ADVERTISEMENT

പാലക്കാട് ∙ റോഡ് നന്നാക്കുന്നത് കണ്ടപ്പോൾ  സന്തോഷിച്ചെങ്കിലും കോഴിക്കോട്–പാലക്കാട് ദേശീയപാത 966 ൽ ടോൾ പിരിവു പിറകേ വരുമെന്ന് കരുതിയില്ല. ദീർഘദൂര യാത്രക്കാരെക്കാൾ സ്ഥിരം യാത്രക്കാരുള്ള റൂട്ടിൽ ടോൾ വരുന്നതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. പാലക്കാട്ടേക്കു ജോലിക്കും കച്ചവടത്തിനുമായി പോകുന്നവരാണ് ഈ പാതയിലെ യാത്രക്കാരിലേറെ.  താണാവു മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്റർ ദൂരം കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ 289 കോടി രൂപ ഫണ്ട് ഉപയോഗിച്ചു നവീകരണം പൂർത്തിയായാലാണു ടോൾ ആരംഭിക്കുക. 100 കോടിയിലേറെ ചെലവുവരുന്ന പദ്ധതികൾക്കെല്ലാം ടോൾ പിരിക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ടോൾ ബൂത്ത് നിർമാണം നടക്കുന്നത്.

 പൊരിയാനി ഐആർടിസിക്കു സമീപത്ത് നാലു വരികൾ വീതമുള്ള രണ്ടു ടോൾ ബൂത്തുകളുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. രണ്ടു ടോൾ ബൂത്തുകളും തമ്മിൽ 100 മീറ്ററിന്റെ വ്യത്യാസമാണുള്ളത്. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കും പാലക്കാട് ഭാഗത്തു നിന്നു വരുന്നവയ്ക്കും വേണ്ടിയാണ് പ്രത്യേക ബൂത്തുകൾ നിർമിക്കുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിബന്ധനപ്രകാരം പ്രോജക്ടിലുള്ളതാണ് ടോൾ ബൂത്തെന്നു കരാർ കമ്പനിയും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗവും പറയുന്നു. ടോൾ പിരിവ് വേണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഇവർ പറയുന്നു.

ടോൾ ബൂത്തേ നി‍ർമിക്കുന്നുള്ളു, ടോൾ പിരിവ് തീരുമാനിച്ചിട്ടില്ലെന്ന് പറയുന്നതു വിശ്വസിക്കാൻ ജനങ്ങൾ മണ്ടൻമാരല്ലെന്നു പ്രദേശവാസിയായ പന്നിയംപാടം സ്വദേശി കെ.സി.സുരേഷ് പറയുന്നു. പിരിവില്ലെങ്കിൽ ഇത്ര തിടുക്കപ്പെട്ട് ബൂത്ത് നിർമാണം പൂർത്തീകരിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ബൂത്ത് നിർമിച്ചിരിക്കുന്നത്. പൊരിയാനിയിൽ ടോൾബൂത്ത് വരുന്നത് കോങ്ങാട് വഴിയുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. 

മുണ്ടൂരിൽ നിന്നു ചെർപ്പുളശ്ശേരി വഴി കോഴിക്കോട്ടേക്കു പോകുന്നവരും പൊരിയാനിയിൽ ടോൾ നൽകേണ്ടി വരും. അതായത് പൊരിയാനിയിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള കോങ്ങാട്ടേക്കു പോകുന്നതിനും 27 കിലോമീറ്റർ അകലെയുള്ള മണ്ണാർക്കാട് പോകാനും ടോൾ നൽകണം. പന്നിയംപാടംപോലെയുള്ള പ്രദേശത്തുകാർ സ്ഥിരമായി പല കാര്യങ്ങൾക്കും മുണ്ടൂരിലേക്കു പോകുന്നവരാണ്. അവരെല്ലാം ടോൾ കൊടുത്ത് കഷ്ടത്തിലാകും.

 ദേശീയപാതയാണെങ്കിലും  മറ്റു ദേശീയപാതകളുടെ വീതിയോ സൗകര്യങ്ങളോ ഈ റോഡിലില്ല. രണ്ടു വരിയിലാണ് പാത . 45 മീറ്റർ വീതം വളരെ കുറച്ചു ഭാഗം മാത്രമേയുള്ളു. മീഡിയൻ ഇല്ല. പലയിടത്തും വീതിക്കുറവ് വാഹനങ്ങളെ ബുദ്ധിമുട്ടിക്കും. മുണ്ടൂർ മുതൽ തൂതവരെ കെഎസ്ടിപി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന പാതയിലും ടോൾ പിരിവ് ഏർപ്പെടുത്തുമോയെന്ന ഭയവുമുണ്ട് ജനങ്ങൾക്ക്. ഈ പാതയിലും ടോൾ ഏർപ്പെടുത്തിയാൽ ഇരട്ടിപ്രഹരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com