ADVERTISEMENT

അഗളി ∙ ആദിവാസി മേഖലയിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ആർ.ബിന്ദു. അട്ടപ്പാടിയിൽ രാജീവ് ഗാന്ധി സ്മാരക കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു ബജറ്റിൽ 1000 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ പോലെ 116 കോളജുകളിൽ അടിസ്ഥാനസൗകര്യ വികസനം നടക്കുന്നുണ്ട്.വിദ്യാർഥികളുടെ ആശയങ്ങൾ ഉൽപന്നമാക്കി മാറ്റുന്നതിന് ഇൻസെന്റീവ് നൽകുന്നത് ഉൾപ്പടെയുള്ള നൂതന പദ്ധതികൾ കോളജുകളിലുണ്ടാക്കും. ഉൽപാദനപരമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗതിക്കു പഠനകാലത്തു തന്നെ പങ്കു വഹിക്കാൻ വിദ്യാർഥികൾക്കു കഴിയണം. തൊഴിലന്വേഷകരാകാതെ തൊഴിൽദായകരും തൊഴിൽ സ്രഷ്ടാക്കളാമാകണമെന്നു മന്ത്രി പറഞ്ഞു.

സ്ഥലം ലഭ്യമാക്കിയാൽ കായിക വകുപ്പിന്റെ സഹായത്തോടെ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം നിർമിച്ചു നൽകുമെന്നു മന്ത്രി അറിയിച്ചു. 2012ൽ അന്നത്തെ മുഖ്യമന്ത്രിയോട് കോളജ് ആവശ്യപ്പെട്ടതും അനുവദിച്ചതും മുതൽ അട്ടപ്പാടി കോളജിന്റെ വികസനത്തിനൊപ്പം നടന്നതിന്റെ ചാരിതാർഥ്യം അധ്യക്ഷത വഹിച്ച എൻ.ഷംസുദ്ദീൻ എംഎൽഎ പങ്കുവച്ചു.കോളജിന് എംപി ഫണ്ടിൽ ബസ് അനുവദിച്ചതായി വി.കെ.ശ്രീകണ്ഠൻ എംപി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി പഞ്ചായത്ത് അധ്യക്ഷ അംബിക ലക്ഷ്മണൻ, ഷോളയൂർ പഞ്ചായത്ത് അധ്യക്ഷൻ പി.രാമമൂർത്തി, പുതൂർ പഞ്ചായത്ത് അധ്യക്ഷ ജ്യോതി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി.ഗാന്ധി, അഗളി പഞ്ചായത്ത് അംഗം മുഹമ്മദ് നാസർ, പ്രിൻസിപ്പൽ ഡോ.എം.ജി.പ്രസാദ്, എ.പി.അമീൻദാസ് എന്നിവർ പ്രസംഗിച്ചു.

കിഫ്ബിയിൽ 11 കോടി രൂപ ചെലവിൽ നിർമിച്ച 18 ക്ലാസ് മുറികളുള്ള അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും 2 ഹോസ്റ്റലുകളും കന്റീൻ, പ്രിൻസിപ്പൽ ക്വാർട്ടേഴ്സ് എന്നിവയുമാണ് ഉദ്ഘാടനം ചെയ്തത്.2012ൽ അട്ടപ്പാടി വാലി ജലസേചന പദ്ധതിയുടെ ഇൻസ്പെക്‌ഷൻ ബംഗ്ലാവിൽ തുടങ്ങിയ കോളജ് 2017 ൽ കോട്ടത്തറയിൽ നിർമിച്ച താൽക്കാലിക കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. 4 ബിരുദ കോഴ്സുകളും ഒരു പിജി കോഴ്സിലുമായി എഴുന്നൂറോളം വിദ്യാർഥികളുള്ള കോളജിൽ നൂറ്റൻപതോളം പേർ ഗോത്ര വിഭാഗക്കാരാണ്.

സിപിഎം നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു

അഗളി ∙ അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ.കോളജ് കെട്ടിടം ഉദ്ഘാടനച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. സിപിഎം മന്ത്രിമാരെത്തുമ്പോൾ കൂടെ ഉണ്ടാവാറുള്ള ഏരിയ സെക്രട്ടറിയോ കമ്മിറ്റി അംഗങ്ങളോ ചടങ്ങിൽ പങ്കെടുത്തില്ല. മറ്റു പ്രാദേശിക നേതാക്കളെയും കണ്ടില്ല.ഏരിയ കമ്മിറ്റി അംഗമായ ഷോളയൂർ പഞ്ചായത്ത് അധ്യക്ഷൻ പി.രാമമൂർത്തിയും അഗളി പഞ്ചായത്ത് അധ്യക്ഷ അംബിക ലക്ഷ്മണനും പങ്കെടുത്തെങ്കിലും മന്ത്രിക്കു പിന്നാലെ സ്ഥലം വിട്ടു.കോളജിനു സ്ഥലം നൽകിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷയെ ചടങ്ങിനു ക്ഷണിച്ചിരുന്നില്ല. ചടങ്ങു പൂർത്തിയാവുന്നതു വരെ എംപിയും എംഎൽഎയും ഉൾപ്പെടെ യുഡിഎഫുകാരായ ജനപ്രതിനിധികളാണു വേദിയിൽ ഉണ്ടായിരുന്നത്.

സിവിൽ സർവീസ് അക്കാദമി വേണം

അഗളി ∙ അട്ടപ്പാടിയിൽ റസിഡൻഷ്യൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കണമെന്ന് എൻസിപി സംസ്ഥാന കമ്മിറ്റി അംഗം സി.എ.സലോമി മന്ത്രി ആർ.ബിന്ദുവിനു നിവേദനം നൽകി. അനുഭാവപൂർവം പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു.

റോഡ് നന്നാക്കണമെന്ന് 

കുട്ടികൾ മന്ത്രിയോട്

അഗളി ∙ മണ്ണാർക്കാട്-ആനക്കട്ടി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് എപിജെ അബ്ദുൽ കലാം ട്രൈബൽ സ്കൂളിലെ ഒരു സംഘം കുട്ടികൾ മന്ത്രി ആർ.ബിന്ദുവിനു നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com