ADVERTISEMENT

കൊടുമ്പ് ∙ ഭക്തിയുടെ നിറപ്രഭയിൽ, ഭാവഗായകന്റെ ഗാനാമൃതച്ചാർത്തിൽ തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്കുത്സവം ആഘോഷിച്ചു. ഗായകൻ പി.ജയചന്ദ്രൻ ആദ്യ കാർത്തികദീപം തെളിയിച്ചതിനു പിന്നാലെ ആയിരങ്ങൾ ക്ഷേത്രത്തിലെ ചുറ്റുവിളക്കിലേക്കു നെയ്ദീപങ്ങൾ പകർന്നു. നെയ്ദീപങ്ങൾ പ്രസാദം ചാർത്തിയ ക്ഷേത്ര സന്നിധിയിൽ 79ന്റെ നിറവിലും ത്രിമധുരം തുളമ്പുന്ന സ്വരങ്ങളാൽ മലയാളത്തിന്റെ ഗായകൻ പാടി ‘ വിഘ്നേശ്വരാ ജന്മ നാളികേരം, നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു.... ഭക്തിയുടെ നിവേദ്യം ചാർത്തുന്ന ഗാനത്തെ ആയിരങ്ങൾ ഹൃദയത്തിലേറ്റി.

തൊട്ടുപിന്നാലെ നെയ്യാറ്റി‍ൻകര വാഴും കണ്ണാ നി‍ൻ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം.. എന്ന ഭക്തിഗാനം കൂടി ഭാവഗായകൻ ആലപിച്ചതോടെ സദസ്സു ഹൃദയം നിറഞ്ഞു തൊഴുതു. എന്നെ ഇഷ്ടപ്പെടുന്ന, എനിക്കുവേണ്ടി പ്രാ‍ർഥിക്കുന്ന നിങ്ങളെപ്പോലുള്ളവരെയാണ് എനിക്കിഷ്ടം എന്ന വാക്കുകളോടെ തന്നെ സ്വീകരിച്ചവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. കാർത്തികവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവാലത്തൂർ രണ്ടു മൂർത്തി ഭഗവതി ക്ഷേത്ര പുരസ്കാരം എക്സിക്യൂട്ടീവ് ഓഫിസർ എം.മണികണ്ഠൻ അദ്ദേഹത്തിനു സമ്മാനിച്ചു.

\കലാകാരൻമാരായ ശിവൻമാരാർ, കോഴിശ്ശേരി സുബ്രഹ്മണ്യൻ നായർ, നടൻ ഷാജു ശ്രീധർ, ഭാര്യ ചാന്ദ്നി എന്നിവരെയും ആദരിച്ചു. പുരസ്കാരം രൂപകൽപന ചെയ്ത മഞ്ജുമേനോനെയും അനുമോദിച്ചു.ക്ഷേത്രം പ്രസിഡന്റ് എം.വി.ഗോകുൽദാസ്, സെക്രട്ടറി ഇ.നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് കെ.ജി.കൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ 

ബി.അനിൽ, ആർ.സുബ്രഹ്മണ്യൻ, പി.എം.തമ്പാൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ മലയാള മനോരമയുമായി സഹകരിച്ചുള്ള കാർത്തിക സംഗീതോത്സവവും നടന്നു.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്നപൂർണി ഗണേശനും സംഘവും അവതരിപ്പിച്ച വയലിൻ ഫ്യൂഷനും അരങ്ങേറി. രാത്രി പള്ളിവേട്ട ചടങ്ങും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com