ADVERTISEMENT

നെല്ലിയാമ്പതി∙ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ തയാറാക്കുന്നു. ഫാമിൽ ഓറഞ്ചും മറ്റു പഴങ്ങളും പച്ചക്കറികളും ‍പൂക്കളും ഉൽപാദിപ്പിച്ചു വരുന്നുണ്ടെങ്കിലും നഷ്ടത്തിൽ നിന്നു കര കയറാൻ ഇതുവരെ ആയിട്ടില്ല. ഇതിന് പരിഹാരം തേടിയാണ് പുതിയ വരുമാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഫാമിലെ അലങ്കാരച്ചെടികളും ഫലവൃക്ഷങ്ങളും പൂക്കൃഷിയും കാണുന്നതിനൊപ്പം ആമ്പൽ പൂക്കൾ വലയം ചെയ്യുന്ന തടയണയുടെ ചുറ്റും നടന്നു കാണാവുന്ന സംവിധാനമാണ് തയാറാക്കി വരുന്നത്. നിലവിലുള്ള സൗജന്യ പ്രവേശനത്തിനു പകരം ചെറിയൊരു തുക ഫീസായി ഈടാക്കി അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും.

മഴ കഴിയുന്നതോടെ കാബേജ്, ക്വാളിഫ്ലവർ, ബ്രോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, നൂൽക്കോൾ തുടങ്ങി ഹൈറേഞ്ചിൽ ഉൽപാദിപ്പിക്കാനാകുന്ന പച്ചക്കറികൾ പതിവായി കൃഷി ചെയ്യാറുണ്ട്. ഫാമിന്റെ വടക്ക് ഭാഗത്തായി ചരിഞ്ഞുകിടക്കുന്ന 6 ഹെക്ടർ സ്ഥലത്ത് ബീൻസ് കൃഷി ആരംഭിച്ചിട്ടുണ്ട്. മറ്റു പല ഭാഗത്തുമായി 20 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യാനുള്ള നിലമൊരുക്കി വരികയാണ്. ഫാമിൽ നിലവിൽ നാഥനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സൂപ്രണ്ട് കസേര ഒഴിഞ്ഞുകിടക്കുന്നു. പുതിയതായി ചുമതലയേറ്റെടുക്കുന്ന മേധാവികൾ സ്ഥലംമാറി പോകുന്നത് ഫാമിന് ശാപമാകുന്നുണ്ട്.

ഓരോ ഉദ്യോഗസ്ഥരും മുൻകയ്യെടുത്ത് തുടങ്ങി വയ്ക്കുന്ന പുതിയ പദ്ധതികൾ പിന്നീട് നിലച്ചു പോകുകയും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുന്നതും പതിവാണ്. 100ൽ താഴെ മാത്രം തൊഴിലാളികളുണ്ടായിരുന്ന ഫാമിൽ ഇപ്പോൾ 88 സ്ഥിരം തൊഴിലാളികളും 86 കാഷ്വൽ തൊഴിലാളികളും ഉൾപ്പെടെ നിലവിൽ 174 പേരുണ്ട്. ഇത്രയും പേരുടെ അധ്വാനത്തിന് ആനുപാതികമായി ലാഭം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നില്ല. ഫാമിൽ തന്നെയുള്ള പഴം സംസ്കരണ ശാലയിൽ ആവശ്യത്തിനു പഴങ്ങൾ ലഭിക്കാത്തതു കാരണം സ്ക്വാഷ്, ജാം തുടങ്ങിയവയുടെ ഉൽപാദനവും കുറഞ്ഞു. സംസ്കരിക്കാൻ കഴിയാതെ പതിവായി പഴുത്തു നശിച്ചു പോകുമായിരുന്ന പേരയ്ക്ക ഇക്കുറി വേണ്ടത്ര ഉണ്ടായിട്ടില്ല .

കാലാവസ്ഥ വ്യതിയാനവും കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണവുമാണ് ഉൽപാദനം കുറയാനുള്ള കാരണമായി അധികൃതർ പറയുന്നത്. സംസ്കരണ ശാലയിൽ നിന്നു ‘ഫ്രട്ട്നെൽ’‍ എന്ന പേരിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 66 കൃഷിഭവനുകൾ വഴി ഓറഞ്ച്, പാഷൻ ഫ്രൂട്ട്, പേരയ്ക്ക, നാരങ്ങ എന്നിവയുടെ സ്ക്വാഷ് വിപണിയിലെത്തിക്കാൻ പദ്ധതിയിട്ടെങ്കിലും ഫലവത്തായില്ല. ഇടക്കാലത്ത് നിർത്തിവച്ച സംസ്കരണ ശാലയിലെ പ്രവർത്തനം നല്ല രീതിയിൽ തുടങ്ങുകയും ഫാമിലെ കൗണ്ടർ വഴിയുള്ള വിൽപന പുനരാരംഭിക്കുകയും ചെയ്തെങ്കിലും വിളവെടുക്കാനാകുന്ന പഴങ്ങളുടെ കുറവ് വീണ്ടും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതു കാരണം നിലവിൽ കൂടുതൽ വിനോദ സ‍ഞ്ചാരികൾ എത്തുന്ന ഞായറാഴ്ച വിൽപന കൗണ്ടർ അടച്ചിടേണ്ട അവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com