എംപിക്കു ഭക്ഷണം കഴിക്കാൻ സൗകര്യം തിരക്കി വന്ന് ഉദ്യോഗസ്ഥൻ; എത്തിയതു രാഹുൽ ഗാന്ധി എംപി!

Mail This Article
വാടാനാംകുറിശ്ശിയിലെ നമ്പൂതിരീസ് ഹോട്ടലിൽ ഇന്നലെ രാവിലെ തമിഴ് സംസാരിക്കുന്ന ഉദ്യോഗസ്ഥൻ വന്നു ചോദിച്ചത് ‘ഒരു എംപിക്കും കൂടെ 10 പേർക്കും ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകുമോ എന്നാണ്. ശുചിമുറിയും അടുക്കളയും നോക്കി അവർ പോയി. റെഡിയാക്കാമെന്ന് ഉടമ വിക്രമൻ നമ്പൂതിരിയും പറഞ്ഞു.
എട്ടു മണിയോടെയാണ് ഭക്ഷണം രാഹുലിനാണെന്നു പറഞ്ഞത്. എട്ടരയോടെ നടത്തത്തിനു ബ്രേക്ക് കൊടുത്ത് രാഹുൽ ഗാന്ധിയും സംഘവും ബ്രേക്ഫാസ്റ്റ് കഴിക്കാൻ എത്തി. എഐസിസി സംഘം നേരത്തെ തന്നെ രാഹുലിന് കഴിക്കാനുള്ള ഭക്ഷണം എത്തിച്ചിരുന്നു. ബ്രഡും കട്ടൻചായയും മാത്രമാണ് അദ്ദേഹം കഴിച്ചത്. കൂടെയുള്ളവർ മറ്റു ഭക്ഷണം കഴിച്ചു. 20 മിനിറ്റോളം സമയം അവിടെ ചെലവാക്കി.
പെരിന്തൽമണ്ണയിൽ ഗതാഗത നിയന്ത്രണം
പെരിന്തൽമണ്ണ ∙ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ 5 മുതൽ പുലാമന്തോളിൽ നിന്ന് പെരിന്തൽമണ്ണ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുലാമന്തോൾ ടൗണിൽ നിന്ന് പാലൂർ റോഡ്–ഓണപ്പുട എത്തി തിരിഞ്ഞ് പോകണം.
പെരിന്തൽമണ്ണ ടൗണിൽ നിന്നും പുലാമന്തോൾ വഴി പോകേണ്ട വാഹനങ്ങൾ കുന്നപ്പള്ളി റോഡ് ജംക്‌ഷനിൽ നിന്ന് ചെർപ്പുളശ്ശേരി വഴിയോ ബൈപാസ് വഴി അങ്ങാടിപ്പുറത്ത് നിന്ന് ഓണപ്പുട വഴിയോ പോകണം. ഉച്ചയ്‌ക്ക് മൂന്നിന് ശേഷം മാനത്തുമംഗലത്തു നിന്ന് നിലമ്പൂർ, മേലാറ്റൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ 5 വരെ താൽക്കാലികമായി തടയും. 5 ന് ശേഷം പട്ടിക്കാട് നിന്ന് മേലാറ്റൂർ വഴി പോകണം.