ADVERTISEMENT

പാലക്കാട് ∙ മങ്കരയിൽ വളർത്തുനായയുടെ കടിയേറ്റു ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനിയുടെ മരണം പേവിഷ ബാധയേറ്റാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വിദ്യാർഥിനി 4 ഡോസ് വാക്സീനും എടുത്തിരുന്നതായും വകുപ്പു നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതടക്കമുള്ള വിശദ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർ ഇന്ന് ആരോഗ്യമന്ത്രിക്കും ഡയറക്ടർക്കു കൈമാറും. തുടർന്ന് അവിടെനിന്നുള്ള വിദഗ്ധ സമിതിയുടെ നിർദേശാനുസരണമായിരിക്കും നടപടികൾ. മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനി ശ്രീലക്ഷ്മിയാണ് (19) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. 

പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷ ബാധ ഉണ്ടാകാനുള്ള കാരണം കണ്ടെത്താൻ വിശദാന്വേഷണം വേണ്ടിവരും. ഇതിനായി  വാക്സീന്റെ ഗുണനിലവാരമടക്കം പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പരിശോധനകൾ നടത്തണമെങ്കിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശം അനിവാര്യമാണ്. വാക്സീന്റെ ഗുണനിലവാരം, ഉപയോഗിക്കുമ്പോഴുള്ള വീഴ്ച, കുത്തിവച്ചിട്ടും വേണ്ടത്ര പ്രതിരോധശേഷി കൈവരിക്കാനാകാത്ത അവസ്ഥ, കടിയേറ്റുണ്ടായ പരുക്കിന്റെ തീവ്രത തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാകൂ.

മേയ് 30നു കോളജിൽ പോകുമ്പോഴാണ് അയൽവീട്ടിലെ വളർത്തുനായ ശ്രീലക്ഷ്മിയെ കടിച്ചത്. തുടർന്നു 3 തവണ സർക്കാർ ആശുപത്രിയിൽ നിന്നും ഒരു ഡോസ് സ്വകാര്യ ആശുപത്രിയിൽ നിന്നുമാണു കുത്തിവച്ചത്. ഡിഎംഒ ഡോ.കെ.പി.റീത്ത, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.സലിൻ ഏലിയാസ്, മൃഗസംരക്ഷണ വകുപ്പ് ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.ജോജു ഡേവിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്.

മുറിവിന്റെ ഗൗരവം അറിയിച്ചില്ല: അച്ഛൻ

നായയുടെ കടിയേറ്റ സംഭവത്തിൽ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്ന ആരോഗ്യവകുപ്പിന്റെ വാദത്തിനെതിരെ ‍ശ്രീലക്ഷ്മിയുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടി മരിച്ചതിനു ശേഷം ഇങ്ങനെ പറയുന്നതു വേദനാജനകമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ശ്രീലക്ഷ്മിയുടെ അച്ഛൻ സുഗുണൻ പറഞ്ഞു. ആഴത്തിലുള്ള മുറിവാണെന്ന് മെഡിക്കൽ കോളജിൽനിന്ന് അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അരുമ മൃഗങ്ങളോടും വേണം അകലം

പാലക്കാട് ∙ മങ്കരയിൽ പേവിഷ ബാധയെത്തുടർന്നു കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ബോധവൽക്കരണം ശക്തമാക്കാൻ തീരുമാനം. വളർത്തു മൃഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതുമൂലം തെരുവുനായ്ക്കൾ വ്യാപിക്കുന്നത് തടയാൻ നടപടി സ്വീകരിക്കാനും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

പേവിഷബാധയുള്ള മൃഗങ്ങൾ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്യുമ്പോഴാണ് പേവിഷബാധയേൽക്കുന്നത്. മുറിവിലൂടെയാണ് വൈറസ് ശരീരത്തിലേക്കു വ്യാപിക്കുക. വളർത്തു മൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാൻ, കുരങ്ങ് പോലുള്ള വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം. രോഗപ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗം പൂർണമായും തടയാം. പട്ടി കടിച്ചാൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സ തേടിയാൽ മതിയെന്നു കരുതരുത്.

വാക്സീനെടുത്തിട്ടും എന്തുകൊണ്ട് ? 

തൊട്ടടുത്ത വീട്ടിലെ നായ കടിച്ചശേഷം പ്രതിരോധ വാക്സീനും സീറവും എടുത്തിട്ടും പേ വിഷബാധ ബാധിച്ചാണ് മങ്കരയിലെ വിദ്യാർഥിനി മരിച്ചത്. സാധാരണ രീതിയിൽ നായ കടിച്ചാൽ ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. സാധ്യതകൾ വിരളമാണെങ്കിലും വാക്സീനെടുത്താലും പേ വിഷബാധ വരാമെന്നാണു വിദഗ്ധർ പറയുന്നത്. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്

∙ കൃത്യമായ സമയത്ത് വാക്സീൻ ചെയ്യണം. വൈകുന്തോറും ഫലപ്രാപ്തി കുറയും. ഇന്നു കടിച്ചു. നാളെ കുത്തിവയ്പു നടത്താം എന്നു ചിന്തിക്കരുത്. കൃത്യമായ ദിവസങ്ങളിൽ തുടർഡോസ് സ്വീകരിച്ചിരിക്കണം. കടിയേറ്റവർക്ക് സർക്കാർ ആശുപത്രികളിൽ 4 ഡോസ് ഐഡിആർ വാക്സീനാണു(ഇൻട്രാ ഡെർമൽ റാബീസ് വാക്സീൻ) കുത്തിവയ്ക്കുക. ചോര പൊടിയുകയോ മുറിവ് ആഴത്തിലുള്ളതോ ആണെങ്കിൽ എആർഎസ് (ആന്റി റാബീസ് സീറം) കുത്തിവയ്ക്കണം. കടിയേറ്റ അന്നും തുടർന്ന് 3,7,28 ദിവസങ്ങളിലുമാണ് ഐഡിആർ വാക്സീൻ കുത്തിവയ്ക്കേണ്ടത്. കടിയേറ്റ മുറിവിനോടു ചേർന്നു കുത്തിവയ്ക്കേണ്ട എആർഎസ് എത്രയും പെട്ടെന്ന് കുത്തിവയ്ക്കണം. വൈകി എആർഎസ് കുത്തിവച്ചിട്ടു കാര്യമില്ല.

∙ ഓരോ വ്യക്തികളിലും വാക്സീൻ പ്രതികരിക്കുന്നതും ഫലപ്രാപ്തി ഉണ്ടാക്കുന്നതും വ്യത്യസ്ത രീതിയിലായിരിക്കും. രണ്ടുപേർക്ക് ഒരേ വാക്സീൻ കുത്തിവച്ചാലും ഒരു പോലെ ആകില്ല പ്രതിരോധം. മാത്രമല്ല ,  നായ കടിക്കുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷമാണ് നമ്മൾ കുത്തിവയ്പ് നടത്തുന്നതെന്ന് ഓർക്കുക.

∙ കടിയുടെ തീവ്രതയും പ്രധാന ഘടകമാണ്. പേവിഷബാധയുള്ള നായയിൽ നിന്ന് ഞരമ്പിന്റെ അറ്റത്ത് തീവ്രമായ കടിയേൽക്കുയാണെങ്കിൽ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്ന തീവ്രതയിൽ വ്യത്യാസമുണ്ടാകും. വസ്ത്രത്തിനു മുകളിലാണെങ്കിൽ തീവ്രത കുറവായിരിക്കും.

∙ വാക്സീൻ സൂക്ഷിക്കുന്ന രീതിയും ഗുണനിലവാരവും തമ്മിൽ വലിയ ബന്ധം ഉണ്ട്. പ്രത്യേക രീതിയിൽ ശീതികരിച്ച് സൂക്ഷിക്കേണ്ട വാക്സീൻ അലക്ഷ്യമായി സൂക്ഷിക്കുന്നത് ഗുണമേന്മയെ ബാധിക്കും

∙ കടിക്കുന്ന നായയിലെ വൈറസിന്റെ അളവ് പ്രധാനമാണ്. ഒരാളെ കടിച്ച ശേഷമാണ് മറ്റൊരാളെ കടിക്കുന്നതെങ്കിൽ രണ്ടാമത്തെയാളുടെ വൈറസ് തീവ്രത താരതമ്യേന കുറവായിരിക്കും.

∙പട്ടി കടിച്ചാൽ പ്രാഥമികമായി ചെയ്യേണ്ട നടപടികൾ നടത്താത്തതും തീവ്രത വർധിക്കാൻ കാരണമാണ്. മുറിവേറ്റ ഉടൻ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും നല്ല ശക്തിയിൽ ഒഴുകുന്ന പൈപ്പ് വെള്ളത്തിൽ മുറിവ് സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയായി കഴുകണം. പലരും കഴുകാറുണ്ടെങ്കിലും കൃത്യമായ രീതിയിൽ ഉണ്ടാകാറില്ല.

ശ്രദ്ധിക്കേണ്ടത് വളർത്തു നായ്ക്കളെ

∙ 97 ശതമാനം പേ വിഷബാധയും നായ്ക്കളിൽ നിന്നാണു വരുന്നതെന്നാണു കണക്ക്. അതിൽ 60 ശതമാനത്തിലേറെയും വീട്ടിൽ വളർത്തുന്ന നായ്ക്കളിൽ നിന്നാണ്.

∙ വീട്ടിൽ നായ്ക്കളെ വളർത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ വഴി ലൈസൻസ് നൽകുന്ന നടപടി കർശനമാക്കണം. ലൈസൻസ് നൽകുന്നതിന് നായ്ക്കളെ ആന്റി റാബിസ് വാക്സിനേഷൻ ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ വലിയ തോതിലുള്ള അപകടം ഇല്ലാതാക്കാം.

∙ തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് ഒഴിവാക്കണം. നായ്ക്കളെ കൊല്ലരുതെന്ന നിയമം വന്നതോടെ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി(എബിസി) അനുസരിച്ച് ഇവയുടെ പെറ്റുപെരുകൽ തടയുകയാണു ചെയ്യുന്നത്. പെൺ നായകളെ പിടികൂടി ഗർഭപാത്രം നീക്കുകയും ആൺ നായകളെ പിടികൂടി വന്ധ്യംകരിക്കുകയുമാണു പതിവ്. ഒരു സ്ഥലത്തുനിന്നു പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് അവിടെത്തന്നെ തുറന്നുവിടും.

∙ ആന്റി റാബിസ് വാക്സീനും സീറവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം ഉറപ്പാക്കണം.

∙ നായകൾ ജനിച്ച് രണ്ട് മാസം കഴിഞ്ഞ് തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനും നൽകണം.

∙ മൃഗങ്ങളോടു കരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.

∙ കുട്ടികളെ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താൽ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം 

∙ മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com