നെന്മാറ∙ കെഎസ്ആർടിസി ബസിനു മുന്നിൽ അപകടകരമായി ബൈക്ക് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ 6ന് വടക്കഞ്ചേരിയിൽനിന്നു ഒലിപ്പാറയിലേക്കു പോയ ബസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിൽ സാവധാനം ബൈക്ക് ഓടിച്ചും ഇടയ്ക്കിടെ ബ്രേക്കിട്ടുമായിരുന്നു കെഎസ്ആർടിസിയുടെതന്നെ ഡ്രൈവറായ ശശികുമാറിന്റെ അഭ്യാസം. പേഴുംപാറ മുതൽ ഈ രീതിയിൽ 6 കിലോമീറ്റർ ബൈക്ക് ഓടിച്ചയാളെ കരിമ്പാറ കവലയിൽ നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.
തുടർന്ന്, പിന്നാലെ എത്തിയ കെഎസ്ആർടിസി ബസ് ജീവനക്കാരും ഇടപെട്ടു താക്കീതു നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം വടക്കഞ്ചേരി ഡിപ്പോയിൽ അറിയിക്കുകയും ചെയ്തു.