ADVERTISEMENT

വടക്കഞ്ചേരി∙ ജനത്തിന്റെ നടുവൊ‌ടിച്ച് പന്നിയങ്കരയില്‍ വീണ്ടും ടോള്‍ നിരക്ക് വര്‍ധന. ഈ വര്‍ഷം നാലാം തവണയാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ച് 9 മുതലാണ് ടോള്‍ പിരിവ് ആരംഭിച്ചത്. തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചു. നടപടി ജനങ്ങള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതോടെ കോടതി, നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം നിരക്ക് കുറച്ചെങ്കിലും കരാര്‍ കമ്പനി വീണ്ടും കോടതിയിലെത്തി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി വാങ്ങി, നിരക്ക് വര്‍ധിപ്പിച്ചു.

ഇന്നു മുതല്‍ വീണ്ടും 5 ശതമാനം വര്‍ധിപ്പിക്കുകയാണ്. വഴുക്കുംപാറ പാലം നിര്‍മിച്ചെന്നും കുതിരാന്‍ തുരങ്കത്തിലേക്കുള്ള റോ‍ഡ് നന്നാക്കിയെന്നുമാണ് കാരണം. എന്നാല്‍ സര്‍വീസ് റോഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുള്ള നിര്‍മാണത്തെക്കുറിച്ച് കമ്പനി മിണ്ടുന്നില്ല. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 29 കിലോമീറ്റർ വരുന്ന ആറുവരിപ്പാത നിർമാണം പൂർത്തിയാക്കാൻ 13 വർഷമെടുത്തു. എന്നാൽ, ഫുട് ഓവർ ബ്രിജ്, അ‌ടിപ്പാതകൾ, ബസ് വേ, അഴുക്കുചാൽ, സർവീസ് റോഡ് നിർമാണം എന്നിവ പൂർത്തിയാകാനുണ്ട്.

ഹൈക്കോടതി നാളെ വാദം കേൾക്കും

ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാതെ പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വീണ്ടും വാദം കേൾക്കും. അഡ്വ.ഷാജി.ജെ.കോടങ്കണ്ടത്ത്, അഡ്വ.കെ.ബി.ഗംഗേഷ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് വാദം കേള്‍ക്കുക.

ദേശീയപാത അതോറിറ്റി അനുവദിച്ച താത്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. എന്നാൽ വടക്കഞ്ചേരി-വാണിയമ്പാറ സർവീസ് റോ‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കാതെ ടോൾ പിരിക്കരുതെന്നും താത്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വാദം കേൾക്കുക. പാലിയേക്കര, വാളയാർ അട്ടപ്പള്ളം ടോൾ പ്ലാസകളുടെ ഇരട്ടി ചാർജാണ് പന്നിയങ്കരയിൽ ഈടാക്കുന്നത്. ഇതും കോടതിയില്‍ ഉന്നയിക്കും.

പന്നിയങ്കര പുതുക്കിയ നിരക്ക് ഇങ്ങനെ

വാഹനം, ഒരു വട്ടം കടന്നുപോകുന്നതിനുള്ള തുക, മടക്കയാത്ര ചേർത്ത്, മാസപാസ് (50 തവണ) ബ്രാക്കറ്റിൽ പഴയ തുക.

∙ കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ: 105 (100),155 (150),3430 (3365)

∙ ചെറിയ ചരക്ക് വാഹനങ്ങൾ, ചെറിയ ബസ്: 160 (155),240 (235), 5310 (5205)

∙ ബസ്, ട്രക്ക് (രണ്ട് ആക്സിൽ):325(315), 485 (475),10755 (10540)

∙ വലിയ വാഹനങ്ങൾ, മണ്ണ് മാറ്റാനുള്ള യന്ത്രങ്ങൾ,മൾ‌‌ട്ടി ആക്സിൽ വാഹനങ്ങൾ: 490 (480), 740 (725),16405 (16065)

∙ ഏഴോ അതിലധികമോ ആക്സിലുള്ള വാഹനങ്ങൾ: 635 (620), 950 (935), 21140 (20730)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com