ADVERTISEMENT

പാലക്കാട് ∙മുണ്ടൂരിൽ കാട്ടാനയുടെ ജീവനെടുത്തതിനു തൊട്ടടുത്ത ദിവസം വൈദ്യുതിക്കെണി ഇല്ലാതാക്കിയതു യുവാവിന്റെ ജീവൻ. ലൈനിൽ നിന്നു നേരിട്ട് പാടത്തെ കെണിയിലേക്ക് വൈദ്യുതിയെടുക്കുകയായിരുന്നു രണ്ടിടത്തും. വിനീതിന്റെ ജീവനെടുത്തതു ത്രീഫെയ്സ് ലൈനിൽ നിന്നു പാടത്തേക്കു വലിച്ച കെണിയിൽ നിന്നു ഷോക്കേറ്റെന്നു പൊലീസ് പറയുന്നു. കഞ്ചിക്കോട് കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയർ  എ.നാഗരാജിന്റെ നേതൃത്വത്തിലുള്ള സംഘം  പരിശോധന നടത്തി ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.

വിനീത് മരിച്ച നെൽപാടത്ത് എട്ടു സ്ഥലങ്ങളിൽ ഇത്തരം കെണിയുണ്ടായിരുന്നെന്നാണു പൊലീസിന്റെ കണ്ടെത്തൽ. പാടത്ത് നെല്ല് കതിരുകൾ ചരിഞ്ഞു കിടന്നതിനാൽ സാധാരണ നടന്നു പോകുന്നവർക്ക് ഇത് കാണാൻ സാധിക്കില്ല.സംഭവം നടന്ന സ്ഥലത്തിന് 200 മീറ്റർ മാത്രം അകലെ സ്വകാര്യ സ്കൂളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30നു ഉടമ പാടത്തെത്തി തോട്ടി ഉപയോഗിച്ച് കെണിയിലേക്കു വൈദ്യുതി കണക്‌ഷൻ നൽകും.

പുലർച്ചെ നേരിട്ട് എത്തി തോട്ടി മാറ്റി ഓഫാക്കുന്നതാണു പതിവെന്ന് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. വിനീതിന്റെ മൃതദേഹം പാടത്ത് കണ്ട ഉടൻ ബന്ധപ്പെട്ടവർക്കു വിവരം നൽകി ഇരുവരും പൊലീസിൽ നേരിട്ടു കീഴടങ്ങുകയായിരുന്നു. ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ എ.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്.

ഒരു കൊല്ലം പൊലിഞ്ഞത് 5 ജീവൻ

പന്നിക്കു വച്ച കെണി വീണ്ടും മരണക്കെണിയായി. ഒരു വർഷത്തിനിടെ ജില്ലയിൽ 5 പേരാണ് ഇത്തരം വൈദ്യുതി കെണിയിൽ കുടുങ്ങി മരിച്ചത്. മുട്ടിക്കുളങ്ങരയിൽ 2 പൊലീസുകാരും പെരുമാട്ടി കാളിമാൻചള്ളയിൽ ഒരു യുവാവും ശ്രീകൃഷ്ണപുരം കുറവട്ടൂരിൽ ഗൃഹനാഥനും  പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ചു. മനുഷ്യർ മാത്രമല്ല ഒരു വർഷത്തിനിടെ 3 കാട്ടാനകളും ഷോക്കേറ്റ് ചെരിഞ്ഞിട്ടുണ്ട്. ഇത്തരം കെണികളിൽപെട്ട് ആരെങ്കിലും മരിച്ചാൽ സ്ഥല ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കു നടപടി നേരിടേണ്ടി വരും. വിഷം നൽകിയോ ഷോക്കടിപ്പിച്ചോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ല. 

ഇങ്ങനെ ഇവയെ കൊന്നാൽ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം 3 മുതൽ 7 വർഷം വരെ കഠിന തടവ് ലഭിക്കും. എന്നാൽ നിയമാനുസൃതമായി വനയോര മേഖലയിൽ കൃഷി നശിപ്പിക്കാനെത്തുന്ന വന്യ മൃഗങ്ങളെ പേടിപ്പിക്കാൻ വൈദ്യുതി പ്രവാഹം കുറഞ്ഞ രീതിയിൽ ഒരുക്കുന്ന സോളർ സംരക്ഷണ വേലിക്ക്(ഫെൻസിങ്) അനുമതിയുണ്ട്.5–10 വോൾട്ടിനു താഴെ മാത്രമാണ് ഇതിലൂടെ വൈദ്യുതി ഇടവിട്ട് കടത്തിവിടുന്നത്. ഇത് ജീവന് അപകടമുണ്ടാക്കില്ല. എന്നാൽ നേരിട്ടു വൈദ്യുത ലൈനിൽ നിന്നോ കമ്പി വലിച്ചോ കൃഷി സ്ഥലങ്ങളിലേക്കു വൈദ്യുതി ചോർത്തിയാൽ അത് അപകട കാരണമാകും

വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി കൃഷി മേഖല

വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ജില്ലയിലെ കാർഷിക മേഖല. മയിലും കാട്ടുപന്നിയും കാട്ടാനയും ഉൾപ്പെടെയുള്ള ശല്യം രൂക്ഷമാണ്. എന്നാൽ ഇതിനെതിരെ ഫലപ്രദമായ നടപടിയില്ല. പന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്കുള്ള അധികാരം പലയിടത്തും വിനിയോഗിക്കുന്നില്ല.കഞ്ചിക്കോടും വേനോലിയും മുണ്ടൂരും ഉൾപ്പെടെയുള്ള മേഖലകളിൽ ഏക്കർ കണക്കിനു കൃഷിയാണു കാട്ടാന ദിനംപ്രതി നശിപ്പിക്കുന്നത്. സർക്കാരിൽ നിന്നു സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് കർഷകർ സ്വന്തം നിലയിൽ വന്യമൃഗങ്ങൾക്കെതിരെ കെണി ഒരുക്കുന്നത്.

അനധികൃതമായി കൃഷി സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന വൈദ്യുതിക്കെണികൾ മനുഷ്യ ജീവൻ തന്നെ അപഹരിക്കുന്ന സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുകയാണ്. എന്നിട്ടും ഇത്തരം നിയമ വിരുദ്ധമായ കെണികൾക്കെതിരെ നടപടിയെടുക്കാനോ കൃഷിനാശത്തിനു ശാശ്വത പരിഹാരമൊരുക്കാനോ വഴി തെളിയുന്നില്ല. പലപ്പോഴും കൃഷി നാശമുണ്ടായാ‍ൽ നഷ്ടപരിഹാരം കിട്ടാൻ പോലും കർഷകർ കാത്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com