ADVERTISEMENT

മുതലമട ∙ നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു പണം തട്ടിയതിന്റെ തുടർച്ചയാണു ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനു പിന്നിലെന്നു പൊലീസ്. മുതലമട പള്ളത്തെ കബീറിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ പൊലീസ് പിടിയിലായ മധുര മേലൂർ ഗോമതിയാപുരത്തെ ശിവ (44), പുതുപുതുക്കാൻപെട്ടിയിൽ വിജയ് (26), വെള്ളനാഥൻപെട്ടിയിൽ ഗൗതം (25), എന്നിവരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ചു വിവരം ലഭിച്ചത്.

തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മധുര സ്വദേശികളെ അറസ്റ്റ് ചെയ്തു ചിറ്റൂർ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നു റിമാൻഡ് ചെയ്തു. നിധിയുണ്ടെന്നു പറഞ്ഞു മൂവരിൽ നിന്നും 30 ലക്ഷത്തോളം രൂപ കബീറും സുഹൃത്തുക്കളും ചേർന്നു തട്ടിയെടുത്തിരുന്നു.
ഇതു തിരികെ ലഭിക്കാതായതിനെത്തുടർന്ന് ഇവർ കാറിൽ മുതലമട മാമ്പള്ളത്തു കാത്തു നിൽക്കുകയും അതുവഴി വന്ന കബീറിനെയും സുഹൃത്ത് അബ്ദുൽറഹ്മാനെയും കാറിടിച്ചു വീഴ്ത്തുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ കബീറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്ന വ്യാജേന കാറിൽ കയറ്റി, കൂടെക്കയറാൻ ശ്രമിച്ചവരെ തള്ളിമാറ്റി ഇവർ കാറുമായി പോയി.

അബ്ദുൽ റഹ്മാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മീനാക്ഷിപുരത്തു കാർ തടഞ്ഞു മൂവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇവരെ കൊല്ലങ്കോട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കബീർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിധിയുണ്ടെന്നും അതു ലഭിക്കാൻ പൂജ നടത്തണമെന്നും പറഞ്ഞു കബീറും സുഹൃത്തുക്കളും ചേർന്നു 30 ലക്ഷം തട്ടിച്ചുവെന്നു പൊലീസ് അറസ്റ്റ് ചെയ്ത മധുര സ്വദേശികൾ നൽകിയ മൊഴി നൽകി.

പൊലീസ് പറയുന്നത്: 3 വർഷം മുൻപു ശിവയുടെ അയൽവാസിയായ വെങ്കിടേഷിന്റെ വീട്ടിലെ പറമ്പിൽ നിധിയുണ്ടെന്നു മധുരയിൽ താമസിക്കുന്ന ദിലീപ് പറഞ്ഞു വിശ്വസിപ്പിക്കുകയും ആ നിധി കണ്ടെടുക്കുന്നതിനു മലയാളികളായ 3 സ്വാമിമാരെ കൂട്ടിക്കൊണ്ടു വരാമെന്നു പറയുകയും ചെയ്തു.ശിവ, വിശാലാക്ഷി എന്നിവരെ കൂട്ടി ദിലീപ് കൊഴിഞ്ഞാംപാറയിലുള്ള സിറാജിന്റെ വീട്ടിലെത്തി. അവിടെ സിറാജിനെ കൂടാതെ കബീർ, റഹീം എന്നിവരും ഉണ്ടായിരുന്നു. ഇവർ 3 പേരും സ്വാമിമാരായി അഭിനയിച്ചു.

അന്നുതന്നെ രണ്ടര ലക്ഷം രൂപ വിജയിൽ നിന്നു കൈപ്പറ്റി. ദിവസങ്ങൾക്കു ശേഷം കഴിഞ്ഞു കബീർ, റഹിം സിറാജ് എന്നിവർ മധുരയിൽ വെങ്കിട്ട് എന്നയാളുടെ വീട്ടിലെത്തി പൂജ നടത്തി പറമ്പിൽ നിന്ന് ഒരു വിഗ്രഹവും കുറെ ചെമ്പു തകിടുകളും കുഴിച്ചെടുത്ത് ശിവയുടെയും സുഹൃത്തുക്കളുടെയും വിശ്വാസം നേടി. പൂജ തുടർന്നു നടത്തി നിധി കണ്ടെടുക്കുന്നതിനു പല സമയങ്ങളിലായി വിജയ്, ശിവ, ഗൗതം എന്നിവരിൽ നിന്നു 30 ലക്ഷത്തോളം രൂപ കബീറും സുഹൃത്തുക്കളും ചേർന്നു തട്ടിയെടുത്തു.നിധി കണ്ടെടുക്കണമെന്നു നിർബന്ധം പറഞ്ഞപ്പോൾ ഇനിയും പൂജ നടത്തണമെന്നും അതിനു പണം ആവിൃശ്യമാണെന്നും പറഞ്ഞു.

പൂജ തുടർന്നു നടത്തിയില്ലെങ്കിൽ മരണം സംഭവിക്കുമെന്നും വിശ്വസിപ്പിച്ചു. പണം തിരികെ കിട്ടുന്നതിനായി 2 വർഷം മുൻപു കൊഴിഞ്ഞാംപാറയിൽ എത്തിയ ശിവ, സിറാജിന്റെ കാർ തടഞ്ഞു കേടു വരുത്തിയ സംഭവം ഉണ്ടായെങ്കിലും പരാതിയുമായി മുന്നോട്ടു പോകാൻ രണ്ടു വിഭാഗങ്ങളും തയാറായിരുന്നില്ല. പിന്നീട് മധ്യസ്ഥർ ഇടപ്പെട്ടതിനെത്തുടർന്നു കബീറും സുഹൃത്തുക്കളും പണം തിരികെ കൊടുക്കാം എന്നു ധാരണയിലെത്തി. എന്നാൽ, പണം കിട്ടാതെ വന്നപ്പോഴാണു തട്ടിക്കൊണ്ടു പോയി പണം വാങ്ങാൻ തീരുമാനിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com