സ്വപ്നക്കൂടൊരുക്കി, ഹക്കീമിന്റെ സ്വപ്നങ്ങൾ ബാക്കിയായി

HIGHLIGHTS
  • ധീരജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുടുംബം
മുഹമ്മദ് ഹക്കീം.
മുഹമ്മദ് ഹക്കീം.
SHARE

പാലക്കാട് ∙ മുഹമ്മദ് ഹക്കീമിന്റെ യൂണിഫോം നെഞ്ചോടു ചേർത്തു റംസീന തേങ്ങിക്കരയുമ്പോൾ ഉമ്മ എന്തിനാണു കരയുന്നതെന്നു 4 വയസ്സുകാരി അഫ്സിനയുടെ നിഷ്കളങ്കമായ ചോദ്യം റംസീനയുടെ സങ്കടം കൂട്ടിയതേയുള്ളു. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ്.മുഹമ്മദ് ഹക്കീമിന്റെ വേർപാട് ഉൾക്കൊള്ളാൻ കുടുംബാംഗങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് ഹക്കീമിന്റെ കബറിൽ വൃക്ഷത്തൈ നട്ട ശേഷം സല്യൂട്ട് നൽകുന്ന പറവൂർ ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്‌കൃതി സ്‌കൂളിലെ കുട്ടികൾ. 	ചിത്രം: മനോരമ
മുഹമ്മദ് ഹക്കീമിന്റെ കബറിൽ വൃക്ഷത്തൈ നട്ട ശേഷം സല്യൂട്ട് നൽകുന്ന പറവൂർ ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്‌കൃതി സ്‌കൂളിലെ കുട്ടികൾ. ചിത്രം: മനോരമ

ആഗ്രഹിച്ചു പണികഴിപ്പിച്ച വീട്ടിൽ കൊതി തീരുവോളം താമസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലല്ലോയെന്നു മുറിഞ്ഞ വാക്കുകളിൽ റംസീന പറഞ്ഞുകൊണ്ടിരുന്നു. ഇതുവരെയുള്ള സമ്പാദ്യവും ബാങ്ക് വായ്പയുമെടുത്താണു ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗറിൽ ഹക്കീം വീടു പണിതത്. 15 ലക്ഷം രൂപയുടെ കടമുണ്ട്. ജോലിയില്ലാത്ത റംസീനയുടെ മുന്നിൽ കടബാധ്യതയും വെല്ലുവിളിയാണ്.

‘രാജ്യത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിച്ചതും മരിച്ചതും. അതിൽ ഞങ്ങൾക്കു അഭിമാനമുണ്ട്. ബാപ്പയില്ലാത്ത സങ്കടം അറിയിക്കാതെ മോളെ വളർത്തണമെന്ന ഒറ്റ ആഗ്രഹമേയുള്ളു’. ഹക്കീമിന്റെ യൂണിഫോം നെഞ്ചോടു ചേർത്തു റംസീന പറഞ്ഞു.

ആദരമർപ്പിച്ച് സൈനിക് സ്കൂൾ വിദ്യാർഥികൾ

പാലക്കാട് ∙ വീരസൈനികനുള്ള നിത്യസ്മാരകമായി ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആ മാവിൻ തൈ വളരും. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ്.മുഹമ്മദ് ഹക്കീമിന് ആദരാഞ്ജലി അർപ്പിച്ചാണു എറണാകുളം പറവൂർ ഇളന്തിക്കര ജനറൽ ബിപിൻ റാവത് സൈനിക് സംസ്കൃതി സ്കൂളിലെ വിദ്യാർഥികൾ ഞായറാഴ്ച രാവിലെ മാവിൻതൈ നട്ടത്.

സൈനിക പരിശീലന വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം ഖബർസ്ഥാനിൽ എത്തി ആദര സൂചകമായി സല്യൂട്ടും നൽകി. മുഹമ്മദ് ഹക്കീമിന്റെ ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗർ ദാറുസലാം വീട്ടിലെത്തിയ സംഘം സൈനികന്റെ ഭാര്യ പി.യു.റംസീനയെയും മകൾ അഫ്സിന ഫാത്തിമയെയും ആശ്വസിപ്പിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികൻ നാടിന് അഭിമാനമാണെന്നു വിദ്യാർഥികൾ പറഞ്ഞു.

സൈനിക സിലബസ് പിന്തുടരുന്ന സ്കൂളിലെ കുട്ടികളുമായി വീരമൃത്യു വരിച്ച സൈനികരുടെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിക്കാറുണ്ടെന്നു സ്കൂൾ ചെയർമാൻ കെ.കെ.അമരേന്ദ്രൻ പറഞ്ഞു. പ്രിൻസിപ്പൽ എൻ.ശ്രീലക്ഷ്മി, അധ്യാപകരായ ഷീജ അനിൽ, ശ്രുതി സനോജ്, സുഗിഷ കൊച്ചത്, ജിബി നക്കര എന്നിവർ നേതൃത്വം നൽകി. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ് മോഹനൻ എന്നിവരും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS