ADVERTISEMENT

പാലക്കാട് ∙ യാക്കരയിലെ വീട്ടിലെത്തിയ എം.ശ്രീശങ്കറിന്റെ കഴുത്തിൽ കിടന്ന വെള്ളി മെഡൽ ഉച്ചവെയിലേറ്റ് തിളങ്ങിയപ്പോൾ പൊൻനിറം. ഞായറാഴ്ച ഉച്ചയ്ക്ക് എത്തിയ ശ്രീശങ്കറിനെ മാലപ്പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും നാട് സ്വീകരിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപിൽ നേടിയ വെള്ളിമെഡൽ നാടിനു സ്വർണ തുല്യം. സ്ത്രീകൾ ആരതിയുഴിഞ്ഞാണ്  ‘ശങ്കുവിനെ’ സ്വീകരിച്ചത്. പൂമാലയും പൊന്നാടയുമായി സംഘടനകളും എത്തി. യുവാക്കൾ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു.

മെഡൽ കാണട്ടെ ബ്രോ... കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ വെള്ളി മെഡൽ നേടിയ എം.ശ്രീശങ്കർ ഇന്നലെ പാലക്കാട് യാക്കര മുറിക്കാവിലെ വീട്ടിലെത്തിയപ്പോൾ ശ്രീശങ്കറിന്റെ ‘ചങ്ക്’ ആയ വളർത്തു നായ ‘ക്ലിച്ചോ’ സ്നേഹം പ്രകടിപ്പിക്കുന്നു. രണ്ടു വർഷം മുൻപ് ഒരു ദിവസം പരിശീലനത്തിനു ശേഷം മടങ്ങവേ കൂടെ കൂടിയതാണിവൻ. ശ്രീയോടൊപ്പം നേരെ വീട്ടിലെത്തി. രണ്ടു ദിവസത്തിനു ശേഷം ഉടമയെത്തി തിരികെ വിളിച്ചെങ്കിലും ക്ലിച്ചോ പോകാൻ കൂട്ടാക്കിയില്ല. അന്നുമുതൽ ശ്രീയുടെ ചങ്കായി ക്ലിച്ചോ കുടെയുണ്ട്. പരിശീലനത്തിന് ഇറങ്ങുമ്പോഴും മടങ്ങുമ്പോഴും ക്ലിച്ചോ മുന്നിലുണ്ടാവും. വീട്ടിൽനിന്നു മാറിനിൽക്കുന്ന സമയങ്ങളിൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുമ്പോൾ ക്ലിച്ചോയോടും സംസാരിക്കാൻ ശ്രീശങ്കർ മറക്കാറില്ല. ചിത്രം: വിബി ജോബ് ∙ മനോരമ

ഞായറാഴ്ച പുലർച്ചെ കൊച്ചി വിമാനത്താവളത്തിലെത്തിയ ശ്രീശങ്കറിനെ സ്വീകരിക്കാൻ അമ്മ കെ.എസ്.ബിജിമോളും സഹോദരി ശ്രീപാർവതിയും അടുത്ത ബന്ധുക്കളും നെടുമ്പാശേരിയിലെത്തിയിരുന്നു. അച്ഛനും പരിശീലകനുമായ എസ്.മുരളി ശങ്കുവിനൊപ്പം ഉണ്ടായിരുന്നു. യാക്കരയിലെത്തിയ ഇവരെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ ഉൾപ്പെടെയുള്ളവർ തുറന്ന വാഹനത്തിൽ വീട്ടിലേക്ക് ആനയിച്ചു.

വീടിനു മുൻപിൽ, ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും കായികതാരങ്ങളും എത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, പ്രശാന്ത് ശിവൻ, അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഹരിദാസ് തുടങ്ങിയവരും എത്തി. വാഹനത്തിൽ നിന്നിറങ്ങിയ ശ്രീശങ്കറിനെ തോളിലേറ്റിയാണ് നാട്ടുകാർ വീട്ടിലെത്തിച്ചത്. സെൽഫിയെടുക്കാനും മെഡൽ കാണാനുമായി എത്തിയവർക്കരികിൽ ചെറു പുഞ്ചിരിയോടെ നിന്നു.

ശങ്കു ഏട്ടന്റെ മെഡലിൽ തൊടണമെന്നാവശ്യപ്പെട്ട് കുട്ടികൾ ഓടിയെത്തി. മധുരം നൽകിയാണ് അച്ഛനും അമ്മയും വീട്ടിലേക്കു സ്വീകരിച്ചത്. ബന്ധുക്കളും മധുരവുമായി എത്തിയതോടെ സ്നേഹപൂർവം നിരസിച്ചു. മത്സരം ഇനിയും ബാക്കിയുണ്ട്. 30ന് സ്വിറ്റ്സർലൻഡിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. പരിശീലനം വേണ്ടതിനാൽ വിശ്രമം ഇല്ല, അനുമോദന ചടങ്ങുകളിൽ പങ്കെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. നാളെ വീണ്ടും പരിശീലനം ആരംഭിക്കും– ശ്രീശങ്കർ പറഞ്ഞു.

ഷാഫി പറമ്പിൽ എംഎൽഎയുടെ സമ്മാനം: ജില്ലയ്ക്കൊരു സെമി ഇൻഡോർ ജംപിങ് പിറ്റ്

പാലക്കാട് ∙ ജില്ലയിൽ സെമി ഇൻഡോർ ജംപിങ് പിറ്റ് പണിയുന്നതിന് 25 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ നേടി യാക്കരയിലെ വീട്ടിൽ തിരിച്ചെത്തിയ ശ്രീശങ്കറിനെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് എംഎൽഎ പുതിയ തീരുമാനം അറിയിച്ചത്. മേൽക്കൂര അടക്കമുള്ള സിന്തറ്റിക്ക് ട്രാക്ക് കവർ ചെയ്യും. അതേസമയം പിറ്റിന് മേൽക്കൂര ഉണ്ടാവില്ല.

മഴ കാരണം ശ്രീശങ്കറിന്റെ പരിശീലനം പലപ്പോഴും മുടങ്ങുന്നുണ്ടെന്ന് അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ഹരിദാസ് ഉൾപ്പെടെയുള്ളവർ എംഎൽഎയെ അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവരോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് വന്നതിനു ശേഷം ശ്രീശങ്കറിന്റെ ജംപിലെ മികവ് വർധിച്ചെന്ന് പരിശീലകനും അച്ഛനുമായ എം.മുരളി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com