ADVERTISEMENT

പാലക്കാട് ∙ ഷാജഹാൻ വധക്കേസിൽ പ്രതികൾ തങ്ങൾ സിപിഎമ്മുകാരാണെന്ന് പരസ്യമായി പറഞ്ഞതോടെ പ്രതിരോധത്തിലായി സിപിഎം. ആർഎസ്എസുകാരാണു കൊലപ്പെടുത്തിയതെന്നു തുടക്കം മുതൽ പറഞ്ഞിരുന്ന സിപിഎമ്മിന് അവർ ‘പഴയ പാർട്ടിക്കാർ’ ആണെന്നു പറയേണ്ടിവന്നു. 

സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനു വേണ്ടി സജീവമായി രംഗത്തെത്തിയിരുന്ന പല പ്രതികളും എന്നു മുതലാണ് പാർട്ടിയിൽ നിന്ന് അകന്നുപോയതെന്നു സിപിഎം വ്യക്തമാക്കുന്നില്ല. പാർട്ടി കുടുംബത്തിൽ ഇങ്ങനെയൊരു അസുരവിത്തു പിറന്നു എന്നതു നിർഭാഗ്യമായി കണക്കാക്കുന്നുവെന്നും പാർട്ടി അനുഭാവികളായ രക്ഷിതാക്കളും ഇക്കാര്യത്തിൽ ദുഃഖിതരാണെന്നുമാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് പറഞ്ഞത്.

ഇതിനിടെ, കൊലപാതകത്തിൽ വ്യക്തിവിരോധം ഉൾപ്പെടെ കാരണമായെന്ന ജില്ലാ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തലിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു രംഗത്തെത്തി.  പ്രതികൾ സിപിഎമ്മുകാരല്ല, സിപിഎം അംഗത്വവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു

സിപിഎം ആരോപണംപിൻവലിച്ച്മാപ്പുപറയണം: ബിജെപി 

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതു സ്വന്തം പാർട്ടിക്കാരെന്നു വെളിപ്പെട്ട സാഹചര്യത്തിൽ സിപിഎം നേതൃത്വം ആരോപണങ്ങൾ പിൻവലിച്ചു ജനങ്ങളോടു മാപ്പുപറയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ആവശ്യപ്പെട്ടു. തങ്ങൾ സിപിഎമ്മുകാരെന്നു ഷാജഹാൻ കൊലക്കേസിലെ പ്രതി തന്നെയാണു പറഞ്ഞത്.

സിപിഎമ്മിനകത്തെ വിഭാഗീയതയും വെട്ടിനിരത്തലും വൈരാഗ്യവുമാണു കൊലയ്ക്കു കാരണം. എന്നിട്ടും ഇതിന്റെ ഉത്തരവാദിത്തം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ഇപ്പോഴും സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. സിപിഎം ക്വട്ടേഷൻ, ലഹരി മാഫിയ സംഘങ്ങളാണു കൊലയ്ക്കു പിന്നിൽ. സ്വന്തം അണികളെപ്പോലും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനാണു സിപിഎം ശ്രമമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com