ADVERTISEMENT

ചിറ്റൂർ ∙ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അതിർത്തിപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ മില്ലിൽ സൂക്ഷിച്ച 1623 കിലോ റേഷനരിയും 59 കിലോ ഗോതമ്പും പിടിച്ചു. വടകരപ്പതി പഞ്ചായത്തിലെ ഒഴലപ്പതിയിൽ അടഞ്ഞുകിടന്ന സ്വകാര്യ മില്ലിൽ ആവശ്യമായ രേഖകളോ കൃത്യമായ തൂക്കമോ കൂടാതെ 29 ചാക്കുകളിലായി അരിയും ഒരു ചാക്കിൽ ഗോതമ്പും സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതു റേഷനാണെന്നും തമിഴ്നാട്ടിൽ നിന്നു കടത്തിയതാണെന്നു സംശയമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

പാലക്കാട് ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ വഴി തമിഴ്നാട് റേഷനരി വ്യാപകമായി കടത്തുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ രാവിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങൾ കൊഴിഞ്ഞാമ്പാറയിലെ സപ്ലൈകോ ഗോഡൗണിലേക്കു മാറ്റി. ഇന്നലെ പരിശോധന നടത്തിയ മില്ലിൽ നിന്നു മുൻപും തമിഴ്നാട് റേഷൻ പിടിച്ചിട്ടുണ്ട്.

പഞ്ചായത്ത് ലൈസൻസ്, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ് എന്നിവ ഇല്ലാതെയാണു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത അരിയും ഗോതമ്പും പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ചു തുക സർക്കാരിലേക്കു വരവു വയ്ക്കും. താലൂക്ക് സപ്ലൈ ഓഫിസർ എ.എസ്.ബീന, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.ശിവദാസ്, കെ.ആണ്ടവൻ എന്നിവരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com