ADVERTISEMENT

മുതലമട ∙ വന്യജീവിയുടെ ആക്രമണത്തിൽ കാലിനു പരുക്കേറ്റ പറമ്പിക്കുളത്തെ പിടിയാനയെ മയക്കുവെടി വച്ചു ചികിത്സ നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി. പറമ്പിക്കുളം കടുവ സങ്കേതത്തിൽ സുങ്കം കോളനിക്കടുത്തു തൂണക്കടവ് ഡാമിനു സമീപത്താണു 30 വയസ്സിലധികം പ്രായം വരുന്ന പിടിയാന വലതു പിൻകാലിൽ മുറിവുകളോടെ നിൽക്കുന്നത്. പിടിയാന പ്രകോപിതയാകുന്നതു നിയന്ത്രിക്കാൻ തമിഴ്നാട്ടിൽ നിന്നു 2 കുങ്കിയാനകളെ എത്തിക്കും. കുങ്കിയാനകളെ വിട്ടു നൽകണമെന്ന് അഭ്യർഥിച്ചു തമിഴ്നാട് വനംവകുപ്പിനു സംസ്ഥാന വനംവകുപ്പ് കത്തു നൽകിയിട്ടുണ്ട്. കുങ്കിയാനകൾ ലഭ്യമാകുന്ന മുറയ്ക്കു മയക്കുവെടി വച്ചു പിടിയാനയ്ക്കു മികച്ച ചികിത്സ നൽകാനാണു ശ്രമം.

തൃശൂരിൽ നിന്നെത്തിയ വനംവകുപ്പിന്റെ വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാം നടത്തിയ പരിശോധനകളിൽ കടുവയോ മുതലയോ ആക്രമിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള മുറിവാണ് ആനയുടേതെന്നു സ്ഥിരീകരിച്ചിരുന്നു. പരുക്കുള്ള കാൽ ഊന്നി നടക്കുന്നതിനു ശ്രമിക്കുന്നതിനാൽ എല്ലിനു പൊട്ടലുകൾ ഉൾപ്പെടെ ഗുരുതര പരുക്കുകൾ ഇല്ലെന്നാണു നിഗമനം. ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മയക്കുവെടി വയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ഈച്ചകൾ മുറിവിൽ ഇരിിക്കുന്നത് ഒഴിവാക്കുന്നതിനായി പിടിയാന പകൽ ഏറെ സമയവും തൂണക്കടവ് ഡാമിലെ വെള്ളത്തിലാണു ചെലവിടുന്നത്. അതിനിടെ, പിടിയാനയ്ക്ക് അടുത്തേക്കു കാട്ടാനക്കൂട്ടം എത്തിയതു കൗതുകമായി. വെള്ളത്തിൽ നിന്നു  കയറി വന്ന പിടിയാനയ്ക്കൊപ്പം ഏറെ നേരം കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ആനയെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു നിരീക്ഷിക്കുന്നതിനൊപ്പം ആവശ്യമായ ഈറ്റയും മുളയുമെല്ലാം ഭക്ഷണമായി നൽകുന്നുണ്ട്. ആനയ്ക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com