ADVERTISEMENT

പാലക്കാട് ∙ സിപിഎം നേതാവ് എസ്.ഷാജഹാനെ(40) വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളും വ്യക്തിവിരോധവുമെന്നു പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി. ഒന്നരവർഷമായി സിപിഎമ്മുമായി അകൽച്ചയിലായിരുന്ന പ്രതികൾ കൃത്യമായ ആസൂത്രണത്തോടെയാണു കൊലപാതകം നടത്തിയതെന്നു കുറ്റപത്രത്തിലുണ്ട്. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഷാജഹാനെ ഓഗസ്റ്റ് 14നു രാത്രി 9.45നാണു വീടിനു സമീപത്തെ കടയ്ക്കു മുന്നിൽവച്ചു കൊലപ്പെടുത്തിയത്. സിപിഎമ്മുമായി അകൽച്ചയിലായ പ്രതികൾ പ്രദേശത്തു ബാലഗോകുലത്തിന്റെ ബോർഡ് പതിച്ചതും മറ്റും ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. 

ഇതും കേസിലെ മുഖ്യപ്രതി നവീന്റെ കയ്യിലെ രാഖി പൊട്ടിച്ചതും ഉൾപ്പെടെയുള്ള തർക്കങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഷാജഹാന്റെ കർശന പാർട്ടി നിലപാടുകളിൽ മുഖ്യപ്രതികൾ അതൃപ്തരായിരുന്നു. ഇതും വിരോധത്തിനു കാരണമായി.  പ്രതികൾക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം മാത്രമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. പ്രാഥമികവിവരം വച്ചാണ് ഈ നിലപാട് എന്നും വ്യക്തമാക്കിയിരുന്നു. 

ഇത് സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുകയും പൊലീസ് നിലപാടിനെതിരെ രംഗത്തെത്തുകയും ചെയ്തു. പിന്നീടാണു കൂടുതൽ പ്രതികൾ പിടിയിലായത്. പ്രതികളിൽ ചിലർക്ക് ആർഎസ്എസ്, ബിജെപി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. അതേ സമയം, പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴും പരിശോധനയ്ക്കു ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴും തങ്ങൾ സിപിഎമ്മുകാരെന്നു ആവർത്തിച്ചിരുന്നു. കേസിൽ ആകെ 12 പ്രതികളുണ്ട്. കുറ്റപത്രവും അനുബന്ധരേഖകളും തെളിവുകളും ഉൾപ്പെടെ 3,628 പേജുള്ള റിപ്പോർട്ട് അന്വേഷണ സംഘം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (3)യിലാണു സമർപ്പിച്ചത്.

കൊലയ്ക്കുശേഷം രക്ഷപ്പെട്ട മുഴുവൻ പ്രതികളെയും ദിവസങ്ങൾക്കുള്ളിൽ ഡിവൈഎസ്പി വി.കെ.രാജു, മലമ്പുഴ ഇൻസ്പെക്ടർ സിജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീനാ(28) മുഖ്യസൂത്രധാരൻ. കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (28), അനീഷ് (29), സുജീഷ് (28), വിഷ്ണു (22), എസ്.സുനീഷ് (23), എൻ.ശിവരാജൻ (32), കെ.സതീഷ് (സജീഷ് 31), കല്ലേപ്പുള്ളി സ്വദേശി എൻ.സിദ്ധാർഥൻ (36), കുറുപ്പത്ത് ആവാസ് (ഡുഡു 30), മലമ്പുഴ ചേമ്പന അത്തിക്കുളമ്പ് ജിനേഷ് (വലുത് 32), കൊട്ടേക്കാട് കുന്നങ്കാട് ബിജു (27) എന്നിവരാണു പ്രതികൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com