ശേഷമേ അറിയാനാകൂ എന്നു മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിസ് അറിയിച്ചു.  നായയുടെ കടിയേറ്റാൽ സമയം പ്രധാന ഘടകമാണ്. കടിച്ച് എത്ര നേരത്തിനുള്ളിൽ കുത്തിവയ്പുകൾ നടത്തി എന്നത് അതീവ ഗൗരവമാണ്. മുറിവേറ്റ ഉടൻ കുറഞ്ഞതു 10 മിനിറ്റെങ്കിലും നല്ല ശക്തിയിൽ ഒഴുകുന്ന പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ചു മുറിവു വൃത്തിയായി കഴുകണം.

വാക്സീൻ സ്വീകരിക്കും മുൻപ് ആശുപത്രികളിൽ നിന്നു ചോദിക്കുന്ന വിവരങ്ങൾക്കു കൃത്യമായ മറുപടി നൽകണം.കടിച്ചതു വളർത്തുനായയാണോ തെരുവുനായയാണോ, പേവിഷ ബാധയുള്ളതോ അത്തരം സാധ്യതയുള്ളതോ ആണോ എന്നീ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകണം. കടിച്ച നായയുടെ വിവരങ്ങൾ ചികിത്സയിൽ വളരെ പ്രധാനമാണ്. പേവിഷ ബാധയുള്ള നായ ആദ്യമായി കടിക്കുന്നയാൾക്കും പിന്നീടു കടിക്കുന്നയാൾക്കും വൈറസ് ബാധയുടെ തീവ്രത വ്യത്യസ്തമാകും.

ചോര പൊടിഞ്ഞ മുറിവാണെങ്കിൽ കൂടുതൽ ഗൗരവമുള്ളതാണ്. മുറിവിന്റെ അവസ്ഥ അനുസരിച്ചു ഗ്രേഡ് തിരിച്ചാണു തുടർനടപടികൾ. ചെറിയ പട്ടികൾ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോൾ ഗൗരവമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നത് അപകടമാണ്. മൃഗങ്ങളുടെ കടിയെല്ലാം വളരെയധികം സൂക്ഷിക്കേണ്ടതു തന്നെയാണ്. വളർത്തുനായ്ക്കളെ കൃത്യമായി വാക്സീൻ ചെയ്തു ലൈസൻസ് എടുത്തു വളർത്തുന്നതു തന്നെയാണ് അഭികാമ്യം. 

കടിയേറ്റാൽ ചികിത്സ ഇങ്ങനെ:4 ഡോസ് വാക്സീൻ,സീറം ഉടൻ 

നായയുടെ കടിയേറ്റവർക്കു സർക്കാർ ആശുപത്രികളിൽ 4 ഡോസ് ഐഡിആർ വാക്സീനാണ് (ഇൻട്രാ ഡെർമൽ റാബീസ് വാക്സീൻ) കുത്തിവയ്ക്കുക. ചോര പൊടിയുകയോ മുറിവ് ആഴത്തിലുള്ളതോ ആണെങ്കിൽ എആർഎസ് (ആന്റി റാബീസ് സീറം) കുത്തിവയ്ക്കണം. നായയുടെ കടിയേറ്റ അന്നും തുടർന്ന് 3, 7, 28 ദിവസങ്ങളിലുമാണ് ഐഡിആർ വാക്സീൻ കുത്തിവയ്ക്കേണ്ടത്. കടിയേറ്റ മുറിവിനോടു ചേർന്ന് എത്രയും പെട്ടെന്ന് എആർഎസ് കുത്തിവയ്ക്കണം.  മുറിവിനോടു ചേർന്നു സീറം കുത്തിവയ്ക്കുന്നതു വൈറസ് ബാധയെ ഉറവിടത്തിൽത്തന്നെ നിയന്ത്രിക്കാനാണ്. അത് എത്രയും വേഗം സ്വീകരിക്കണമെന്നതാണു പ്രധാനം. കൃത്യം ദിവസങ്ങളിൽ വാക്സീനുകൾ സ്വീകരിക്കാനും ശ്രദ്ധിക്കണം. 

നായയുടെ കടിയേറ്റു മരണം: ഇന്നു പരിശോധന

പാലക്കാട് ∙ തെരുവുനായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും കടിയേറ്റാൽ യഥാസമയം ചികിത്സയും പേവിഷ പ്രതിരോധ കുത്തിവയ്പും ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ്. മങ്കരയിൽ നായയുടെ കടിയേറ്റു വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ, മൃഗസംരക്ഷ വകുപ്പുകളെ പങ്കെടുപ്പിച്ച് ഇന്നു ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര പ്രതികരണസംഘം (റാപ്പിഡ് റെസ്പോൺസ് ടീം) യോഗം ചേർന്നു തുടർനടപടികൾ സ്വീകരിക്കും.

മങ്കരയിൽ വീട്ടിലും ആശുപത്രിയിലും ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കും. പ്രതിരോധ കുത്തിവയ്പ് നടത്തിയിട്ടും ഇത്തരം സാഹചര്യം ഉണ്ടായത് അത്യപൂർവമാണെന്നും മരണകാരണം സ്ഥിരീകരിക്കാൻ പരിശോധന നടത്തുമെന്നും തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗംഡോക്ടർമാർ പറഞ്ഞു.വാക്സീൻ നൽകിയ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചാണോ മരുന്നു സൂക്ഷിച്ചിരിക്കുന്നതെന്നു പരിശോധിക്കും.

എപ്പോഴും ഉണ്ട് തെരുവുനായ് ആക്രമണം; മിക്കപ്പോഴും ഇല്ല വാക്സീനും സീറവും

പാലക്കാട് ∙ നായ കടിച്ചാൽ കുത്തിവയ്ക്കുന്ന ഇൻട്രാ ഡെർമൽ റാബീസ് വാക്സീനും (ഐഡിആർവി) ആന്റി റാബീസ് സീറവും (എആർഎസ്)  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പലപ്പോഴും ലഭ്യമല്ലാത്തത് കടുത്ത വെല്ലുവിളിയാകുന്നു. നിശ്ചിത സമയത്തിനുള്ളിൽ നടത്തേണ്ട കുത്തിവയ്പിനായി പലപ്പോഴും കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്കു പറഞ്ഞുവിടുകയാണു പതിവ്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലരും തൃശൂരിലേക്കു പോകാറില്ല.

ഇന്നലെ പേവിഷബാധയുടെ ലക്ഷണങ്ങളോടെ മരിച്ച ശ്രീലക്ഷ്മിയും കടിയേറ്റ ദിവസം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും സീറം ഇല്ലാത്തതിനാൽ വാക്സീൻ മാത്രം സ്വീകരിച്ച് തൃശൂരിലേക്കു പോവുകയായിരുന്നു.തുടർന്ന് രണ്ടും നാലും ഡോസ് വാക്സീൻ ജില്ലാ ആശുപത്രിയിൽനിന്നു സ്വീകരിച്ചെങ്കിലും മൂന്നാം ഡോസ് വാക്സീന് സ്വകാര്യ ആശുപത്രിയെ ആണ് ആശ്രയിച്ചത്. ജില്ലയിൽ സർക്കാർ മേഖലയിൽ വാക്സീൻ ലഭ്യമല്ലാത്തതായിരുന്നു കാരണം.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു ജില്ലാ ആശുപത്രിയിൽ മാത്രം ദിവസവും നൂറിലേറെപ്പേർ ചികിത്സ തേടി എത്തുന്നുണ്ട്. ജില്ലാ വനിതാ ശിശു ആശുപത്രിയിലും 30–40 പേർ ചികിത്സതേടി എത്തുന്നുണ്ട്. ഇതര സർക്കാർ ആശുപത്രികൾ കൂടിയാകുമ്പോൾ പ്രതിദിനം ഇരുനൂറിലേറെ പേരാണു ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സ തേടി എത്തുന്നത്. ജില്ലയിൽ നിലവിൽ വാക്സീനും സീറവും സ്റ്റോക്ക് ഉള്ളതായി അധികൃതർ അറിയിച്ചു.

ശ്രീലക്ഷ്മിയെ കടിച്ച നായ വീട്ടുടമസ്ഥനെയും കടിച്ചു

പത്തിരിപ്പാല ∙ മേയ് 30നു കോളജിൽ പോകുമ്പോഴായിരുന്നു ശ്രീലക്ഷ്മിയെ അയൽവീട്ടിലെ നായ  കടിച്ചത്. ജില്ലാ ആശുപത്രിയിൽ സീറം ഇല്ലായിരുന്നതിനാൽ വാക്സീൻ മാത്രം സ്വീകരിച്ച് അന്നുതന്നെ തൃശൂർ മെഡിക്കൽ കോളജിലേക്കു പോയിരുന്നു. അവിടെ സീറം കുത്തിവച്ചു. രണ്ടും നാലും ഡോസുകൾ ജില്ലാ ആശുപത്രിയിൽ നിന്നും മൂന്നാം ഡോസ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും സ്വീകരിച്ചു. ഇതിനിടെ, ശ്രീലക്ഷ്മിയെ കടിച്ച നായ വീട്ടുടമസ്ഥനെയും തെരുവുനായയെയും കടിച്ചു. തെരുവുനായ മറ്റു നായ്ക്കളെ കടിച്ചതോടെ വളർത്തുനായയെ തല്ലിക്കൊന്നു.

രണ്ടു ദിവസം മുൻപു പനി ബാധിച്ചതിനെത്തുടർന്നു ശ്രീലക്ഷ്മി മങ്കരയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. നായയുടെ കടിയേറ്റ വിവരം അറിഞ്ഞ ഡോക്ടർ ഗുളികയും വെള്ളവും നൽകിയപ്പോൾ പേവിഷ ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചു. ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com