ഓപ്പത്ത് ശിവരാമൻ അന്തരിച്ചു

Palakkad News
SHARE

ചെർപ്പുളശ്ശേരി ∙ കവിയും നാടകനടനും കഥാപ്രാസംഗികനുമായ തിരുവാഴിയോട് ഓപ്പത്ത് വീട്ടിൽ ശിവരാമൻ (ഓപ്പത്ത് ശിവരാമൻ-88) അന്തരിച്ചു. കോടതി റിട്ട.ഹെഡ് ക്ലാർക്കാണ്. പൊന്നാടകൾ, പിടിബി സ്മരണകൾ, പി.ടി.ഭാസ്കരപ്പണിക്കരും വെള്ളിനേഴിയുടെ കഥകളി സംസ്കാരവും, പ്രണതോഷ്മികം, പാഞ്ചജന്യം, പഞ്ചാമൃതം തുടങ്ങി 10ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.   

സാംസ്കാരിക പരിപാടികളിലും കഥകളി അരങ്ങുകളിലും മംഗളപത്രം എഴുതി വായിക്കുന്നത് പതിവായിരുന്നു. കഥകളി ആസ്വാദകനും മികച്ച കഥകളി നിരൂപകനുമായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ശ്രീധരൻ, സത്യൻ, സേതുലക്ഷ്മി, സൗമിനി. മരുമക്കൾ: എം.സി.രാധാകൃഷ്ണൻ, നാരായണൻകുട്ടി, പാർവതി, രാധിക.

കഥകളിയെ പ്രണയിച്ച ആസ്വാദകൻ 

കഥകളിയെ സ്നേഹിക്കുകയും കഥകളി കലാകാരന്മാരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്ത ഓപ്പത്ത് ശിവരാമന്റെ വേർപാട് വെള്ളിനേഴി കലാഗ്രാമത്തിനു നികത്താനാവാത്ത നഷ്ടം. എല്ലാവരുമായും അടുത്ത സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നു ശിവരാമൻ. ആരുമായും ചിരിച്ചുകൊണ്ടു മാത്രം സംസാരിച്ചിരുന്ന ഉത്സാഹിയായിരുന്നു.

1970കളിൽ നാടക നടനായാണു ശിവരാമൻ കൂടുതൽ അറിയപ്പെട്ടത്. അശ്വമേധം, മുടിയനായ പുത്രൻ, അരക്കില്ലം തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ പ്രധാന കഥാപാത്രം ചെയ്തിരുന്നു. കഥാപ്രസംഗങ്ങളും അവതരിപ്പിച്ചിരുന്നു. ശിവരാമൻ എഴുതിയ ‘ഫലപ്രാപ്തി’ എന്ന നാടകം അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ആഘോഷ വേളയിൽ തിരുവാഴിയോട് അരങ്ങേറിയിട്ടുണ്ട്. ബെംഗളൂരുവിൽ മലയാളി സമാജത്തിന്റെ കഥകളി അരങ്ങിൽ കത്തിവേഷം ചെയ്തിട്ടുണ്ട് ശിവരാമൻ. കണ്ടുമാത്രം പരിചയിച്ച കഥകളിയിലെ ‘അരങ്ങേറ്റം’!

കലാമണ്ഡലം രാമൻകുട്ടിനായർ, കീഴ്പടം കുമാരൻനായർ, കലാമണ്ഡലം പത്മനാഭൻനായർ എന്നിവരെക്കുറിച്ച് ‘നടത്രയങ്ങൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. മംഗളപത്രം എഴുതിയും വായിച്ചുമാണു കഥകളി സദസ്സുകളിൽ ശിവരാമൻ ജനപ്രീതി നേടിയത്. അരങ്ങുകളിൽ ചില കലാകാരന്മാർ നടത്തിയ പ്രകടനങ്ങൾ ശരിയായില്ലെന്ന അഭിപ്രായം ശിവരാമൻ പരസ്യമായി പറയാറില്ലെന്നും ഇക്കാര്യം തന്നോട് പല വട്ടം ശിവരാമൻ പങ്കുവച്ചിട്ടുണ്ടെന്നും കഥകളി ആചാര്യൻ കലാമണ്ഡലം കെ.ജി.വാസുദേവൻ ഓർക്കുന്നു.

കെ.പ്രേംകുമാർ എംഎൽഎ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, വാർഡംഗം പി.ഗീത തുടങ്ങിയ ഒട്ടേറെ പേർ അന്തിമോപചാരമർപ്പിച്ചു. 

‘കഥകളി അരങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു ഓപ്പത്ത് ശിവരാമൻ. എന്റെ എഴുപതാം പിറന്നാളിനു ഗുരുവായൂരിൽ എത്തിയ ശിവരാമൻ എന്നെ കണ്ടയുടനെ ഒരു കവിത എഴുതി വായിച്ചു കേൾപ്പിച്ചു. ഞാൻ ‘നിമിഷകവി’ എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തു’.

കലാമണ്ഡലം ഗോപി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}