ഉണർത്തുപാട്ടായി ‘ഉണർവ് 2022’

പൊന്നാണ് ഈ ടീച്ചർ...ധോണി ലീഡ് കോളജിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഒറ്റപ്പാലം ജിവിഎച്ച്എസ്എസ് ഡെഫ് സ്കൂളിലെ വൈഗാ ശങ്കറിനും അശ്വിൻ കൃഷ്ണനും പാട്ട് ആഗ്യത്തിലൂടെ കാണിച്ചു കൊടുക്കുന്ന അധ്യാപിക ഗീത. ഗീതയുടെ ചലനങ്ങൾ ശ്രദ്ധിച്ചാണു മത്സരാർഥികൾ ചുവടുവച്ചത്. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ ആ കയ്യടികൾക്കു വാത്സല്യത്തിന്റെ താളമായിരുന്നു. ആ താളത്തിൽ അവർ വേദിയി‍ൽ ചുവടുകൾ തീർത്തു. താളം ഇടറാതിരിക്കാൻ വേദിക്കു താഴെ അധ്യാപകരും കൈമുദ്രകൾ തീർത്തു. എല്ലാം കണ്ടു സദസ്സ് മനം നിറഞ്ഞാഘോഷിച്ചു. ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു ശാരീരിക, മാനസിക വ്യത്യസ്തത പുലർത്തുന്നവർക്കായി സാമൂഹികനീതി വകുപ്പും, ഭിന്നശേഷിക്കാരെ കരുതലോടെ കാക്കുന്ന സ്ഥാപനങ്ങളും അധ്യാപകരും സംഘടനകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നൊരുക്കിയ ഉണർവ് 2022 മേള നാടിന്റെ ഉണർത്തുപാട്ടായി.

ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റിലായിരുന്നു ഇത്തവണ കലാമേള. അവിടത്തെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ സഹായികളായി എത്തിയതോടെ കലാമേള കലോത്സവമായി. നൃത്ത, രചനാ മത്സരങ്ങൾ ഉൾപ്പെടെ എല്ലാം അരങ്ങേറി. മക്കളുടെ കലാപരിപാടികൾ കാണാൻ അച്ഛനമ്മമാരും മുത്തശ്ശിമാരും എത്തിയിരുന്നു.സബ് കലക്ടർ ഡി.ധർമലശ്രീ പതാക ഉയർത്തി. ജില്ലയിലെ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 350 വിദ്യാ‍ർഥികൾ പങ്കെടുത്തു. കോട്ടപ്പുറം ഹെലൻ കെല്ലർ സെന്റിനറി മെമ്മോറിയൽ മോഡൽ സ്കൂൾ ഫോർ ദ് ബ്ലൈൻഡ് ചാംപ്യൻമാരായി. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. സമാപനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹിക നീതി ഓഫിസർ കെ.എം.ഷെരീഫ് ഷൂജ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ജില്ലാ അംഗം സുമലത മോഹൻദാസ്, ജില്ലാ പ്രബേഷൻ ഓഫിസർ കെ.ആനന്ദൻ, ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റ് പ്രിൻസിപ്പൽ ഡോ.കെ.തോമസ് ജോർജ്, ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് എം.എ.അബ്ദുൽ കരീം, കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് വി.എൻ.ചന്ദ്രമോഹൻ, സേവ് ദ് ഫാമിലി ജില്ലാ കോ ഓർഡിനേറ്റർ കാദർ മൊയ്തീൻ, സംസ്ഥാന ഭിന്നശേഷി ഏകോപന സമിതി സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ, ഹാൻഡികാപ്ഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധി കെ.എം.ഹാരിസ്, പരിവാർ സെക്രട്ടറി പി.രമണൻ, കേരള വികലാംഗ ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് പ്രമോദ് എലപ്പുള്ളി, കെഎസ്എസ്എം ജില്ലാ കോ ഓ‍ർഡിനേറ്റർ മൂസ പതിയിൽ എന്നിവർ പ്രസംഗിച്ചു.  

എല്ലാമേ സംഗീതം താൻ....

അതു പ്രകൃതിയുടെ സംഗീത താളമായിരുന്നു. മനുഷ്യരിൽ മാത്രമല്ല സകല ചരാചരങ്ങളിലും ആ താളം ഉണ്ട്, സംഗീതം ഉണ്ട്. പൂച്ച കരയുന്നതിലും പട്ടി കുരയ്ക്കുന്നതിലും സംഗീതമുണ്ട്. അതു തിരിച്ചറിയണമെന്നു മാത്രം. ട്രെയിൻ കുതിക്കുമ്പോൾ അത് ചടുല താളത്തിലുള്ള സംഗീതമാകും. ഇത്തരത്തിൽ സംഗീതത്തിന്റെ ‘കാണാരാഗങ്ങൾ’ മിമിക്രിയിലൂടെ അരങ്ങിലെത്തിയപ്പോൾ സദസ്സിൽ നിലയ്ക്കാത്ത കയ്യടി. ഭിന്നശേഷി ദിനാചരണ കലാമേളയിൽ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക മാതൃകാ വിദ്യാലയത്തിലെ 8ാം ക്ലാസ് വിദ്യാർഥി റിജിൽ ആണു സംഗീതത്തിന്റെ വേറിട്ട ശ്രുതികൾ മീട്ടിയത്. തൃശൂർ സ്വദേശിയായ റിജിലിന്റെ സഹോദരൻ വിജിലും മേളയിൽ കവിതാപാരായണത്തിനെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS