ADVERTISEMENT

പാലക്കാട് ∙ കർഷക ദിനം കരിദിനമായി ആചരിക്കാൻ സംയുക്ത കർഷക സമിതി തീരുമാനിച്ചു. ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകളും പരിസ്ഥിതി നിയമത്തിന്റെ അപകടങ്ങളും പരിഹരിക്കാൻ തയാറാകാത്ത സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ നടത്താനും പാലക്കാട് സമാപിച്ച ‘അതിജീവനം’ കർഷക സംഘടനാ പ്രതിനിധി കൂട്ടായ്മ തീരുമാനിച്ചു. ബഫർ സോൺ ബാധിക്കുന്ന പ്രദേശത്തെ കർഷകരുടെ വിവരശേഖരണം പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തും.  17ന് 10ന് പാലക്കാട് കോട്ട മൈതാനത്ത് പതിനായിരം കർഷകരെ അണിനിരത്തി കർഷക കരിദിനാചരണം നടത്തും.

ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ കബളിപ്പിക്കുകയാണ്. കർഷക അനുകൂലം എന്നവകാശപ്പെട്ടു സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവ് കർഷകരെ സംരക്ഷിക്കുന്നതല്ലെന്നും യോഗം വിലയിരുത്തി. സുപ്രീം കോടതി ഇളവുകൾക്കു വേണ്ടി നൽകിയ സമയ പരാതി കഴിയാൻ ഏതാനും ആഴ്ചകളേയുള്ളൂ. പരിസ്ഥിതിലോല പ്രദേശത്തെ വിവരശേഖരണം ഇതുവരെ നടത്താത്ത സർക്കാർ സെൻട്രൽ എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുന്നതിനുള്ള വിവരശേഖരണം നടത്താൻ മടിക്കുകയാണ്. ബഫർസോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി വകുപ്പിനെയും റവന്യു വകുപ്പിനും ഉത്തരവാദിത്തം നൽകാതെ വനം വകുപ്പിനെ ഏൽപ്പിക്കുന്നത് അപകടകരമാണെന്നും കർഷകർ ആരോപിച്ചു.

സംസ്ഥാന തലത്തിൽ കെസിബിസിയുടെ നേതൃത്വത്തിൽ 61 കർഷക സംഘടനകളുടെ സംയുക്ത സമിതിയാണ് ‘അതിജീവനം’ സംഘടിപ്പിച്ചത്. മലബാർ മേഖലാ അതിജീവന സമ്മേളനങ്ങളുടെ സമാപനമാണ് ഇന്നലെ പാലക്കാട് നടന്നത്.പാലക്കാട് രൂപതാ ഫിനാൻഷ്യൽ ഓഫിസർ ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു. അതിജീവന സമിതി സംസ്ഥാന ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു.

ജോബി കാച്ചപ്പിള്ളി, കിഫ ജില്ലാ കോ ഓഡിനേറ്റർ സണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. കർഷക കർമസേന, പാലക്കാടൻ കർഷക മുന്നേറ്റം, രാഷ്ട്രീയ കിസാൻ മഹാസംഘ്, ഡികെഎഫ്, എകെസിസി, കിഫ, ആർപിഎസ്- പാലക്കാട്, നെല്ലിയാമ്പതി പ്ലാന്റേഴ്സ് അസോസിയേഷൻ, കർഷക രക്ഷാ വേദി, കേരള കർഷക സംരക്ഷണ അസോസിയേഷൻ, ദേശീയ കർഷക സമാജം, മലയോര കർഷക സംരക്ഷണ സമിതി എന്നീ സംഘടനകൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com