ADVERTISEMENT

ഒറ്റപ്പാലം∙ നഗരസഭയിലെ പാലപ്പുറത്തെയും ലക്കിടി പേരൂർ പഞ്ചായത്തിലെ നെല്ലിക്കുറുശ്ശിയെയും ബന്ധിപ്പിച്ചു മുളഞ്ഞൂർ തോടിനു കുറുകെ നിർമിക്കുന്ന കുതിരവഴിപ്പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയാകുന്നു. അഞ്ചര കോടി രൂപ വിനിയോഗിച്ചാണു പദ്ധതി.   നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം കെ.പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിലയിരുത്തി. പ്രദേശത്തിന്റെ ഘടന പരിഗണിച്ചു തോടിനു കുറുകെ ചരിഞ്ഞ നിലയിലുള്ള പാലമാണു (സ്ക്രൂ ബ്രിജ്) ആണു നിർമിക്കുന്നത്. 26 മീറ്റർ നീളമുള്ള പാലത്തിന്റെ വീതി നടപ്പാതകൾ ഉൾപ്പെടെ 11 മീറ്ററാണ്. ഇരു ഭാഗങ്ങളിലായി 135 മീറ്റർ നീളത്തിലാണ് അപ്രോച്ച് റോഡുകൾ. 

‌പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിനു നെല്ലിക്കുറുശ്ശിയിൽ നിന്നുള്ള കുതിരക്കോലത്തെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോൾ തോട് കുറുകെ കടക്കാൻ നേരിട്ടിരുന്ന ബുദ്ധിമുട്ടു കൂടി പരിഗണിച്ചു വിഭാവനം ചെയ്യപ്പെട്ട  പദ്ധതിയാണിത്. ഇതു പരിഗണിച്ചാണു പദ്ധതിയുടെ പേര് ‘കുതിരവഴിപ്പാലം’ എന്നാക്കി മാറ്റിയതും. അടുത്ത പൂരത്തിനു മുൻപു പാലം തുറക്കാനാകുമെന്നാണു പ്രതീക്ഷ. കൈവരികളുടെയും നടപ്പാതകളുടെയും അപ്രോച്ച് റോഡുകളുടെയും  നിർമാണവും മിനുക്കുപണികളുമാണ് അവശേഷിക്കുന്നത്. മംഗലം-മുരുക്കുംപറ്റ പാതയിൽ നിന്നു പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ എത്താനുള്ള എളുപ്പവഴിയായി മാറും പുതിയ പാലം. 2015ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണിത്. സാങ്കേതിക നടപടികൾ പൂർത്തിയാകാൻ കാലതാമസം നേരിടുകയായിരുന്നു. നഗരസഭാധ്യക്ഷ കെ.ജാനകീദേവി, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് എന്നിവരും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com