ADVERTISEMENT

പാലക്കാട് ∙ എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് കുപ്പിയോട് എ.സുബൈറിനെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് ഇന്നു തുടക്കം. കേസിലെ ഒൻപതു പ്രതികളെയും ഇന്ന് അഡീഷനൽ ജില്ലാ കോടതിയിൽ (ഒന്ന്) ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 

ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹി സുബൈറിനെ കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തൽ. 2022 ഏപ്രിൽ 15ന് ഉച്ചയ്ക്കാണു കൊലപാതകം. പള്ളിയിൽ നിന്നു പിതാവ്  അബൂബക്കറിനോടൊപ്പം വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. കാറുകളിലെത്തിയ അക്രമി സംഘം വാഹനം ഉപയോഗിച്ചു സുബൈറിനെ ഇടിച്ചു വീഴ്ത്തി തുടരെ വെട്ടുകയായിരുന്നു. 

വാഹനത്തിൽ നിന്നു വീണ പിതാവ് അബൂബക്കറിനും പരുക്കേറ്റിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തു കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മുഖ്യപ്രതികളായ എലപ്പുള്ളി പാറ കള്ളിമുള്ളിയിൽ കെ.രമേശ് (42), മേനോൻപാറ കരിമണ്ണ് എടുപ്പുകുളം സ്വദേശി ജി.ആറുമുഖൻ (27), മരുതറോഡ് കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് എം.ശരവണൻ (33) എന്നിവരെ ദിവസങ്ങൾക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണു മുഖ്യപ്രതി രമേശ്. നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി വിഷ്ണു പ്രസാദ് (23), ആർഎസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹ് അട്ടപ്പള്ളം പാമ്പാംപള്ളം സ്വദേശി എം.മനു (31), മരുതറോഡ് ആലമ്പള്ളം വേനോലി റോഡിൽ കുറുപ്പത്ത് എസ്.ശ്രുബിൻലാൽ, ആർഎസ്എസ് മണ്ഡൽ കാര്യവാഹ് എടുപ്പുകുളം പികെ ചള്ള ആർ.ജിനീഷ് (കണ്ണൻ 24), ജില്ലാ കാര്യദർശി എലപ്പുള്ളി പള്ളത്തേരി വെള്ളേക്കുളം ജി.ഗിരീഷ് (41), ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ്.സുചിത്രൻ (32) എന്നിവരാണു മറ്റു പ്രതികൾ. ഡിവൈഎസ്പി എസ്.ഷംസുദീന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജുലൈ 11നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2021 നവംബർ 15നു കിണാശ്ശേരി മമ്പ്രത്തു വച്ചാണു ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയാണു കാറിലെത്തിയ ആക്രമികൾ സഞ്ജിത്തിനെ വെട്ടിവീഴ്ത്തിയത്. ഈ കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളടക്കം പിടിയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com