ADVERTISEMENT

പാലക്കാട് ∙ ഉദ്ഘാടനം കഴിഞ്ഞ് 8 വർഷമായിട്ടും പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഒരു നിയമനം പോലും പിഎസ്‌സി വഴി നടത്തിയിട്ടില്ല. 135 അധ്യാപകരിൽ 114 പേരും നേരത്തെ ജോലിക്കു കയറി പിന്നീട് സ്ഥിരപ്പെടുത്തിയതാണ്. 245 അധ്യാപകേതര ജീവനക്കാരിൽ ഏറെപ്പേരും തുടക്കം മുതൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവേണൻസ്, പട്ടികജാതി വികസന വകുപ്പിന്റെ വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ പോലെയുള്ള ഏജൻസികൾ എന്നിവ വഴി നിയമിച്ചവരാണ്. 

പട്ടികജാതി വികസനവകുപ്പിനു കീഴിലാണു മെഡിക്കൽ കോളജ്. പലപ്പോഴായി നടത്തിയ കരാർ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളുമാണു കോളജിനെ നിലനിർത്തുന്നത്. യുഡിഎഫിലെയും എൽഡിഎഫിലെയും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്ന ആക്ഷേപം മുതൽ നിയമനം സ്ഥിരപ്പെടുത്തിയതുമായി ബന്ധപ്പെട്ടു വിജിലൻസ് അന്വേഷണം വരെ നടന്നു. അതേസമയം, നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കിയാൽ കോളജിന്റെ മെഡിക്കൽ കൗൺസിൽ അനുമതി നഷ്ടമാകും.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ മുഖ്യമന്ത്രി ചെയർമാനും പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിനാണു കോളജിന്റെ ചുമതല. സ്പെഷൽ ഓഫിസർ തലവനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ  അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനങ്ങൾ നടത്തിയാണ് 2014ൽ കോളജ് ആരംഭിച്ചത്. അത്തരത്തിൽ നിയമിച്ച അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ബിജെപി നേതാവ് പി.രാജീവ് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്തു.

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള  യുഡിഎഫ് സർക്കാരിന്റെ തീരുമാനം പിന്നാലെ വന്ന ഇടതു സർക്കാർ പിൻവലിച്ചു. കേസിലെ തുടർ നടപടികൾ റദ്ദാക്കിയതായി കോടതിയിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനു ശേഷം നേരത്തെയുള്ള തീരുമാനം പിൻവലിച്ച് ഈ അധ്യാപകരെ ഇടതുസർക്കാർ തന്നെ സ്ഥിരപ്പെടുത്തി. നിയമനങ്ങൾ പിഎസ്‌സി വഴിയാക്കണമെന്ന് 2020ൽ കോളജ് ഭരണസമിതി ശുപാർശ ചെയ്തെങ്കിലും സ്പെഷൽ റൂ‍ൾ അംഗീകരിക്കപ്പെടാത്തത് ഉൾപ്പെടെ നടപടികൾ വൈകുന്നു.

സർക്കാരിന്റെ കീഴിലുള്ള സൊസൈറ്റിയായി പ്രവർത്തിക്കുന്നതിനാൽ നിയമനം പിഎസ്‍‌സി എങ്ങനെ ഏറ്റെടുക്കുമെന്ന സാങ്കേതികപ്രശ്നവും ഉണ്ട്. കരാർ അടിസ്ഥാനത്തിലും ദിവസക്കൂലി അടിസ്ഥാനത്തിലും നിയമിച്ചവരുണ്ട്. എന്നാൽ, പലതരത്തിൽ തിരുകിക്കയറ്റലുകൾ നടക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണു നിയമനം നടക്കുന്നത്. അധ്യാപക നിയമനം കോളജ് ഭരണസമിതി നിയോഗിച്ച ഉന്നതസമിതിയുടെ നേതൃത്വത്തിലാണു നടക്കുന്നതെങ്കിലും ആവശ്യത്തിനു ഡോക്ടർമാരെ കിട്ടാനില്ല. മാത്രമല്ല ഇതുവരെ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിച്ചിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com