ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിലെ തകർന്ന സ്പിൽവേ ഷട്ടറിനു പകരം സ്ഥാപിക്കാനുള്ള പുതിയ ഷട്ടർ പറമ്പിക്കുളത്ത് എത്തുക 12 ഭാഗങ്ങളായി. ഇന്നലെ തിരുച്ചിറപ്പള്ളിയിലെ വർക്ക് ഷോപ്പിൽ നിന്ന് 5 വാഹനങ്ങളിലായി ഷട്ടറിനുള്ള 12 ഭാഗങ്ങൾ പറമ്പിക്കുളത്തേക്കു കയറ്റി യയച്ചു. രാത്രിയോടെ താഴെ എത്തുന്ന വാഹനങ്ങൾ ഇന്നു രാവിലെ പറമ്പിക്കുളത്തേക്കെത്തും. അണക്കെട്ടിൽ വച്ചാണു 12 ഭാഗങ്ങളും കൂട്ടി യോജിപ്പിച്ചു നടുവിൽ സ്ഥാപിക്കാനുള്ള സ്പിൽവേ ഷ‌ട്ടർ ആക്കി മാറ്റുക. 27 അടി ഉയരവും 35 ടണ്ണോളം ഭാരവും വരുന്നതാണു പറമ്പിക്കുളം അണക്കെട്ടിലെ നടുവിലുള്ള ഷട്ടർ.

സംയുക്ത ജലക്രമീകരണ ബോർഡ് യോഗത്തിൽ ഈ മാസം 31നു മുൻപായി ഷട്ടർ സ്ഥാപിക്കുമെന്നു തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. സമയബന്ധിതമായി പൂർത്തീകരിക്കാനാണു തമിഴ്നാടിന്റെ ശ്രമം. ഷട്ടറിനെ കൗണ്ടർ വെയ്റ്റ് ബീമുമായി ബന്ധിപ്പിക്കുന്ന ചങ്ങലയു‌ടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. അതു കൊണ്ടു ഇത് അടുത്ത ദിവസങ്ങളിലാകും കൊണ്ടുവരിക. ഷട്ടർ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ഉരുക്കു കൊണ്ടു നിർമിച്ച കൗണ്ടർ വെയ്റ്റ് ബീം സ്ഥാപിക്കുന്ന പണി അന്തിമ ഘട്ടത്തിലാണ്. 3 ഭാഗങ്ങളായി പറമ്പിക്കുളത്ത് എത്തിച്ചിട്ടുണ്ടുള്ള കൗണ്ടർവെയ്റ്റ് ബീം ഘടിപ്പിച്ചു വെൽഡിങ് പണികൾ നടക്കുന്നുണ്ട്.

ഇതു കൂടാതെ ഷട്ടർ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനിടെ തൂണക്കടവ് അണക്കെട്ടിൽ നിന്നു പുറത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു 100 ക്യുസെക്സ് ആയി തമിഴ്നാട് കുറച്ചു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്നാണിത്. മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് ആദ്യം 250 ക്യുസെക്സും പിന്നീടത് 500 ക്യുസെക്സുമായിരുന്നു തുറന്നിരുന്നത്. പുഴയിലേക്കു തുറന്നതു കൂടാതെ 1050 ക്യുസെക്സ് വെള്ളം ടണൽ വഴി സർക്കാർപതിയിലേക്കു തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ജലക്രമീകരണത്തിന്റെ ഭാഗമായാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com