ADVERTISEMENT

കൊഴിഞ്ഞാമ്പാറ∙ ലഹരി ഉപയോഗിക്കുന്നവരെ കുടുക്കാൻ കേരള പൊലീസിന്റെ ആൽകോ സ്കാൻ വാൻ കിഴക്കൻ മേഖലയിൽ പരിശോധന നടത്തി. കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സഞ്ചരിക്കുന്ന സ്കാൻ ലാബ് പരിശോധന നടത്തിയത്. മദ്യപിച്ചും മറ്റു ലഹരിപദാർഥങ്ങൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നത് കാരണം ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനു വേണ്ടിയുള്ള പൊലീസ് പരിശോധനയ്ക്ക് സഹായകമാകുന്ന വാഹനമാണിത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപരണങ്ങളാണ് വാനിൽ സജ്ജീകരിച്ചിരിക്കുന്നത്. 

 

പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ ആശുപത്രിയിൽ കൊണ്ടുപോകാതെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വാനിൽ വച്ചുതന്നെ പരിശോധന നടത്താനാകും. നിമിഷങ്ങൾക്കകം തന്നെ ഫലമറിയാനും കഴിയും. പരിശോധിക്കുന്ന വ്യക്തിയുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാകാത്ത രീതിയിലാണ് ഉപയോഗിച്ച ലഹരി ഏതാണെന്നു കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനത്തിലെ ഉപകരണങ്ങൾക്കുതന്നെ ലക്ഷങ്ങൾ വിലവരും. പ്രത്യേകം സജ്ജീകരിച്ച പൊലീസ് വാഹനത്തിൽ ഇതിനായി പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 

 

നിലവിൽ പൊലീസ് ഉപയോഗിക്കുന്ന ബ്രത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാൻ കഴിയുക. എന്നാൽ ലഹരി മരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനവും വാനിലുണ്ട്. പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതുൾപ്പെടെ 35 കേസുകൾ പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊഴിഞ്ഞാമ്പാറ സിഐ വി.കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം ഗ്രേഡ് എസ്ഐ ഇ.സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർ പി.ഋഷികേശ്, ആർ.ജയപ്രകാശ്, ആർ.റിയാസുദ്ദീൻ, എസ്.കാജാ ഹുസൈൻ, എസ്.പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com