ADVERTISEMENT

മൂന്നു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനെ‍ാടുവിൽ കേരളത്തിനു ലഭിച്ച ഐഐടിയെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് ടെക്നേ‍ാളജി) കൗമാരത്തിലേക്കു കൈപിടിച്ചുകയറ്റിയാണു പ്രഫ.പി.ബി. സുനിൽകുമാർ ഡയറക്ടർ സ്ഥാനത്തുനിന്നു മടങ്ങുന്നത്. തന്റെ സ്വപ്ന പദ്ധതിയായിട്ടാണ് അദ്ദേഹം ഐഐടിയെ കണ്ടത്. വന്നിറങ്ങിയത്, കുന്നും പാറകളും നിറഞ്ഞ സ്ഥലത്തേക്കായിരുന്നു. ആറു വർഷം പിന്നിടുമ്പേ‍ാൾ അവിടം ആകെ മാറി. പാറകൾക്കുമേൽ മനേ‍ാഹരമായ കെട്ടിടങ്ങൾ ഉയർന്നു. നിർമാണത്തിലും ഗവേഷണത്തിലും എന്നുവേണ്ട ഐഐടിയുടെ ഓരേ‍ാ കാര്യങ്ങളിലും സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒത്തെ‍ാരുമിച്ചു നീങ്ങി.

കഞ്ചിക്കോട് ഐഐടി ക്യാംപസിന്റെ പണി തുടങ്ങുന്നതിനു മുൻപുള്ള കാഴ്ച (ഫയൽ ചിത്രം).

2015–ൽ കേന്ദ്ര സർക്കാർ ഐഐടി പ്രഖ്യാപിച്ചതു മുതൽ അദ്ദേഹം അതിന്റെ ഭാഗമായി. കെട്ടിടമേ‍ാ, സ്ഥലമേ‍ാ ഒന്നും ഉണ്ടായിരുന്നില്ല എന്നതിനാൽ ഈ പദ്ധതിക്കും കേ‍ാച്ച് ഫാക്ടറിയുടെ സ്ഥിതിയുണ്ടാകുമേ‍ാ എന്നു പലരും ആശങ്ക പ്രകടിപ്പിച്ചിരുന്ന സമയത്ത് സ്ഥാപനത്തിന്റെ പ്രഫസർ ഇൻ ചാർജായാണു മദ്രാസ് ഐഐടിയിൽ ഫിസിക്സ് വകുപ്പ് മേധാവിയായിരുന്ന സുനിൽകുമാർ പാലക്കാട്ട് എത്തിയത്. ആരംഭം മുതൽ ഐഐടി അഡ്വൈസർ കെ.എം. ഉണ്ണിമാധവനെ‍ാപ്പം വിശ്രമമില്ലാതെ ജോലിചെയ്തു. അടിയന്തരമായി, താൽക്കാലിക ക്യാംപസിനു കെട്ടിടസൗകര്യം ഉണ്ടാക്കണം. സ്ഥിരം ക്യാംപസിനു സ്ഥലം കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും വേണം എന്നതായിരുന്നു സ്ഥിതി.

സർക്കാർ സംഘത്തിന്റെ തിരച്ചിലിനെ‍ാടുവിൽ, അഹല്യ ക്യാംപസിലെ കെട്ടിടത്തിൽ 2015 ഒ‍ാഗസ്റ്റിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിന്റെ ഐഐടി ഉദ്ഘാടനം ചെയ്തു. പിന്നാലെ ഐഐടിയുടെ ഡയറക്ടറായി കേ‍ാഴിക്കേ‍ാട് സ്വദേശിയായ സുനിൽകുമാറിനെ നിയമിച്ചു. മദ്രാസ് ഐഐടിക്കു കീഴിലായിരുന്നു ആരംഭ പ്രവർത്തനം. കേന്ദ്ര വിദഗ്ധ സംഘം ക്യാംപസിനു കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ അതിവേഗം നടപടി സ്വീകരിച്ചെങ്കിലും, താഴെത്തട്ടിലുള്ള അതിന്റെ നൂലാമാലകൾ പരിഹരിക്കാൻ വില്ലേജ്, താലൂക്ക് ഒ‍ാഫിസുകളിലും കലക്ടറേറ്റിലും സെക്രട്ടേറിയറ്റിലും ഡയറക്ടർ ഒട്ടേറെത്തവണ കയറിയിറങ്ങി. ജില്ലാ കലക്ടർമാരായ കെ. രാമചന്ദ്രൻ, പി. മേരിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലമെടുപ്പ്.

കഞ്ചിക്കോട് ഐഐടി നിള ക്യാംപസ്.

വനം വകുപ്പിന്റെ ഭൂമി വിട്ടുകിട്ടാൻ നല്ല അധ്വാനം വേണ്ടിവന്നെങ്കിലും മറ്റു പല പദ്ധതികളെക്കാൾ വേഗത്തിൽ അതു പൂർത്തിയാക്കാൻ കഴിഞ്ഞു. സ്ഥാപന നടത്തിപ്പിനും ഗവേഷണത്തിനും അധ്യാപനത്തിനുമെ‍ാപ്പം സ്ഥല ഉടമകളുടെ തർക്കം തീർക്കാനും മധ്യസ്ഥനായും ഡയറക്ടറെത്തി. ഏഴു വർഷത്തിനുളളിൽ സ്ഥാപനത്തിന്റെ ശ്രദ്ധേയമായ പല നേട്ടങ്ങൾക്കു പിന്നിലും ഈ കഠിനപ്രയത്നമാണ്. സ്ഥാപനത്തിന്റെ തുടക്കം മുതൽ നാട്ടുകാരനെ ഡയറക്ടറായി ലഭിച്ചതു നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

ക്യാംപസിന്റെ ആദ്യഘട്ടത്തിന് കേന്ദ്രം 1400 കേ‍ാടി രൂപ അനുവദിച്ചു. ആഴ്ചയിൽ രണ്ടു തവണ നിർമാണ സ്ഥലത്തുതന്നെയായിരുന്നു ഡയറക്ടറുടെ നേതൃത്വത്തിൽ പുരേ‍ാഗതി വിലയിരുത്തൽ. കഞ്ചിക്കേ‍ാട് നിള ക്യാംപസ് രണ്ടുവർഷം മുൻപു പൂർത്തിയാക്കി. ബാക്കി ക്ലാസ് മുറികളും ലാബ് കേ‍ാംപ്ലക്സ്, അക്കാദമിക് കേ‍ാംപ്ലക്സ് തുടങ്ങിയവയും അവസാന ഘട്ടത്തിലാണ്. 5 വിഷയങ്ങളിൽ ബിടെക്, 6 വിഷയങ്ങളിൽ എംടെക്, മൂന്ന് എംഎസ്‌സി, പിഎച്ച്ഡി കേ‍ാഴ്സുകൾ എന്നിവ ഐഐടിയിലുണ്ട്. 100 ഫാക്കൽറ്റികളും 1100 വിദ്യാർഥികളും ഉണ്ട്. വളർച്ചയുടെ ആദ്യഘട്ടത്തിൽത്തന്നെ അക്കാദമിക രംഗങ്ങളിൽ ഐഐടി ശ്രദ്ധിക്കപ്പെട്ടു.

കേ‍ാവിഡ് ചികിത്സയ്ക്കു സഹായമായ അൾട്രാ സൗണ്ട് കരൾ രേ‍ാഗ നിർണയ ഉപകരണ നിർമാണം അതിലെ‍ാന്നാണ്. സംരംഭകരുടെ ആശയങ്ങളും ഗവേഷണങ്ങളും പ്രയേ‍ാഗത്തിലെത്തിക്കാൻ കേന്ദ്രസർക്കാർ രണ്ടു കമ്പനികൾ അനുവദിച്ചത് സ്ഥാപനത്തിന്റെ നേട്ടമാണ്. രാജ്യത്തെ ഐഐടികളിൽ ആദ്യമായി ബിടെക് പഠനം പൂർണമായും ചേ‍ായ്സ് ആൻഡ് ക്രെഡിറ്റ് സമ്പ്രദായത്തിലാക്കി. മറ്റ് ഐഐടികളും അതു നടപ്പാക്കാൻ നടപടി ആരംഭിച്ചു. ക്യാംപസ് പൂർത്തിയാകുമ്പേ‍ാൾ 25,000 പേരുള്ള ഒരു ടൗൺഷിപ്പാണ് കഞ്ചിക്കേ‍ാട്ടു വിഭാവനം ചെയ്തിരിക്കുന്നത്.

മടക്കം സന്തേ‍ാഷത്തേ‍ാടെയും അഭിമാനത്തേ‍ാടെയുമാണ്. നാട്ടിൽ ഐഐടി അനുവദിച്ചതു മുതൽ മുതൽ ഇതുവരെ അതിന്റെ ഭാഗമാകാൻ കഴിയുക,    പിറന്നുവീണ കുഞ്ഞിനെ പേ‍‍ാറ്റിവളർത്തുന്നതുപേ‍ാലെ, അതിന്റെ ബാലാരിഷ്ടതകൾ അനുഭവിക്കുകയും മറികടക്കുകയും ചെയ്യുക, എല്ലാവരുടെയും സഹായത്തേ‍ാടെ ക്യാംപസ് നിർമാണത്തിനു നേതൃത്വം വഹിക്കാനും ഗവേഷണ മേഖലയിൽ ചുവടുറപ്പിക്കാനും കഴിയുക, കുട്ടികൾ‌ക്കു മികച്ച സ്ഥാപനങ്ങളിൽ, മുന്തിയ വേതനത്തിൽ ജേ‍ാലി ലഭിക്കുന്ന സ്ഥിതിയിലേക്കു ക്യാംപസിനെ എത്തിക്കുക– ഇതെ‍ാക്കെ എന്നും സന്തേ‍ാഷിക്കാനുള്ള വകയാണല്ലേ‍ാ, ഒ‍ാർമിക്കാനും. മനസ്സ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കെ‍ാപ്പമുണ്ടാകും.ഇനിയുള്ള നേതൃത്വം ഐഐടിയെ കൂടുതൽ മികവിലേക്ക് എത്തിക്കും. – പ്രഫ.പി.ബി. സുനിൽകുമാർ ഐഐടി ഡയറക്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com