ADVERTISEMENT

മണ്ണാർക്കാട്∙ മണിമലയാറിന്റെ ആഴങ്ങളിൽ നിന്നു ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ ബാല്യകാല സുഹൃത്ത് അന്നമ്മയെക്കാണാൻ ശോശാമ്മയെത്തി, 45 വർഷത്തിനു ശേഷം. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. മല്ലപ്പള്ളി അയിലൂതറയിൽ ശോശാമ്മയും മല്ലപ്പള്ളി മേലേതറയിൽ അന്നമ്മയും അയൽക്കാരും കൂട്ടുകാരുമായിരുന്നു. ദിവസേന ഇരുവരും മണിമലയാറിൽ കുളിക്കാൻ പോകുമായിരുന്നു. ഒരു ദിവസം കടവിൽ നീന്തിക്കളിക്കുമ്പോൾ വള്ളിയിൽ കാൽ കുടുങ്ങി ശോശാമ്മ മുങ്ങിത്താഴാൻ തുടങ്ങി.

ആരുടെയും സഹായം കാത്തുനിൽക്കാതെ കൂട്ടുകാരിയെ രക്ഷിക്കാൻ അന്നമ്മ പുഴയിലേക്കു ചാടി. മുടിയിലും കയ്യിലും പിടിച്ചു കരയ്ക്കെത്തിച്ചു. സ്കൂൾ ജീവിതം കഴിഞ്ഞു ശോശാമ്മ നഴ്സിങ് പഠനത്തിനു വെല്ലൂരിലേക്കു പോയി. അന്നമ്മ വിവാഹിതയായി ചങ്ങനാശ്ശേരിയിലേക്കും. പഠനം പൂർത്തിയാക്കിയ ശോശാമ്മ ഷാർജയിൽ നഴ്സായി. അന്നമ്മ ചങ്ങനാശ്ശേരിയിൽ നിന്നു മണ്ണാർക്കാട് പുല്ലിശ്ശേരിയിലെ പ്രാക്കുഴിയിലേക്കു വന്നതോടെ ആ സുഹൃദ്ബന്ധം ഏതാണ്ട് അവസാനിച്ച പോലായി. അന്നമ്മയെ കാണണമെന്ന ആഗ്രഹം ശോശാമ്മ എന്നും പ്രകടിപ്പിക്കാറുണ്ടെന്നു ഭർത്താവ് തിരുവല്ല മണക്കാടൻപള്ളിൽ ഏബ്രഹാം മാത്യു പറഞ്ഞു.

ഇത്തവണ ശോശാമ്മ മല്ലപ്പള്ളിയിലെ അന്നമ്മയുടെ സഹോദരന്റെ വീട്ടിലെത്തി ഫോൺ നമ്പർ വാങ്ങി കൂട്ടുകാരിയെ വിളിച്ചു. ഇരുവർക്കും പരസ്പരം കണ്ടേ പറ്റൂ എന്നായി. ഇന്നലെ ശോശാമ്മയും ഭർത്താവ് എം.എ.മാത്യുവും പുല്ലിശ്ശേരി പ്രാക്കുഴിയിൽ എത്തുകയായിരുന്നു. ബാല്യത്തിൽ സുഹൃത്തിനെ പുഴയുടെ ഒഴുക്കിൽ നിന്നു രക്ഷിച്ച കഥ എപ്പോഴും അന്നമ്മ മക്കളോടും മരുമക്കളോടും പറയാറുണ്ട്. എന്നാൽ, അവരതു പൂർണമായി വിശ്വസിച്ചിരുന്നില്ല. ശോശാമ്മയുടെ ഫോൺ വന്നതോടെ മക്കൾക്കു മനസ്സിലായി അമ്മയുടെ വെറും ‘തള്ളലാ’യിരുന്നില്ല അതെന്ന്. ഉള്ളിലെ മണിമലയാറിന്റെ തീരത്ത് അന്നമ്മയും ശോശാമ്മയും ഏറെനേരം ഇരുന്നു, 45 വർഷത്തെ ഓർമകൾ അയവിറക്കിക്കൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com