ADVERTISEMENT

പാലക്കാട് ∙ ‌ ജനവാസമേഖല പരമാവധി ഒഴിവാക്കി കോഴിക്കോട്–പാലക്കാട് ഭാരത്‌മാല ഗ്രീൻഫീൽഡ് ഹൈവേ നടപ്പാക്കണമെന്ന് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ പരാതി പരിഹാര അദാലത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂവുടമകളുടെ പരാതികൾ അറിയുന്നതിനായി റവന്യു വിഭാഗം നടത്തിയ അദാലത്തിൽ ഇന്നലെ 92 പേരുടെ പരാതികൾ പരിഗണിച്ചു. ആകെയുള്ള നാലോ അഞ്ചോ സെന്റ് ഭൂമിയാണ് നഷ്ടപ്പെടുന്നതെന്നതിനാൽ ഒഴിവാക്കണമെന്നതു മുതൽ നഷ്ടമാകുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണു ഭൂവുടമകൾ പങ്കുവച്ചത്.

ജനങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നെന്നും ഇതു ഗൗരവകരമായി പരിഗണിക്കുമെന്നും പ്രതിസന്ധികളില്ലാതെ ഭൂമി ഏറ്റെടുക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. കല്ലടിക്കോട് മലയടിവാരത്തിലൂടെ കടന്നു പോകുന്ന ഗ്രീൻഫീൽഡ് ഭാരത്‌മാല റോഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരാതി പരിഹാര അദാലത്തിന്റെ ആദ്യ ദിവസത്തിൽ മരുതറോഡ്, മലമ്പുഴ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ പരാതികളാണ് പരിഗണിച്ചത്.   

മരുതറോഡ്, പാലക്കാട്–2 വില്ലേജുകളിലെ 103 പേർക്കു പരാതി അറിയിക്കാൻ നോട്ടിസ് നൽകിയിരുന്നു. ഇന്നലെ വരാത്തവരുടെ പരാതികൾ ഇന്നു പരിഗണിക്കും. എൻഎ, എൻഎച്ച് സ്പെഷൽ ഡപ്യൂട്ടി കലക്ടർ എച്ച്.ഷഹനാസ്, തഹസിൽദാർ ബി.അഫ്സൽ, ഡപ്യൂട്ടി തഹസിൽദാർമാരായ വി.സുധ, എം.ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് പാലക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന മലമ്പുഴ–2 വില്ലേജിലെ പരാതികൾ കേൾക്കാൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളി‍ൽ അദാലത്ത് നടത്തും.

നാലായിരത്തോളം പരാതികൾ

ജില്ലയിൽ ആകെ നാലായിരത്തോളം പരാതികളാണു ലഭിച്ചിട്ടുള്ളത്. ഇതിൽ എഴുന്നൂറോളം പരാതികൾ പാലക്കാട് താലൂക്കിലും ബാക്കിയുള്ളവ മണ്ണാർക്കാട് താലൂക്കിലുമാണ്. ഈ മാസം 15 വരെ നടക്കുന്ന പരാതി പരിഹാര അദാലത്തിൽ പാലക്കാട് താലൂക്കിലെ പരാതികൾ മാത്രമാണു കേൾക്കുന്നത്. ഇതിനു ശേഷമാകും മണ്ണാർക്കാട് താലൂക്കിൽ അദാലത്തുകൾ നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com