ADVERTISEMENT

ചിറ്റൂർ ∙ പച്ചത്തേങ്ങ സംഭരണം പ്രഹസനമായതോടെ കിഴക്കൻ മേഖലയിലെ തെങ്ങിൻതോപ്പുകളിൽ പച്ചത്തേങ്ങ കെട്ടിക്കിടക്കുന്നു. മഴയും വെയിലുംകൊണ്ട് തേങ്ങ മുളച്ചുതുടങ്ങിയതായും കർഷകർ പറയുന്നു. കോവിഡ് വ്യാപന കാലത്തുപോലും കാര്യമായി വിലയിടിവ് ഇല്ലാതിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ ഒന്നിന് 8 രൂപയാണു വില. തൂക്കി നൽകുമ്പോൾ കിലോഗ്രാമിന് 20 രൂപയും. കിഴക്കൻ മേഖലയുടെ പ്രധാന വിളകളിലൊന്നാണ് തെങ്ങ്. നാലായിരത്തോളം ഏക്കർ സ്ഥലത്താണ് ഇവിടെ തെങ്ങുകൃഷയുള്ളത്. സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം പ്രഹസനമായതോടെയാണ് തെങ്ങിൻതോപ്പുകളിൽ തേങ്ങ കെട്ടിക്കിടക്കാൻ തുടങ്ങിയത്. മേഖലയിലെ 2 കൃഷിഭവനുകളിലായി ആഴ്ചയിൽ 10 ടൺ തേങ്ങയാണ് സംഭരിക്കുന്നത്. അതേസമയം അതിർത്തി പഞ്ചായത്തുകളിൽ നിന്നു മാത്രം പ്രതിദിനം 100 ടണ്ണിലധികം തേങ്ങ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. 

കർഷകരെ ചൂഷണം ചെയ്തുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ കെട്ടിക്കിടക്കുന്ന തേങ്ങ വാങ്ങി തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്. പൊതിച്ച തേങ്ങ കിലോഗ്രാമിന് 20 രൂപ നിരക്കിൽ വാങ്ങുമ്പോൾ അതിൽ 2 രൂപ തേങ്ങ പറിക്കാനും പൊതിക്കാനുമുള്ള കൂലിയായി ഈടാക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ 30 രൂപ താങ്ങുവില നൽകിയാണ് തേങ്ങ സംഭരിക്കുന്നത്. കൂടാതെ കൊപ്രയാക്കി നൽകിയാൽ കിലോഗ്രാമിന് 110 രൂപയും നൽകുന്നുണ്ട്. ഇവിടെനിന്നു തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന തേങ്ങ തമിഴ്നാട്ടിലെത്തിയാൽ മികച്ച വില ലഭിക്കുമെന്നു സാരം. സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കി വിലയിടിവിൽനിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കണമെന്നാണ് മേഖലയിലെ കേരകർഷകരുടെ ആവശ്യം.

സർക്കാർ ഇടപെടണം 

ചിറ്റൂർ ∙ നാളികേരത്തിന്റെ വിലയിടിവു കാരണം കർഷകർ ആത്മഹത്യ മുനമ്പിലായിട്ടും സർക്കാർ നിസ്സംഗത തുടരുന്നത് ശരിയല്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌ സുമേഷ് അച്യുതൻ. കോവിഡിനു മുൻപ് ഒരു തേങ്ങയ്ക്ക് 22 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 7 രൂപയാണ് ലഭിക്കുന്നത്. വിലത്തകർച്ച 200 ശതമാനമായപ്പോൾ ഉൽപാദന ചെലവ് ഇരട്ടിയാകുന്ന ദുർഗതിയിലാണ് കേരകർഷകർ. മേഖലയിൽ  ഉൽപാദിപ്പിക്കുന്ന ലക്ഷക്കണക്കിനു തേങ്ങ വാങ്ങാൻ ആളില്ലാത്തതിനാൽ മുളച്ചു നശിക്കുകയാണ്. യുഡിഎഫ് സർക്കാർ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ അത് കാര്യക്ഷമമായി തുടർന്നു കൊണ്ടുപോയില്ല. സർക്കാർ അടിയന്തരമായി നാളികേര സംഭരണം നടത്തുകയും നഷ്ടമുണ്ടായ കർഷകർക്ക് ധനസഹായം നൽകുകയും ചെയ്യണമെന്ന് സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com