ADVERTISEMENT

പാലക്കാട് ∙ കർഷനെ വായ്പക്കാരനാക്കാതെ നെല്ലിന്റെ വില കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നേരിട്ടു കൈമാറാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവർ ചേർന്നു രൂപീകരിക്കുന്ന കൺസോർഷ്യത്തിന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയാണ്. 6.1% പലിശയ്ക്കാണ് ബാങ്കുകൾ വായ്പ നൽകുക. ഇതിനു സർക്കാർ ജാമ്യം നിൽക്കും.സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പ എന്ന നിലയിലാണു ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നത്. സപ്ലൈകോയുടെ ജാമ്യത്തിൽ കർഷകനു വായ്പ എന്നായിരുന്നു വ്യവസ്ഥ.

പിന്നീട് സപ്ലൈകോ ബാങ്കുകൾക്കു പണം നൽകുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും. നെല്ലിന്റെ പണം വൈകുന്നതായി കർഷകർ പരാതിപ്പെട്ടപ്പോഴാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ സർക്കാരിൽ നിന്നുള്ള വിഹിതം വൈകുമ്പോൾ സപ്ലൈകോ ബാങ്കുകൾ പണം കൈമാറാൻ വൈകും. ഇതോടെ കർഷകൻ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവും. കർഷകന്റെ സിബിൽ സ്കോർ കുറയുകയും മറ്റു വായ്പകൾ ലഭിക്കാൻ തടസ്സമാവുകയും പതിവായിരുന്നു. സപ്ലൈകോ കുടിശിക തീർക്കാതെ വീണ്ടും പണം നൽകില്ലെന്ന ബാങ്കുകളുടെ നിലപാട് ചില വർഷങ്ങളിൽ സംഭരണത്തെ ബാധിച്ചു.

കർഷകരെ ദോഷമായി ബാധിക്കുന്ന വ്യവസ്ഥയെക്കുറിച്ചു ‘മലയാള മനോരമ’ ഒട്ടേറെ വാർത്തകളും മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പണം നൽകാൻ സ്ഥിരം സംവിധാനം എന്ന നിലയിൽ കൺസോർഷ്യത്തെക്കുറിച്ച് ആലോചിച്ചത്.അതേസമയം, ഏറ്റവും കൂടുതൽ കർഷകർക്ക് അക്കൗണ്ടുള്ള കേരള ബാങ്ക് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നില്ല. ധനകാര്യവകുപ്പിന്റെ അന്തിമാനുമതി ലഭിച്ച് കരാർ ഒപ്പിടുന്നതിന് മുൻപു കേരള ബാങ്കിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

സംഭരണം: 33 ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം∙ സർക്കാരിന്റെ നേതൃത്വത്തിൽ നെല്ലുസംഭരണം നടത്താൻ 33 പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റുമാരെ നിയമിച്ചു കൃഷി ഡയറക്ടർ ഉത്തരവിറക്കി. ആവശ്യമായ ഉദ്യോഗസ്ഥരെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കും. മന്ത്രി ജി.ആർ.അനിൽ വിളിച്ച ഉന്നതതലയോഗത്തിൽ സംഭരണത്തിന്റെ പുരോഗതി വിലയിരുത്തി. മന്ത്രി പി.പ്രസാദും പങ്കെടുത്തു. ഇതുവരെ 79,125 കർഷകർ നെല്ലു സംഭരണത്തിനു റജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിൽ നിന്നാണ്; 55,169 പേർ. ആലപ്പുഴ ജില്ലയിൽ നിന്ന് 8764 പേർ.

മറ്റു ജില്ലകളിലെ കണക്ക്: വയനാട് 6567, കോട്ടയം 4219, തൃശൂർ 2047, തിരുവനന്തപുരം 692, എറണാകുളം 688, മലപ്പുറം 418, കണ്ണൂർ 311, കാസർകോട് 124, കൊല്ലം 120, പത്തനംതിട്ട 3, ഇടുക്കി 3.പാലക്കാട്, തൃശൂർ ജില്ലകളിൽ വിരിപ്പ് സീസണിൽ സംഭരണം ആരംഭിച്ചു. ഈ ജില്ലകളിൽ 85000, 60000 വീതം ഏക്കറിൽ നിന്ന് യഥാക്രമം 1.9 ലക്ഷം ടണ്ണും 12,000 ടണ്ണും വിളവ് പ്രതീക്ഷിക്കുന്നു. പാലക്കാട് ജില്ലയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലും തൃശൂർ ജില്ലയിൽ നവംബർ, ഡിസംബർ മാസങ്ങളിലും കൂടുതലായി സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഈ മാസം അവസാനം കൊയ്ത്ത് തുടങ്ങും. 

യഥാക്രമം 370, 14 ടൺ നെല്ല് പ്രതീക്ഷിക്കുന്നു. വിരിപ്പ് സീസണിൽ ഈ ജില്ലകളിൽ നിന്ന് യഥാക്രമം 40,000, 25,000 ടൺ നെല്ല് പ്രതീക്ഷിക്കുന്നു. മറ്റു ജില്ലകളിൽ ഡിസംബറോടു കൂടി വലിയതോതിൽ സംഭരണം നടക്കുമെന്നും യോഗം വിലയിരുത്തി.ഭക്ഷ്യ സെക്രട്ടറി അലി അസ്ഗർ പാഷ, കൃഷി സെക്രട്ടറി ഡോ.ബി.അശോക്, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, സപ്ലൈകോ എംഡി ഡോ.സഞ്ജീവ് പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com