ADVERTISEMENT

കോങ്ങാട് ∙ കഥകളി രംഗത്തെ അഭിനയ കുലപതി കലാമണ്ഡലം വാസു പിഷാരടിക്കു യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മുണ്ടൂർ വഴുക്കപ്പാറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. മകൾ ശ്രീകലയുടെ സാന്നിധ്യത്തിൽ, മകൻ ഉണ്ണിക്കൃഷ്ണൻ ചിതയ്ക്കു തീ പകർന്നു. വി.കെ.ശ്രീകണ്ഠൻ എംപി, കലാമണ്ഡലം റജിസ്ട്രാർ ഡോരാജേഷ് കുമാർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കലാമണ്ഡലം ഗോപി, കലാമണ്ഡലം കെ.ജി.വാസുദേവൻ, സദനം കൃഷ്ണൻകുട്ടി, കോട്ടയ്ക്കൽ മധു, കലാമണ്ഡലം രാമചാക്യാർ, കലാനിലയം ഉണ്ണിക്കൃഷ്ണൻ‌, കലാമണ്ഡലം സോമൻ,‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി.സേതുമാധവൻ, കോങ്ങാട് പഞ്ചായത്ത് അധ്യക്ഷൻ വി.അജിത് തുടങ്ങി യവർ അന്ത്യോപചാരം അർപ്പിച്ചു.

കഥകളി ജീവനായിരുന്ന പിഷാരടിയുടെ വേർപാട് കലാ മേഖലയ്ക്കു തീരാ നഷ്ടമായി. പച്ച, കത്തി, മിനുക്ക് വേഷങ്ങൾ ഒരുപോലെ മനോഹരമാക്കാന്‍ വാസു പിഷാരടിക്കു കഴിഞ്ഞു. ആസ്വാദകർക്ക് ഓർത്തുവയ്ക്കാൻ ഒട്ടേറെ ധന്യ മുഹൂർത്തങ്ങൾ ബാക്കിയാക്കിയാണു കലാരംഗത്തെ കരുത്തൻ വിടവാങ്ങിയത്. നാടിന്റെ കലാ, സാംസ്കാരിക രംഗത്ത് തലപ്പൊക്കത്തിൽ ആയിരുന്നു പിഷാരടിയുടെ സ്ഥാനം. വീര ശൃംഖല നൽകൽ, ഷഷ്ടിപൂർത്തി ആഘോഷം, ഒടുവിൽ കഴിഞ്ഞ മാസം 19ന് ഗുരുനാഥന്റെ പേരിൽ ലഭിച്ച വാഴേങ്കട കു‍‍ഞ്ചുനായർ സംസ്തുതി സമ്മാൻ പുരസ്കാരം നൽകൽ എന്നിവ സ്വന്തം തട്ടകത്തിൽ ആഘോഷ നിറവിൽ ആണു നടന്നത്.

കു‍ഞ്ചുനായരുടെ പ്രിയ ശിഷ്യനായിരുന്ന പിഷാരടിക്കു വിയോഗത്തിന് ഏതാനും നാൾ മുൻപ് ലഭിച്ച അംഗീകാരം നിമിത്തമായി. അന്നു പുരസ്കാരം സമ്മാനിച്ച കലാമണ്ഡലം ഗോപി, ഗുരുവിന്റെ അനുഗ്രഹം കൂടിയാണ് ഈ സമ്മാനം എന്നു പ്രത്യേകം പറയുകയും ചെയ്തു. ശാരീരിക അവശതകൾ ഉണ്ടായിരുന്നെങ്കിലും പുരസ്കാര വേദിയിൽ പ്രസന്നവദനനായി പിഷാരടിയെ കാണാനായി. അര നൂറ്റാണ്ടിലേറെ കാലം കലാരംഗത്തു നിറഞ്ഞുനിന്ന കലാകാരനാണ്. വാഴേങ്കട കു‍ഞ്ചുനായർ ശൈലി അതേപടി അവലംബിച്ചു. ഗുരു ശൈലി പിന്തുടരുന്ന താവഴിയിലെ അവസാന കണ്ണികളിൽ ഒരാൾ കൂടിയാണു പിഷാരടി. 

പുസ്തകത്തിലുണ്ട് കളിയുടെ പാഠങ്ങൾ

വാസു പിഷാരടി രചിച്ച രംഗ നൈഷധം എന്ന പുസ്തകം ശ്രദ്ധേയമാണ്. നളചരിതം ആദ്യം മുതൽ അവസാനം വരെ എങ്ങനെ കളിക്കണമെന്ന് ഇതിൽ കൃത്യമായി വിവരിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കഥകളി കലാകാരന്മാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. അദ്ദേഹം ആദ്യമായി കല അഭ്യസിപ്പിച്ചത് കലാമണ്ഡലം ഹരിദാസിനെയാണ്. അവസാനമായ കല അഭ്യസിപ്പിച്ചത് ഡോ.ഹരിപ്രിയ നമ്പൂതിരിയെ. 20 വർഷം മുൻപാണ് ഇവർ ആശാന്റെ കീഴിൽ പഠനം തുടങ്ങിയത്.

തുടർന്ന് വർഷങ്ങളോളം തികച്ചും ഗുരുകുല സമ്പ്രദായത്തിൽ ഹരിപ്രിയ നമ്പൂതിരി കഥകളി പഠനം തുടർന്നു. ഇപ്പോൾ അറിയപ്പെടുന്ന കലാകാരിയാണ്. സ്ത്രീകളെ കഥകളി അഭ്യസിപ്പിക്കാൻ അത്ര താൽപര്യം ഇല്ലാത്ത കാലത്താണ് പിഷാരടി സ്വന്തം വീട്ടിൽ താമസിപ്പിച്ച് കലാ പഠനത്തിന് അവസരം നൽകിയത്. കാലിൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീണ്ടും കുചേലനായി വേഷമിട്ടു വാസു പിഷാരടി അരങ്ങിനെ അത്ഭുതപ്പെടുത്തിയതും ചരിത്രം. 

കഥകളിയിൽ കുലീന സംസ്കാരത്തിന്റെ ഉടമയായിരുന്നു ആശാൻ. അരങ്ങിൽ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും ആ സംസ്കാര മഹിമയാണു തുറന്നുകാണിക്കുന്നതെന്ന് എഴുത്തുകാരനും പിഷാരടിയുടെ ശിഷ്യനുമായ വിനു വാസുദേവൻ പറഞ്ഞു. വാസു പിഷാരടിയുടെ കഥകളി ജീവിതം ആസ്പദമാക്കി വിനു വാസുദേവൻ ‘വിജനേ ബത’ എന്ന പേരിൽ ഡോക്യുമെന്ററി അടുത്തകാലത്താണു തയാറാക്കിയത്. പിഷാരടിയുടെ ഇഷ്ട കഥാപാത്രമായ നളചരിതത്തിലെ ബാഹുകന്റെ അവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഇതിലെ ഉള്ളടക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com