കാളപൂട്ടിന് എത്തിയവർക്കു നേരെ പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

HIGHLIGHTS
  • കോട്ടോപ്പാടത്തെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്
 കച്ചേരിപ്പറമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഹംസ, അഫ്സൽ.
കച്ചേരിപ്പറമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഹംസ, അഫ്സൽ.
SHARE

മണ്ണാർക്കാട്∙ കോട്ടോപ്പാടം കച്ചേരിപ്പറമ്പിൽ കാളപൂട്ടിന് എത്തിയവർക്കു നേരെ പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പരുക്കേറ്റ കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി മൂന്നംഗ കാട്ടാനക്കൂട്ടം ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്. ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച്  ഓട്ടോയ്ക്കു നേരെ ആന പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി  ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണാണു പരുക്കേറ്റത്.  

1. കാട്ടാനകളുടെ ആക്രമണത്തിൽ കച്ചേരിപ്പറമ്പിൽ ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നടത്തിയ പ്രതിഷേധം. 2. പ്രതിഷേധത്തെ തുടർന്ന് രാത്രി സ്ഥലത്തെത്തിയ മണ്ണാർക്കാട് പൊലീസ് നാട്ടുകാരുമായി ചർച്ച നടത്തുന്നു.
1. കാട്ടാനകളുടെ ആക്രമണത്തിൽ കച്ചേരിപ്പറമ്പിൽ ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നടത്തിയ പ്രതിഷേധം. 2. പ്രതിഷേധത്തെ തുടർന്ന് രാത്രി സ്ഥലത്തെത്തിയ മണ്ണാർക്കാട് പൊലീസ് നാട്ടുകാരുമായി ചർച്ച നടത്തുന്നു.

ഇതിനു ശേഷമാണ് നൂറുകണക്കിന് ജനങ്ങളും ഉച്ചഭാഷിണിയും ളള്ള കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനക്കൂട്ടം എത്തിയത്. പൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നിൽക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി. ഓടുന്നതിനിടെ വീണ ഹംസയെ ആന  ആക്രമിച്ചെങ്കിലും  അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഹംസയുടെ നിലവിളി കേട്ട് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി. ഓട്ടോ ഡ്രൈവർക്കു നേരെ ആന പാഞ്ഞടുത്ത റോഡിലൂടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകാറുള്ളതാണ്. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.

പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്ര പരിസരത്ത്  ഇന്നലെ ആന ഇടഞ്ഞപ്പോൾ. ആന മറിച്ചിട്ട വാനും കാണാം.
പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്ര പരിസരത്ത് ഇന്നലെ ആന ഇടഞ്ഞപ്പോൾ. ആന മറിച്ചിട്ട വാനും കാണാം.

കച്ചേരിപ്പറമ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം

കച്ചേരിപ്പറമ്പിൽ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക് പറ്റിയ സംഭവത്തെ തുടർന്ന് നാട്ടുകാർ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു നിരന്തരമായി കാട്ടാനകളുടെ ശല്യം നേരിടുന്ന പ്രദേശത്ത് കൃഷി നശിപ്പിക്കുന്നത് പതിവാണെങ്കിലും പകൽ പോലും ആളുകൾക്ക് നേരെ കാട്ടാനകൾ ആക്രമണം നടത്തിയതോടെയാണു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. വിവരം അറിഞ്ഞ് മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ. സുബൈറിന്റെ നേതൃത്വത്തിൽ ആർആർടി സംഘവും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നാലരയോടെ സ്ഥലത്തു നിന്നും മടങ്ങാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ പ്രശ്നത്തിന് പരിഹാരം ഉറപ്പു നൽകണമെന്നും, ഡിഎഫ്ഒ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടുമാണ് നാട്ടുകാർ തടഞ്ഞത്. രാത്രി ജനപ്രതിനിധികളും‍, മണ്ണാർക്കാട് പൊലീസ് സംഘവും സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ഇന്ന് അഞ്ച് മണിക്ക് ഡിഎഫ്ഒ സ്ഥലത്തെത്തും എന്ന് ഉറപ്പ് നൽകി. എട്ടരയോടെ നാട്ടുകാർ പിരിഞ്ഞുപോയി

കട്ടക്കലിപ്പിൽ ഒരു നാട്ടാനയും

പുഞ്ചപ്പാടം പുളിയങ്കാവ് അയ്യപ്പക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പുന്നാംപറമ്പ് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ച് കൊണ്ടു വന്ന  കൊളക്കാടൻ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്.  

പാലക്കൊമ്പ് എഴുന്നള്ളിപ്പുമായി പുളിയങ്കാവ് അയ്യപ്പക്ഷേത്രത്തിലേക്ക് എത്തിയപ്പോഴാണ് ആന അനുസരണക്കേട് കാട്ടിയത്. മുകളിൽ ഉണ്ടായിരുന്ന ഒരാൾ മരത്തിൽ പിടിച്ചു കയറിയും മറ്റൊരാൾ ചാടിയിറങ്ങിയും രക്ഷപ്പെട്ടു. അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയുടെ വാൻ ആന മറിച്ചിട്ടു. ഒന്നര മണിക്കൂറിനു ശേഷമാണ് തളയ്ക്കാനായത്.ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി വിഛേദിച്ചു

ഒടുവങ്ങാട് ഒറ്റയാൻ

Palakkad News

ഒടുവങ്ങാട് മേഖലയിൽ ഒറ്റയാൻ വിളയാട്ടം. ജനവാസ കേന്ദ്രത്തിൽ വിഹരിച്ച കാട്ടാന ഭീതി പരത്തി. പാലിയാറ്റിൽ, തിരുത്തിനി, കളത്തിൽത്തൊടി, ആലിങ്കൽ പ്രദേശങ്ങളിലാണ് കാട്ടാന തുടർച്ചയായി എത്തുന്നത്. വീടുകൾ തോറും കയറി ഇറങ്ങുന്ന ഒറ്റയാൻ പരക്കെ കൃഷി നാശം വിതച്ചു.  രാത്രി ഒൻപതോടെ നാട്ടിലെത്തുന്ന ആന പുലരും വരെ തേർവാഴ്ച നടത്തുന്നതായി പ്രദേശവാസികൾ പറയുന്നു. കാട് കയറാൻ കൂട്ടാക്കാതെ ആന ജനത്തിന്റെ ഉറക്കം കെടുത്തുന്നു. വനപാലക സംഘവും രാത്രി ആനയെ തുരത്താൻ രംഗത്തുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS