ADVERTISEMENT

ഒറ്റപ്പാലം∙ ഡോ.പി.എം.മാധവൻ ചിലർക്കു മാധവൻ സാറായിരുന്നു. ചിലർക്കു മാധവൻ ഡോക്ടർ. സമപ്രായക്കാരായ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാധവൻ. ഇളമുറക്കാർക്കു മാധവേട്ടൻ. അത്രമേൽ പ്രിയപ്പെട്ടവരിൽ ചിലർ സ്നേഹപൂർവം ‘മാട്ടൻ’എന്നും വിളിച്ചു. സൗമ്യവും സ്നേഹവും തുളുമ്പുന്ന ചിരിയോടെ ആ വിളികൾ കേൾക്കാൻ, കവളപ്പാറ പുത്തൻ മഠത്തിൽ മാധവൻ, ഇനിയില്ല. മനഃസുഖം തേടി വന്നിരുന്ന ആയിരക്കണക്കിനു മനുഷ്യരുടെ മനസ്സിൽനിന്നു വിഷാദത്തിന്റെയും വിഭ്രാന്തിയുടെയും വേരുകൾ പറിച്ചു കളഞ്ഞ ന്യൂറോ സൈക്യാട്രിസ്റ്റാണ് പി.എം.മാധവൻ. കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം പലരും അദ്ദേഹത്തിന്റെ ചികിത്സ തേടി ഒറ്റപ്പാലത്തെത്തിയിരുന്നു. 

കോഴിക്കോട് മെഡിക്കൽ കോളജിലെയും റാഞ്ചിയിലെയും പഠനം കഴിഞ്ഞ് പുതുച്ചേരി ജിപ്മറിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. റാഞ്ചിയിൽ നിന്നു നേടിയ എംഡിക്ക് സ്വർണമെഡലിന്റെ തിളക്കവുമുണ്ടായിരുന്നു. നാട്ടിൽ, ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിലാണു ചികിത്സ തുടങ്ങിയത്. പിന്നീട് ഒറ്റപ്പാലത്തു  ജീവിതമുറപ്പിച്ചു. വിദേശരാജ്യങ്ങളിലുൾപ്പെടെ ഒ‌ട്ടേറെ വേദികളിൽ അദ്ദേഹം മനഃശാസ്ത്ര സംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വിദേശയാത്രകൾക്കിടെ ഒരിക്കൽ, ശ്രീലങ്കയിൽ വച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ കാലുകൾക്കു തളർച്ച അനുഭവപ്പെ‌ട്ടത്. പിന്നീട്, പടികൾ കയറാൻ പ്രയാസമായി.  പേശികളെ ബാധിച്ച ബലക്ഷയം പലതവണ അദ്ദേഹത്തെ വീഴ്ത്തി.  കാലുകളിൽ പൊട്ടലുകളുണ്ടായി. 

കാലക്രമേണ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത നിലയിലായി. അപ്പോഴും വിഷാദികളുടെ ഭിഷഗ്വരൻ സ്വന്തം വിഷാദം  പുറത്തു കാണിച്ചില്ല. കി‌ടപ്പുമുറിയിലെ കട്ടിലിലിരുന്നു ചിരി മായാത്ത മുഖവുമായി  രോഗികളെ പരിചരിച്ചു. മോട്ടർ ഘടിപ്പിച്ച ചക്രക്കസേരയും ചക്രക്കസേര കയറ്റാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ച വാഹനവുമായി സുഹൃത്തുക്കളോടൊപ്പം പോകാറുള്ള യാത്രകളിലും സ്വന്തം വീട്ടിൽ പ്രിയ സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകളിലുമാണ് അദ്ദേഹം തന്റെ  തളർന്ന ശരീരത്തെ മനസ്സുകൊണ്ട് എഴുന്നേൽപിച്ചു നിർത്തിയിരുന്നത്.  

ഒരിക്കൽ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയ നടൻ മോഹൻലാലിനോട്, അംഗപരിമിതർക്കു സിനിമാ തിയറ്ററുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലേക്കു കയറാൻ ആവശ്യമായ സൗകര്യമില്ലാത്ത പ്രശ്നം ഡോക്ടർ ചൂണ്ടിക്കാട്ടി. അക്കാര്യം മോഹൻലാൽ തന്റെ ബ്ലോഗിൽ  എഴുതിയിരുന്നു. ഏഴു വർഷത്തോളം ചക്രക്കസേരയെ ആശ്രയിച്ച ഡോക്ടർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിച്ചിരുന്നു. വീൽ ചെയറിലാണ് ഒറ്റപ്പാലം എൻഎസ്എസ് ഹൈസ്കൂളിലെ പോളിങ് ബൂത്തിലേക്കെത്തിയത്. കുടുംബ സുഹൃത്തു കൂടിയായ സംവിധായകൻ ജയരാജിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, കഴിഞ്ഞമാസം തിയറ്ററുകളിൽ റിലീസ് ചെയ്ത ‘ഹാസ്യം’ സിനിമയിൽ‍ അഭിനയിച്ചത്. നേരത്തേ, രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. 

ഹരിശ്രീ അശോകൻ ജപ്പാൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹാസ്യത്തിൽ‍ ഡോ.മുകുന്ദൻ വാണിയംകുളം എന്ന കഥാപാത്രമായാണു ഡോക്ടർ അഭിനയിച്ചത്. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം അവശേഷിപ്പിച്ചാണു ഡോ.പി.എം.മാധവൻ വിട വാങ്ങിയത്. സംവിധായകൻ ജയരാജിന്റെ പൂർണ പിന്തുണയോടെ സിനിമാ സംവിധാനത്തിനു തയാറെടുക്കുന്നതിനിടെ  ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com