ADVERTISEMENT

മംഗലംഡാം ∙ കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കുടുംബങ്ങൾ ഭൂസമരം തുടങ്ങിയിട്ട് ഏഴു വർഷത്തോടടുക്കുന്നു. കല്ലിടുക്കിലെ ദുരിത ജീവിതത്തിൽ നിന്നു മോചനം ലഭിക്കാൻ  2016 ജനുവരി 15 നാണ്  കടപ്പാറ മൂർത്തിക്കുന്നിലെ 14 ഏക്കർ വനഭൂമി കയ്യേറി ആദിവാസികൾ സമരം ആരംഭിക്കുന്നത്. മൂർത്തിക്കുന്നിനു താഴ്ഭാഗത്തുള്ള 40 സെന്റ് പാറക്കെട്ടുകൾക്കിടയിലെ ജീർണിച്ചു നിലംപൊത്താറായ ഒറ്റമുറി കെട്ടിടങ്ങളിലാണു വർഷങ്ങളായി 22 ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്നത്. മരിച്ചാൽ മറവു ചെയ്യാൻ പോലും സ്ഥലമില്ലാതെ വന്നതോടെയാണ് ഈ കുടുംബങ്ങൾ സംഘടിച്ചു മൂർത്തിക്കുന്നിലെ വനഭൂമി കയ്യേറി കുടിൽ കെട്ടിയും കൃഷി ഇറക്കിയും സമരം ആരംഭിച്ചത്. 

   ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ സമരത്തെ തുടർന്നു കയ്യേറിയ ഭൂമി ആദിവാസി കുടുംബങ്ങൾക്കായി വീതിച്ചു കൊടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയെങ്കിലും പിന്നീടത് അട്ടിമറിക്കപ്പെട്ടു. ഇതിനിടെ ആദിവാസി കുടുംബങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി ഒരു വിഭാഗത്തെ മേലാർകോട്ടേക്കു മാറ്റാൻ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. മേലാർകോട് കുറച്ചു പേർക്കു ഭൂമി കൊടുത്തെങ്കിലും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകൾ അങ്ങോട്ടു പോകാൻ തയാറായിട്ടില്ല. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം കഴിയുന്ന കുടുംബങ്ങൾ ഇവിടെത്തന്നെ കഴിയാനാണ് ആഗ്രഹിക്കുന്നത്.

പാറക്കെട്ടുകൾക്കിടയിൽ ജീർണിച്ചു നിലംപൊത്താറായ വീടുകളിലാണ് ഇപ്പോഴും ഈ കുടുംബങ്ങൾ താമസിക്കുന്നത്.  മഴ പെയ്താൽ എല്ലാ വീടുകളും ചോർന്നൊലിക്കും. തേയ്ക്കാത്ത ഭിത്തികൾ ജീർണാവസ്ഥയിലാണ്.

2012-13ൽ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി എസ് ടി കോളനിയിലേക്കു മാത്രമായി ശുദ്ധജലപദ്ധതി നടപ്പാക്കിയെങ്കിലും ഒരിക്കലും വെള്ളം എത്തിയിട്ടില്ലെന്നാണു കോളനിവാസികൾ പറയുന്നത്. കാട്ടുചോലയിൽ നിന്നു പൈപ്പിട്ടാണു വെള്ളം എടുക്കുന്നത്. ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ കാട്ടുചോലയിലെ വെള്ളവും മലിനമായി. തങ്ങളുടെ ദുരിതങ്ങളെല്ലാം വിവരിച്ചു കഴിഞ്ഞ ദിവസം തളികക്കല്ലിലെത്തിയ പട്ടികജാതി വർഗമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ടെന്ന് ഊരുമൂപ്പൻ വാസു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com