ADVERTISEMENT

ഷൊർണൂർ ∙ ഭാരതപ്പുഴയിലും സമീപത്തെ ജലാശയങ്ങളിലും മുങ്ങിപ്പോയ ഒട്ടേറെപ്പേരെ ജീവന്റെ തീരങ്ങളിലേക്കു കരകയറ്റിയ മുതലിയാർതെരുവ് നമ്പൻ തൊടി രാമകൃഷ്ണൻ (62) രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഷൊർണൂർ നഗരസഭയിലെ മുൻ കൗൺസിലറാണ്. പുഴയിൽ കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ നടത്തിയ ശേഷം കരയ്ക്കു കയറിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം, മുങ്ങിപ്പോയ ആളെ കണ്ടെത്താനായില്ല.

വെട്ടിക്കാട്ടിരി മത്സ്യമാർക്കറ്റിലെ തൊഴിലാളി ചെറുതുരുത്തി ഇരട്ടക്കുളം തടത്തിലകത്ത് ഫൈസലിനെ (42) വൈകിട്ടു നാലോടെ കാണാതായ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയ്ക്കൊപ്പം തിരച്ചിലിനിറങ്ങിയതാണ്. കുഴഞ്ഞുവീണയുടൻ സേനാംഗങ്ങൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സഞ്ജയ്, സനുജ. മരുമക്കൾ: രാധാകൃഷ്ണൻ, സൂര്യ.

രാമകൃഷ്ണൻ 28 പേരെ പുഴയിൽ നിന്നും കുളത്തിൽ നിന്നുമായി രക്ഷിച്ചിട്ടുണ്ടെന്നാണു കണക്ക്. ഷൊർണൂർ അന്തിമഹാകാളൻ ചിറയിൽ ആയിരത്തോളം പേരെ നീന്തൽ പരിശീലിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനും സഹായിയായിരുന്ന ഇദ്ദേഹത്തെ അഗ്നിരക്ഷാ സേന നീന്തൽ ഉപകരണങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ അപകടങ്ങളെക്കുറിച്ചു സ്കൂളുകളിൽ ബോധവൽക്കരണം നടത്താറുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com