ADVERTISEMENT

പാലക്കാട് ∙ സൈനിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്ന് നടന്ന് ഇന്ന് ഒരു വർഷം. ഊട്ടിക്കടുത്ത കുനൂരിൽ 2021 ഡിസംബർ 8നു നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേരാണു മരിച്ചത്.8നു ഉച്ചയ്ക്കു 12.08നായിരുന്നു രാജ്യത്തെ പൊള്ളിച്ച ആ ദുരന്തം. കൂനൂർ കാട്ടേരി നഞ്ചപ്പസത്രം കോളനിക്കു സമീപത്തെ മല മുകളിലെ കൂറ്റൻ മരത്തിലിടിച്ചാണു ഹെലികോപ്റ്റർ കഷണങ്ങളായി തകർന്നു വീണത്.ഹെലികോപ്റ്റർ ഒരു മണിക്കൂറിലേറെ സമയം നിന്നു കത്തി.

6 പേർ സംഭവ സ്ഥലത്തും 7 പേർ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരിച്ചു. ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് 6 ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. അപകടത്തിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന ഓഫിസർ എ.പ്രദീപും മരിച്ചു.ജനറൽ സ‍ഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ‘മി 17 വി 5’  ഹെലികോപ്റ്ററിലാണ് അവർ സഞ്ചരിച്ചിരുന്നത്.അന്നു സംഭവിച്ചത്.8നു രാവിലെ 11.47നു ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടുന്ന സംഘം സുലൂരിലേക്കു ഹെലികോപ്റ്ററിൽ പുറപ്പെടുന്നു. 12.08: ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു.12.25: ജനറൽ സഞ്ചരിച്ച ഹെലികോപ്റ്റർ കൂനൂരിൽ തകർന്ന വിവരം സ്ഥിരീകരിക്കുന്നു.

നടുക്കം മാറാതെ വിജയകുമാർ

തകർന്നു വീണ ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടു നഞ്ചപ്പസത്രം നിവാസികൾ ആദ്യമൊന്നു പേടിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനു മടിച്ചില്ലെന്നു നാട്ടുകാരനായ കെ.വിജയകുമാർ ഓർക്കുന്നു. ' ശരീരത്തിൽ തീ പിടിച്ച പലരും ' ഹെൽപ് മീ ' എന്നു നിലവിളിക്കുന്നുണ്ടായിരുന്നു. ബക്കറ്റിൽ വെള്ളം ശേഖരിച്ച് തീ അണയ്ക്കാനുള്ള ശ്രമമായിരുന്നു ആദ്യം. വീട്ടിൽ നിന്നു പുതപ്പും സാരിയും കൊണ്ടുവന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി.

ഗ്രാമവാസികൾ അറിയിച്ചതനുസരിച്ച് ആദ്യം സ്ഥലത്തെത്തിയത് പൊലീസ് ഉദ്യോഗസ്ഥനായ രവിയാണ്. പിന്നീട് അദ്ദേഹം രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.  ദുരന്തത്തിൽപെട്ടവരെ വീട്ടിലെ പുതപ്പുകളിലും സാരികളിലും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച നഞ്ചപ്പസത്രം ഗ്രാമവാസികൾക്കു കമ്പിളിപ്പുതപ്പുകൾ നൽകിയാണു തമിഴ്നാട് പൊലീസ് നന്ദി അറിയിച്ചത്. തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു നേരിട്ടെത്തിയാണ് കമ്പിളിപ്പുതപ്പുകൾ സമ്മാനിച്ചത്. സൈന്യം ഗ്രാമത്തെ ദത്തെടുത്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കമ്പം വിമാന ദുരന്തത്തിനു നാളെ 51 വയസ്സ്

1971 ഡിസംബർ 9നു 20നു പേരുടെ ജീവനെടുത്ത കമ്പം വിമാന ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് നാളെ 51 വയസ്സ്. 27 യാത്രക്കാരും 4 ജീവനക്കാരുമായി കൊച്ചിയിൽ നിന്നു തിരുവനന്തപുരം മധുര വഴി ചെന്നൈയിലേക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ ആവ്റോ വിമാനം കമ്പത്തിനു സമീപം ചിന്നമന്നൂരിലെ മേഘമല എസ്റ്റേറ്റിൽ തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ 20 പേർ മരിച്ചു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട സഹകരണ സംഘം റജിസ്ട്രാർ കൃഷ്ണൻ നമ്പ്യാരാണു അപകട വിവരം എസ്റ്റേറ്റിലെത്തി അറിയിച്ചത്. തിരുകൊച്ചിയിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ജി.ചന്ദ്രശേഖരൻ പിള്ള, പന്തളം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ.എൻ.ജി.കുറുപ്പ് എന്നിവരും മരിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com