ADVERTISEMENT

മണ്ണാർക്കാട്∙ നഗരസഭയിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾക്ക് കെട്ടിട നമ്പർ നൽകാത്തതിനെതിരെ കൗൺസിൽ യോഗത്തിൽ പൊട്ടിത്തെറിച്ച് വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.ബാലകൃഷ്ണൻ. പത്താം തീയതിക്ക് മുൻപ് നമ്പർ നൽകിയില്ലെങ്കിൽ 11ന് നഗരസഭയിൽ നിരാഹാരം ഇരിക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. നഗരസഭയിലെ ലൈഫ് പദ്ധതിയുടെ ലിസ്റ്റ് അംഗീകരിക്കാൻ ചേർന്ന ഭരണ സമിതി യോഗത്തിലാണ് പ്രതിഷേധവുമായി സ്ഥിരം സമിതി അധ്യക്ഷൻ എത്തിയത്. പെരിഞ്ചോളം, വടക്കേകര, നടമാളിക, ആണ്ടിപ്പാടം വാർഡുകളിലായി ആറു വീടുകൾക്കാണു നമ്പർ ലഭിക്കാനുള്ളത്. 

ജൂൺ 18ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഈ വീടുകൾക്ക് നമ്പർ നൽകാൻ ഐകകണ്ഠ്യേന തീരുമാനിച്ചതാണ്. രണ്ട് മാസം കഴിഞ്ഞിട്ടും നമ്പർ നൽകാത്തതിന് ന്യായീകരണമില്ല. കൗൺസിൽ എടുക്കുന്ന തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ല. ജനപ്രതിനിധികളെ നോക്കുത്തിയാക്കിയുള്ള രീതി നടക്കില്ല. പത്താം തീയതിക്കു മുൻപ് നമ്പർ നൽകിയില്ലെങ്കിൽ 11 മുതൽ സത്യഗ്രഹമിരിക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം അംഗങ്ങളായ ടി.ആർ.സെബാസ്റ്റ്യൻ, കെ.മൻസൂർ, കോൺഗ്രസ് അംഗം അരുൺകുമാർ പാലക്കുർശ്ശി, മുസ്‌ലിം ലീഗ് അംഗം ഷമീർ വേളക്കാടൻ തുടങ്ങിയവരും ബാലകൃഷ്ണനു പിന്തുണയായി എഴുന്നേറ്റു. 

സാധാരണക്കാർക്ക് സേവനം നൽകാൻ നിയമത്തിന്റെ തലനാരിഴ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ വൻകിടക്കാർക്കു മുൻപിൽ കണ്ണടയ്ക്കുകയാണെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. പണം ലഭിച്ചാലേ ചില ഉദ്യോഗസ്ഥർ കാര്യങ്ങൾ ചെയ്യുന്നുള്ളൂ എന്നതാണ് സ്ഥിതി. 

നഗരസഭയിൽ ഒരു തവണ വിജിലൻസ് വന്നു, ഇനിയും വരുമെന്നും അംഗങ്ങൾ മുന്നറിയിപ്പു നൽകി. വീടുകൾക്ക് കെട്ടിട നമ്പർ നൽകാത്ത വിഷയത്തിൽ കൗൺസിലിന് ഒരേ വികാരമാണുള്ളതെന്നും അടിയന്തരമായി നമ്പർ നൽകണമെന്നും അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ പറഞ്ഞു. നമ്പർ നൽകുന്നതിലെ കാലതാമസത്തെക്കുറിച്ചു സെക്രട്ടറി വിശദീകരിക്കണമെന്നും ബഷീർ ആവശ്യപ്പെട്ടു. വീടുകളുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും തടസ്സം എന്താണെന്ന് പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി എൻ.വിനയൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com