ADVERTISEMENT

പാലക്കാട് ∙ മഴ ലഭിച്ച് ഒന്നാം വിള നെൽകൃഷി പ്രവൃത്തികൾ സജീവമായതോടെ പാടത്തു തൊഴിലാളി ക്ഷാമം. നടീൽ കഴിഞ്ഞ പാടങ്ങളിൽ കളയും നമ്പും നീക്കാനും മറ്റും അതിർത്തി പ്രദേശത്തു നിന്നും തമിഴ്നാട്ടിൽ നിന്നും ഏജന്റു വഴി തൊഴിലാളികളെ എത്തിക്കേണ്ട സ്ഥിതിയുണ്ടെന്നു കർഷകർ പറയുന്നു. നെൽപാടങ്ങളിൽ തൊഴിലാളി ലഭ്യത ഉറപ്പാക്കാൻ തൊഴിലുറപ്പു പദ്ധതി തൽക്കാലത്തേക്കു നിയന്ത്രിക്കണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു. കൃഷിപ്പണി സജീവമാകുമ്പോൾ തൊഴിലുറപ്പു പദ്ധതി നിർത്തിവയ്ക്കാറുണ്ടെങ്കിലും പലയിടത്തും ഇതു നടപ്പാകുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.    ഒട്ടേറെ പാടശേഖരങ്ങളിൽ നടീൽ പ്രവൃത്തികൾ പുരോഗതിയിലാണ്. നേരത്തെ നടീൽ കഴിഞ്ഞ പാടങ്ങളിൽ കള നീക്കലും വളപ്രയോഗവും ആരംഭിച്ചിട്ടുണ്ട്.

മിക്കയിടത്തും ഏജന്റുമാർ മുഖേനയാണു തൊഴിലാളികളെ എത്തിക്കുന്നത്.    10 തൊഴിലാളികളെ എത്തിച്ചാൽ ഒരു തൊഴിലാളിയുടെ വേതനത്തിനു തുല്യമായ തുക ഏജന്റിനു പ്രതിഫലമായി നൽകണം. 20 തൊഴിലാളികൾ ആവശ്യമെങ്കിൽ 2 തൊഴിലാളികളുടെ വേതനത്തിനു തുല്യമായ തുക നൽകണം. കൃഷിപ്പണി അറിയുന്ന തൊഴിലാളികളെ ഏജന്റുമാർ മുഖേന ലഭിക്കുന്നുണ്ട്. മുൻപു നാട്ടിൽ തന്നെ പാടത്തെ പണികൾ അറിയാവുന്ന തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തീരെ ഇല്ലാത്ത സ്ഥിതിയാണ്. മീനാക്ഷിപുരം ഉൾപ്പെടെയുള്ള ഭാഗങ്ങളി‍‍ൽ നിന്നാണു തൊഴിലാളികൾ എത്തുന്നത്. ഈ സമയത്ത് തൊഴിലുറപ്പു പദ്ധതി ഒന്നു നിയന്ത്രിച്ചാൽ പാടത്തു തൊഴിലാളി ക്ഷാമം അത്രയും കുറയ്ക്കാനാകുമെന്നു കർഷകർ പറയുന്നു. 

വരമ്പിലെ പുല്ല്വെട്ടാനും ചെലവ് 

ഇപ്പോൾ നെൽപാടം മാത്രം വൃത്തിയാക്കിയാൽ പോര, വരമ്പിലെ പുല്ലും വെട്ടണം. മുൻപു കന്നുകാലികൾക്കു തീറ്റ നൽകാൻ വരമ്പത്തെ പുല്ല് അരിഞ്ഞെടുത്തു കൊണ്ടുപോയിരുന്നു. നാട്ടിൻ പുറത്തു പോലും കന്നുകാലികൾ കുറഞ്ഞതോടെ പുല്ലിന് ആവശ്യക്കാർ കുറഞ്ഞു. ഇതോടെ പുല്ല് യന്ത്രം ഉപയോഗിച്ചു മാസത്തിലൊരിക്കൽ വെട്ടണം. മണിക്കൂറിനു 300 രൂപയാണു നിരക്ക്. മുൻവർഷം 250 രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com