ADVERTISEMENT

പാലക്കാട് ∙ ഉത്സവകാലത്തിനു കൊടിയുയർന്ന പാലക്കാടിനുള്ള നെറ്റിപ്പട്ടമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ഇന്ന്. ഏഴര വർഷത്തെ ബ്രേക്ക് ഡൗൺ കാലത്തിനു ശേഷം നിർമാണം പൂർത്തിയാക്കിയ സ്റ്റാൻഡ് ഇന്നു വൈകിട്ട് 5.30നു യാത്രക്കാർക്കു തുറന്നുകൊടുക്കും. വൈകിട്ട് 5.30ന് മന്ത്രി ആന്റണി രാജു സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും. കമേഴ്സ്യൽ സ്പേസ് മന്ത്രി എം.ബി.രാജേഷും ഓഫിസ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും. 

ശീതീകരണ സൗകര്യത്തോടെയുള്ള വനിതാ കാത്തിരിപ്പു കേന്ദ്രം ഷീ സ്പേസിന്റെ ഉദ്ഘാടനം   പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെയും റിസർവേഷൻ കൗണ്ടറിന്റെയും ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപിയും നിർവഹിക്കും. ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷനാകും.

ആ സ്വപ്നം യാഥാർഥ്യമാക്കിയത് ഇവർ പുതിയ ബസ് സ്റ്റാൻഡ്സമ്മാനിച്ച് ഷാഫി പറമ്പിൽ

ഷാഫി പറമ്പിൽ
ഷാഫി പറമ്പിൽ

പാലക്കാട്ടെ പുതിയ ബസ് സ്റ്റാൻഡ് ഷാഫി പറമ്പിൽ എംഎൽഎയുടെ സമ്മാനമാണ്. മുഴുവൻ തുകയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് അനുവദിച്ചത്. ഒരു വർഷം എംഎൽഎയ്ക്കു ലഭിക്കുന്ന പരമാവധി ആസ്തി വികസന ഫണ്ട് 5 കോടി രൂപയാണ്. 2018–19 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ട് മുഴുവൻ അദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിനായി അനുവദിച്ചു. 

ചുരുക്കത്തിൽ ആ വർഷം മണ്ഡലത്തിൽ ഇതര വികസന പ്രവൃത്തികളൊന്നും നടത്താനായില്ല. ബാക്കി തുക കണ്ടെത്തിയതും എംഎൽഎ ഫണ്ടിൽ നിന്നാണ്. ഏഴര വർഷത്തോളം ഇഴഞ്ഞ പ്രവൃത്തി പൂർത്തിയാക്കാൻ ഏറെ പാടുപെട്ടതും സ്ഥലം എംഎൽഎയായ ഷാഫി പറമ്പിലാണ്. 

അന്തർ സംസ്ഥാന ടെർമിനൽ കെ.കെ.ദിവാകരന്റെ സമ്മാനം

k-divakaran

കെഎസ്ആർടിസി സ്റ്റാൻഡിലെ അന്തർ സംസ്ഥാന ബസ് ടെർമിനൽ നിർമാണത്തിനാവശ്യമായ തുക അനുവദിച്ചതു കെഎസ്ആർടിസി മുൻ ഉദ്യോഗസ്ഥനും അന്ന്   എംഎൽഎയുമായിരുന്ന  കെ.കെ.ദിവാകരനാണ്. എംഎൽഎ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപയാണ് അദ്ദേഹം അനുവദിച്ചത്.

ഒരു പദ്ധതിക്കു മാത്രമായി, അതും കെഎസ്ആർടിസിക്ക് ഇത്രയും ഉയർന്ന തുക അനുവദിച്ചതു മുന്നണിയിൽപോലും മുറുമുറുപ്പുണ്ടാക്കിയിരുന്നു. അദ്ദേഹം തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ആദ്യത്തെ അന്തർ സംസ്ഥാന ബസ് ടെർമിനൽ യാഥാർഥ്യമായി.

ബൈപാസ് റോഡാകും

കഴിഞ്ഞ ഏഴര വർഷം ഈ ബൈപാസ് ആയിരുന്നു കെഎസ്ആർടിസി ബസുകളുടെ ‘സ്റ്റാൻഡ്.’ പുതിയ സ്റ്റാൻഡ് നിർമാണം പൂർത്തിയായതോടെ അടുത്ത ദിവസം മുതൽ ബസുകൾ ഇവിടേക്കു മാറ്റും. 

കെഎസ്ആർടിസി സ്റ്റാൻഡിനു പിന്നിലുള്ള ജലസേചന കനാലിനു മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടാണ് റോഡ് നിർമിച്ചിട്ടുള്ളത്. റോഡിന്റെ ഒരു വശത്താണ് കഴിഞ്ഞ ഏഴര വർഷമായി കെഎസ്ആർടിസി ബസുകൾ നിർത്തിയിരുന്നു. സ്റ്റാൻഡ് യാഥാർഥ്യമായതോടെ ബൈപാസ് പൂർണതോതിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും.

സ്വന്തം വീടു പണി പോലെ ബസ് സ്റ്റാൻഡ് നി‍ർമാണം

സ്വന്തം വീടു പണിപോലെ പിന്നാലെ നടന്ന് ബസ് സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കാൻ രാപകലില്ലാതെ സഹായം ചെയ്തത് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറായ ടി.എ.ഉബൈദ് ആണ്. ഇത്രയേറെ നിർമാണ തടസ്സങ്ങൾ മറ്റൊരു സ്റ്റാൻഡിനും  ഉണ്ടായിട്ടുണ്ടാകില്ല. അതെല്ലാം പരിഹരിക്കാൻ ഒപ്പം നിന്നത് ഉബൈദ് ആണ്. സർവീസിനൊപ്പം തന്നെ സ്ഥാപനവും പ്രധാനമാണെന്ന കാഴ്ചപ്പാടോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അതിന്റെ പൂർത്തീകരണം കൂടിയാണ് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ്.

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുള്ള ബസുകളുടെ സമയക്രമം റൂട്ട്, പുറപ്പെടുന്ന സമയം ക്രമത്തിൽ

പാലക്കാട്–കോയമ്പത്തൂർ: പുലർച്ചെ 4.30 മുതൽ രാത്രി 8.30 വരെ അര മണിക്കൂർ ഇടവിട്ട്.

പൊള്ളാച്ചിയിലേക്ക് പുലർച്ചെ 4, 4.50, 5.50; തുടർന്നു രാത്രി 7.15 വരെ

ഓരോ 30 മിനിറ്റിലും. രാത്രി 9.15ന് അവസാന സർവീസ് പുറപ്പെടും.

പഴനിയിലേക്ക് പുലർച്ചെ 4.45നും രാവിലെ 10.45നും ഉച്ചയ്ക്ക് 1.20നും.

മംഗളൂരുവിലേക്കു രാത്രി 9.20ന് സ്വിഫ്റ്റ് ഡീലക്സ് സർവീസ്.  

പാലക്കാട്ടുനിന്ന് ഊട്ടിയിലേക്കുള്ള ഏക ബസ് സർവീസ് രാവിലെ 6.30ന്. 

തിരുവനന്തപുരം: പുലർച്ചെ 3, 4.30, രാവിലെ 8.30, 10.45, ഉച്ചയ്ക്ക് 12.00, 1.30, വൈകിട്ട് 5.00, 6.30, രാത്രി 9ന് 

ആലപ്പുഴ: പുലർച്ചെ 3, 4.30, 5.10, 6.30, രാവിലെ 8, 9, 10.30

തുടർന്നു 30 മിനിറ്റു കൂടുമ്പോൾ.കാടാമ്പുഴ ബസ് സർവീസ് 6.30നു പുറപ്പെടും

ഗുരുവായൂർ: പുലർച്ചെ 4.30, 6.50, 7.30, 10.00, 12.00, ഉച്ചയ്ക്ക് ഒരു മണി

ബത്തേരി: ഉച്ചയ്ക്ക് 12.50ന് (നാടുകാണി, നിലമ്പൂർ റൂട്ട്), 1.30നു പെരിന്തൽമണ്ണ മുക്കം റൂട്ട് വഴി

മാനന്തവാടി: പുലർച്ചെ 3.40ന് 

കൽപറ്റ രാവിലെ 6നും ഉച്ചയ്ക്കുശേഷം 2.20നും 

താമരശ്ശേരി: രാവിലെ 10.15, 12.30

പാലക്കാട്–കോഴിക്കോട്, പാലക്കാട്–തൃശൂർ റൂട്ടിൽ പുലർച്ചെ 3 മുതൽ ബസ് സർവീസ് ഉണ്ട്.

അന്തർ സംസ്ഥാന ബസ് ടെർമിനലിനു തുക വേണം

കെഎസ്ആർടിസി സ്റ്റാൻഡ് ഈ വിധത്തിലാക്കാൻ എംഎൽഎമാരുടെ ഫണ്ടല്ലാതെ സർക്കാരിൽ നിന്ന് പ്രത്യേക തുക അനുവദിച്ചിട്ടില്ല. സ്റ്റാൻഡിലുള്ള അന്തർ സംസ്ഥാന ബസ് ടെർമിനൽ കൂടി നവീകരിക്കേണ്ടതുണ്ട്. ഇതിന് സർക്കാർ തുക അനുവദിക്കണമെന്നാണ് ആവശ്യം. ഇതു കൂടി യാഥാർഥ്യമായാൽ പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വികസനം പൂർണമാകും. സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നതിൽ പാലക്കാട് മുന്നിലാണ്.

ഈ റൂട്ടുകളിൽ ബസ് ഉറപ്പാക്കണം

പാലക്കാട്ടുനിന്ന് കോയമ്പത്തൂർ, ഗുണ്ടൽപേട്ട വഴി മൈസൂർ ബസ്. മൈസൂരിലേക്കു ജില്ലയിൽ നിന്ന് ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും നേരിട്ട് ബസ് സർവീസ് ഇല്ല. 

പാലക്കാട്–മേലാറ്റൂർ–നിലമ്പൂർ–ഗൂഡല്ലൂർ. നിലവിൽ പാലക്കാട്ടു നിന്നു നിലമ്പൂരിലേക്കു രാവിലെ ബസുകൾ ഇല്ല. 

 പാലക്കാട്–എറണാകുളം റൂട്ടിൽ ബൈപാസ് റൈഡർ ആരംഭിച്ചാൽ ഇൻഫോ പാർക്കിലേക്കും ഹൈക്കോടതിയിലേക്കു പോകുന്നവർക്കുൾപ്പെടെ ഗുണകരം. 

 ഉച്ചയ്ക്കു ശേഷം പാലക്കാട്–ഗുരുവായൂർ റൂട്ടിൽ ബസ് കുറവാണ്. ഒപ്പം 11.30നുള്ള പാലക്കാട്–ഗുരുവായൂർ ബസ് സർവീസ് പുനരാരംഭിക്കണം.

പാലക്കാട്ടു നിന്ന് മൂകാംബികയിലേക്ക് ബസ് സർവീസ്.

പാലക്കാട്–ഊട്ടി റൂട്ടിൽ ഒരു സർവീസ് കൂടി.

ഒപ്പം നടന്ന് മനോരമയും

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് നിർമാണ പൂർത്തീകരണത്തിന് അധികൃതർക്കൊപ്പം പിന്തുണയുമായി മലയാള മനോരമയും. സ്റ്റാൻഡ് നിർമാണത്തിന്റെ ഓരോ ഘട്ടവും വാർത്തയായി ജനങ്ങൾക്കു മുന്നിലെത്തിച്ചു. ഒളിഞ്ഞും തെളിഞ്ഞുമുള്ള തടസ്സങ്ങളും പുറത്തുകൊണ്ടുവന്നു. നിർമാണത്തിനു വേഗം കൂട്ടാൻ കൗണ്ട് ഡൗൺ ആരംഭിച്ചു. ഇതെല്ലാം നിർമാണ നടപടികൾ ടോപ് ഗിയറിലാക്കി.

photo
കെഎസ്ആർടിസി ടെർമിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മലയാള മനോരമയും ടോപ് ഇൻ ടൗണും ചേർന്നു സംഘടിപ്പിക്കുന്ന ‘ഫോട്ടോ പോയിന്റിൽ’ ഷാഫി പറമ്പിൽ എംഎൽഎയും ടോപ് ഇൻ ടൗൺ ഉടമ നടരാജനും (രാജു).

ഹാപ്പി ഫോട്ടോ 

കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ ടോപ് ഇൻ ടൗണുമായി സഹകരിച്ച്  മലയാള മനോരമ  ഫോട്ടോ പോയിന്റ്    മലയാള മനോരമ

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ മലയാള മനോരമ തയാറാക്കിയ ഫോട്ടോ പോയിന്റിൽ എത്തൂ, സമ്മാനം നേടു. ഫോട്ടോ എടുത്തു വാട്സാപ്പിൽ അയയ്ക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കു മലയാള മനോരമ ഓട്ടമൊബീൽ മാസിക ‘ഫാസ്റ്റ് ട്രാക്ക്’ ഒരു വർഷത്തേക്കു സൗജന്യം. ജില്ലയിലെ പ്രമുഖ കേറ്ററിങ് സ്ഥാപനമായ ടോപ് ഇൻ ടൗൺ ഉടമ നടരാജന്റെ (രാജു) സഹകരണത്തോടെയാണു പദ്ധതി. ഫോട്ടോ അയയ്ക്കേണ്ട വാട്സാപ് നമ്പർ: 9288021094

ഓടിയെത്താം എം.ബഷീർ, ഓട്ടോഡ്രൈവർ

പുതിയ ടെർമിനലിന്റെ  പുറത്തുതന്നെ ഓട്ടോ സ്റ്റാൻഡ് ഉണ്ട്. രാത്രിയിലും പകലും ഇവിടെ ഓട്ടോയുണ്ടാവും. യാത്രക്കാർ കൂടുമെന്ന പ്രതീക്ഷയിലാണ്. 

കച്ചവടം പൊടിപൊടിക്കുംവിനോദ് കുമാർ, വ്യാപാരി

കച്ചവടം കുറഞ്ഞിട്ടു വർഷങ്ങളായി. സാമ്പത്തിക ബാധ്യതകളൊക്കെ തീരുമെന്ന സന്തോഷത്തിലാണ്. യാത്രക്കാർ ടെർമിനലിനു മുന്നിലുള്ള കടകളിലേക്ക് എത്തിയിരുന്നില്ല.

വിശ്രമിക്കാനൊരിടംസുബ്രഹ്മണ്യൻ, യാത്രക്കാരൻ

മഴ കൊള്ളാതെ കയറി നിൽക്കാൻ ഇടമായി. പെരുവഴിയിലായിരുന്നു ഇതുവരെ യാത്രക്കാർ. ഒന്ന് വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനും കഴിയുമെന്ന ആശ്വാസം.

ഭാഗ്യം തെളിഞ്ഞു എം.വിജി, ലോട്ടറി വിൽപനക്കാരി

ഇരട്ട ലോട്ടറി അടിച്ച സന്തോഷമാണ്. ഭാഗ്യം കടാക്ഷിക്കാൻ നീണ്ട വർഷങ്ങൾ വേണ്ടി വന്നു. യാത്രക്കാർക്ക് സുഖകരമായി ഒന്ന് ഇരിക്കാൻ കഴിഞ്ഞെങ്കിലേ കച്ചവടം നടക്കുകയുള്ളു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com