ADVERTISEMENT

ദേശീയപാതയിലെ ടോൾ പിരിവിനെക്കുറിച്ചു മലയാളി കേട്ടുതുടങ്ങും മുൻപേ ടോൾ പിരിച്ചിരുന്നൊരു റോഡുണ്ട് അട്ടപ്പാടിയിൽ. അഗളി പഞ്ചായത്തിലെ കൽക്കണ്ടി - പാറവളവ് റോഡാണ് പതിറ്റാണ്ടുകൾക്കു മുൻപേയുണ്ടായിരുന്ന ചുങ്കപ്പിരിവിന്റെ സാക്ഷി. ജന്മിയുടെ ഉടമസ്ഥതയിൽ സ്വകാര്യ വനമായിരുന്ന അട്ടപ്പാടിയിലെ മരങ്ങൾ മുറിച്ചുകൊണ്ടുപോകാൻ കരാറെടുത്ത മണ്ണാർക്കാട് സ്വദേശിക്കായിരുന്നു റോഡിന്റെ ഉടമസ്ഥാവകാശം. തടിലോറികൾക്കു പോകാനുണ്ടാക്കിയ ചെമ്മൺ പാതകൾ പ്രദേശവാസികൾ ഉപയോഗിക്കുന്നതിന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ തുടക്കത്തിൽ കുറുകെ ചങ്ങലയിട്ടു പൂട്ടി ചെക്പോസ്റ്റ് സ്ഥാപിച്ചായിരുന്നു ഇത്. 

റോഡ് മുതലാളി യുടെ മണ്ണാർക്കാട്ടെ ഓഫിസിൽ പണം നൽകിയ രസീത് കാണിച്ചാലേ കാവൽക്കാരൻ ഗേറ്റ് തുറക്കൂ. കാൽനടയും തലച്ചുമടും ടോളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൈവണ്ടിയും കാളവണ്ടിയും സൈക്കിളും ഉൾപ്പെടെ ടോൾ നൽകണം. വാഹനങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ചെറുകിട ഭൂവുടമകളും പൊതുപ്രവർത്തകരും കമ്യൂണിസ്റ്റ് പാർട്ടിയും ചങ്ങല ഗേറ്റിനെതിരെ പ്രതിഷേധമുയർത്തി. 

1969ൽ മന്ത്രി ഇമ്പിച്ചിബാവ പ്രശ്നത്തിൽ ഇടപെട്ടു. കൽക്കണ്ടി മുതൽ പാറവളവു വരെയുള്ള 8.3 കിലോമീറ്റർ റോഡ് 100 അടി വീതിയിൽ സർക്കാർ വാങ്ങി. റോഡിന്റെ ഉടമയ്ക്ക് ഒമ്മല കവലയിലുണ്ടായിരുന്ന ഓടു മേഞ്ഞ കെട്ടിടവും (അന്നത്തെ ബംഗ്ലാവ്) 63 സെന്റ് സ്ഥലവും ചേർത്തായിരുന്നു കച്ചവടം. വിലയായി 1.10 ലക്ഷം രൂപ സർക്കാർ നൽകി. റോഡ് മരാമത്ത് വകുപ്പിന്റേതായി. കെട്ടിടം ഇപ്പോൾ ആരോഗ്യ ഉപകേന്ദ്രമായി പ്രവർത്തിക്കുന്നു.

അവഗണനയിൽത്തന്നെ ആദ്യകാല റോഡ്

ടോൾ ഇല്ലാതാക്കാൻ സർക്കാർ പണം കൊടുത്തു വാങ്ങിയ അട്ടപ്പാടിയിലെ ആദ്യ റോഡിൽ പക്ഷേ, ഇന്നും വികസനമില്ല.അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷക ഗ്രാമങ്ങളെ മണ്ണാർക്കാടുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. പ്രധാന ജനവാസ കേന്ദ്രങ്ങളായ ജെല്ലിപ്പാറ, കാരറ, മുണ്ടൻപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും ഇതുവഴിയാണ്. മുൻപുണ്ടായിരുന്ന കയറ്റിറക്കങ്ങളും വലിയ വളവുകളും അതുപോലെ തുടർന്നു. ഇരുവശവും ചെടികളും മരങ്ങളും വളർന്നു

അരനൂറ്റാണ്ടിനിടയിൽ ഒന്നോ രണ്ടോ തവണയേ പൂർണതോതിൽ ടാറിങ് നടന്നിട്ടുള്ളൂ. മഴവെള്ളം ഒഴുകിപ്പോകാൻ വശങ്ങളിൽ ചാലുകളില്ല. മണ്ണൊലിപ്പു തടയാൻ പാർശ്വഭിത്തികൾ നിർമിച്ചിട്ടില്ല. അടയാള ബോർഡുകളും അപകട മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടില്ല. ഒമ്മല - ജെല്ലിപ്പാറ - മുണ്ടൻപാറ, ജെല്ലിപ്പാറ - ഗൂളിക്കടവ് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com