ADVERTISEMENT

പാലക്കാട് ∙ ഇപോസ് മെഷീൻ തകരാൻ പ്രശ്നം  പരിഹരിക്കാനും റേഷൻ വിതരണം സുഗമമാക്കാനും വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ റേഷൻ കടകളുടെ പുതിയ സമയക്രമം ജില്ലയിലും നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചു. 

ഇതുപോലെ 28,30 തീയതികളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കടകൾ തുറക്കും. ഈ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു റേഷൻ കടകൾ തുറക്കില്ല. ഇന്നും 29നും റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം 2 മുതൽ വൈകിട്ട് 7 വരെ തുറക്കും. ഈ രണ്ടു ദിവസങ്ങളിലും രാവിലെ കടകൾ തുറക്കില്ല. ഇക്കാര്യം റേഷൻ വ്യാപാരികൾ കാർഡ് ഉടമകളെ അറിയിക്കുകയും വേണം. 

മാസാവസാനങ്ങളിൽ സെർവർ തകരാറിനെ തുടർന്ന് ഈ പോസ് മെഷീൻ പ്രവർത്തനം തടസ്സപ്പെടുകയും ഇതു കാരണം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെവരികയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണു പ്രശ്നപരിഹാരത്തിനായി മന്ത്രിതലത്തിൽ പുതിയ പരിഷ്കരണം കൊണ്ടുവന്നത്. 

സമയമാറ്റം ഗുണകരമെന്ന് വ്യാപാരികൾ

സമയമാറ്റം റേഷൻ വിതരണത്തിനു ഗുണകരമായെന്നു വ്യാപാരികൾ. മാസാവസാനങ്ങളിലെ സെർവർ പ്രശ്നം ഒഴിവാക്കാനും ഗുണഭോക്താക്കൾക്കു റേഷൻ സമയബന്ധിതമായി കൊടുക്കാനും ഇതുവഴി കഴിയുന്നുണ്ട്. മുൻ മാസങ്ങളിൽ അവസാന ആഴ്ചകളിലെ സെർവർ തടസ്സം കാരണം ഏറെ ദുരിതം അനുഭവിച്ചിരുന്നു. പുതിയ സമയക്രമം എല്ലാ റേഷൻ കാർഡ് ഉടമകളെയും അറിയിക്കലാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം.

ആദിവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ ;പുതിയ സമയക്രമത്തെക്കുറിച്ച് അറിയാത്തതു പ്രതിസന്ധി

അട്ടപ്പാടി അടക്കമുള്ള ആദിവാസി മേഖലകളിലെ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. പരിഷ്കരിച്ച സമയപ്രകാരം എത്തുന്നവർക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ സമയ പരിഷ്കരണത്തെക്കുറിച്ച് ഊരുകളിൽ വേണ്ടത്ര അറിവു ലഭിച്ചില്ലെന്നു വ്യാപാരികൾ പറയുന്നു. പലരും ഇന്നലെ വൈകിട്ടും റേഷൻ കടകളിലെത്തി തിരിച്ചുപോയി.

റേഷൻ കടകളുടെ സമയക്രമത്തെക്കുറിച്ചു വ്യക്തമായ അറിയിപ്പുകൾ ഊരുകളിൽ എത്തിക്കണം. ഇല്ലെങ്കിൽ ഭക്ഷ്യ വിഹിതം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. പുതിയ സമയക്രമം അറിയിക്കുന്നതോടൊപ്പം അർഹരായ എല്ലാവർക്കും റേഷൻ ലഭ്യമാക്കുമെന്നും അധികൃതർ പറ‍ഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com