ADVERTISEMENT

വടക്കഞ്ചേരി∙ ദേശീയപാതയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വഴി തേടി പൊലീസ്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയോരത്തു സര്‍വീസ് റോ‍ഡും പാതയോരങ്ങളും കയ്യേറി ക‌ടകള്‍ സ്ഥാപിക്കുകയും കാഴ്ച മറച്ച് അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം പന്നിയങ്കര ടോള്‍ പ്ലാസ ഇന്‍സിഡന്റ് മേനേജര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു വ‌ടക്കഞ്ചേരി, പീച്ചി, മണ്ണുത്തി സ്റ്റേഷനുകളില്‍ പരാതി നല്‍കി. 

എന്നാല്‍, ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍, ഷീറ്റ് മേഞ്ഞ താല്‍ക്കാലിക കടകള്‍, മതിലുകള്‍, ബാനറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പൊലീസും താല്‍പര്യമെടുക്കുന്നില്ല. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഒക്ടോബര്‍ 10നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് അനധികൃത നിര്‍മാണം നീക്കം ചെയ്യാന്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിക്കു നിര്‍ദേശം നല്‍കി. കരാര്‍ കമ്പനി സ്ഥാപന ഉടമകള്‍ക്കു നോട്ടിസും നല്‍കി. 

എന്നാല്‍ ആരും ഒഴിഞ്ഞുപോകാന്‍ തയാറായിട്ടില്ല. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, പൊലീസും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. പന്തലാംപാടം സ്കൂളിനു മുന്‍പില്‍ സര്‍വീസ് റോ‍ഡില്‍ സ്ഥാപിച്ച കട നീക്കണമെന്നാവശ്യപ്പെട്ടു സ്കൂള്‍ പിടിഎ കമ്മിറ്റി നല്‍കിയ പരാതിയില്‍ കട നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതരും പൊലീസും എത്തിയെങ്കിലും 4 ദിവസത്തെ സാവകാശം കടയുടമ ആവശ്യപ്പെട്ടു. 

തുടര്‍ന്നു രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കട മാറ്റാതെ ഇട്ടിരിക്കുകയാണ്. പൊലീസിനു കട മാറ്റേണ്ടെന്ന നിര്‍ദേശവും നേതാക്കൾ നല്‍കി. ഇതോടെ കടയ്ക്കു മുന്‍പില്‍ വാഹനങ്ങള്‍ ഇടുന്നതും വര്‍ധിച്ചു. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്കു ബസ് കയറാനും പ്രയാസമായി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയില്ല. സര്‍വീസ് റോ‍ഡ് നിര്‍മാണവും പലയിടത്തും നടന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com