ADVERTISEMENT

മണ്ണാർക്കാട്∙ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎസ്‌സി മാത്‌സ് അവസാന സെമസ്റ്റർ പരീക്ഷ എഴുതിയ കുട്ടികൾക്ക് കൂട്ടത്തോൽവിയുണ്ടായ സംഭവത്തിൽ തുടർനടപടിയെടുക്കാതെ അധികൃതർ. പുനർ മൂല്യനിർണയം നടത്താൻ മന്ത്രി നിർദേശിച്ചിട്ടും നടക്കാത്തതോടെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരം നഷ്ടമാവുകയാണ്. 

2019- 22 ബാച്ച് ബിഎസ്‌സി മാത്‌സ് റഗുലർ വിദ്യാർഥികൾക്കാണ് കൂട്ടത്തോൽവി സംഭവിച്ചത്. ഈ ബാച്ചിലെ 44 വിദ്യാർഥികളിൽ ഇരുപത് പേരാണ് തോറ്റത്. ഇതിൽ 12 പേർ ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടു. ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടവർ കഴിഞ്ഞ അഞ്ച് സെമസ്റ്ററുകളിലും എൺപത് ശതമാനത്തിലധികം മാർക്കുള്ളവരാണ്. ഏതാനും പേർ 'റിയൽ അനാലിസിസ്' പേപ്പറിലും  കുറച്ചു പേർ 'ഗ്രാഫിക് തിയറി' എന്ന പേപ്പറിലുമാണ് പരാജയപ്പെട്ടത്.  ഭൂരിഭാഗം ചോദ്യങ്ങളും‍ സിലബസിനു പുറത്തു നിന്നുള്ളതായിട്ടും ഉയർന്ന വിജയം പ്രതീക്ഷിച്ചിരുന്നവരാണ് തോറ്റിരിക്കുന്നത്.

മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് വിദ്യാർഥികളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ നേരിട്ടു കണ്ട് പരാതി പറഞ്ഞിരുന്നു. കുട്ടികളുടെ മുൻപിൽ വച്ചു തന്നെ മന്ത്രി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെയും പരീക്ഷ കൺട്രോളറെയും വിളിച്ച് പ്രത്യേക മൂല്യനിർണയം നടത്താൻ നിർദേശം നൽകിയിരുന്നതാണ്. ഒരാഴ്ചയ്ക്കകം മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കാമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പു നൽകിയിരുന്നതുമാണ്. 

ഇതു കഴിഞ്ഞ് 45 ദിവസമായി. വിദ്യാർഥികൾ തങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട് പണം അടച്ചിട്ടും ആഴ്ചകളായി. അതിനും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിൽ ഇല്ലെന്ന സംശയമാണ് വിദ്യാർഥികൾ ഉയർത്തുന്നത്. പിജി കോഴ്സിനു അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ മാസം 11ന് കഴിഞ്ഞു. ഉന്നത പഠനത്തിനുള്ള എല്ലാ വഴികളും അടഞ്ഞ സ്ഥിതിയായി. പലരും വിവിധ കോഴ്സുകളിൽ ചേരാൻ തയാറെടുപ്പു നടത്തിയവരുമാണ്.

യൂണിവേഴ്സിറ്റിയുടെ അലംഭാവം കാരണം ഒരു വർഷം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. യൂണിവേഴ്സിറ്റി അധികൃതരുടെ നടപടിക്ക് എതിരെ ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് വിദ്യാർഥികളായ എസ്.മാളവിക, മുഹമ്മദ് തഹ്സീർ, പി.കെ.ഇർഫാന, കെ.ടി.ഷംസീന ഷെറിൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com